മോഹന്‍ലാല്‍ ആദ്യ സിനിമയിലേക്ക് വന്നതിനെ കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. ഒട്ടും താല്‍പര്യമില്ലാതെയാണ് മോഹന്‍ലാല്‍ ഓഡീഷന് പോയതെന്നും തനിക്ക് കിട്ടില്ലെന്നാണ് മോഹന്‍ലാല്‍ കരുതിയിരുന്നതെന്നും മുകേഷ് പറഞ്ഞു. തന്റെ ഫിഗറൊക്കെ കണ്ടിട്ട് ആര് സിനിമയിലെടുക്കാനാണെന്നാണ് അദ്ദേഹം ചോദിച്ചതെന്നുമാണ് മുകേഷ് പറഞ്ഞത്.
ആദ്യത്തെ ഓഡീഷനില്‍ മോഹന്‍ലാലിന് പൂജ്യം മാര്‍ക്ക് നല്‍കിയവര്‍ വരെയുണ്ടെന്നും ഇയാള്‍ ഒരിക്കലും സിനിമയില്‍ വരില്ലെന്ന് പറഞ്ഞെന്നും മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെ പഴയ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു മുകേഷ്.
‘ഫാസില്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ആ സിനിമയുടെ ഓഡീഷന്‍ നടക്കുമ്പോള്‍ പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഒരു പരസ്യം കൊടുത്തിരുന്നു. അന്ന് മോഹന്‍ലാലിന് ഓഡീഷന് പോകാന്‍ ഒരു താല്‍പര്യവും ഇല്ലായിരുന്നു. പിന്നെ കൂട്ടുകാരൊക്കെ നിര്‍ബന്ധിച്ചാണ് ഫോട്ടോയൊക്കെ എടുത്ത് ആലപ്പുഴ വരെ എത്തിച്ചത്. എന്നെയൊക്കെ ആര് സിനിമയിലേക്ക് വിളിക്കാനാണെന്ന് മോഹന്‍ലാല്‍ അന്ന് ചോദിച്ചത്.
മോഹന്‍ലാലിന്റെ ആ ഫോട്ടോ കണ്ടിട്ട് അദ്ദേഹത്തിനെ അഭിമുഖത്തിനായി വിളിച്ചു. ഓ ഇന്റര്‍വ്യു, എനിക്കൊന്നും കിട്ടില്ല, ഈ ഫിഗറൊക്കെ വെച്ച് ആര് സിനിമയിലെടുക്കാനാണെന്നാണ് അന്ന് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ കൂട്ടുകാരെല്ലാം കൂടി നിര്‍ബന്ധിച്ച് അവിടെയെത്തിച്ചു. അവിടെയെത്തിയപ്പോള്‍ മോഹന്‍ലാലിനോട് പെര്‍ഫോം ചെയ്യാന്‍ പറഞ്ഞു.
ഫാസിലല്ലാതെ രണ്ട് മൂന്ന് വേറെയും ജഡ്ജസുണ്ടായിരുന്നു അവിടെ. ഫാസിലന്ന് നൂറില്‍ 95 മാര്‍ക്കാണ് മോഹന്‍ലാലിന് നല്‍കിത്. എന്നാല്‍ പൂജ്യം കൊടുത്തവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ആ മാര്‍ക്ക് കൊടുത്തവര്‍ പ്രശസ്തരായവരാണ്. അവരൊന്നും അന്നത്തെ ലാലിന്റെ അഭിനയം കണ്ട് ഇമ്പ്രസായില്ല. ഇയാള്‍ എന്ത് കാണിക്കാനാണ്, ഇയാള്‍ സിനിമയിലേക്കൊന്നും വരില്ലെന്നാണ് അവര്‍ പറഞ്ഞത്.
എന്നാല്‍ ഫാസിലിന്റെ അത്രയും മാര്‍ക്ക് കൊടുത്തത് കൊണ്ട് മുഴുവന്‍ മാര്‍ക്ക് കൂട്ടിയപ്പോള്‍ മോഹന്‍ലാലിനായിരുന്നു കൂടുതല്‍. അങ്ങനെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്. ഫാസില്‍ പിന്നീടുള്ള അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്, ആദ്യ ഡയലോഗ് കേട്ടപ്പോള്‍ തന്നെ ഇവന്‍ ഒരു സംഭവമാണെന്ന് മനസിലായെന്ന്,’ മുകേഷ് പറഞ്ഞു.
content highlight: actor mukesh about mohanlal first movie