| Thursday, 12th January 2023, 11:46 pm

ലളിത ചേച്ചി രക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ദുബായ് ജയിലില്‍ കിടക്കേണ്ടി വന്നേനെ: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.പി.എസി ലളിതക്ക് ഒപ്പം ആദ്യമായി ദുബായില്‍ പോയ അനുഭവം പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. തമാശ പറഞ്ഞ് കെ.പി.എസി. ലളിത തന്നെ തല്ലിയിരുന്നുവെന്നും ഇത് കണ്ട ദുബായ് പൊലീസ് തനിക്ക് നേരെ വന്നുവെന്നുമാണ് മുകേഷ് പറഞ്ഞത്.

എന്നാല്‍ തമാശയാണ് എന്ന് പറഞ്ഞ് കെ.പി.എസി. ലളിത തന്നെ രക്ഷിക്കുകയായിരുന്നുവെന്നും ഇല്ലായിരുന്നുവെങ്കില്‍ താനൊരു പ്രശ്‌നക്കാരനാണെന്ന് കരുതി പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമായിരുന്നുവെന്നും മുകേഷ് പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞങ്ങള്‍ ആദ്യമായി ദുബായില്‍ പോവുകയാണ്. 1988 ലാണ്. ഒരു കലാപരിപാടി നടത്താനാണ് പോയത്. നസീര്‍ സാര്‍ ആണ് ഞങ്ങളുടെ നായകന്‍. പരിപാടികള്‍ക്കായി താരങ്ങള്‍ വിദേശത്ത് പോകുന്നത് ശീലമായി തുടങ്ങിയിട്ടുണ്ടായിരുന്നില്ല അന്ന്. നസീര്‍ സാര്‍, ലളിത ചേച്ചി, ഉര്‍വശി, ലിസി, ഞാന്‍ അങ്ങനൊരു ഗ്യാങ്. ലളിത ചേച്ചി ഗള്‍ഫില്‍ ചെന്നിട്ട് എനിക്ക് അത് വാങ്ങണം ഇത് വാങ്ങണം എന്ന് പറഞ്ഞ് നീണ്ടൊരു ലിസ്റ്റൊക്കെയായിട്ടാണ് വരുന്നത്.

തിരുവനന്തപുരത്തു നിന്നുമാണ് വിമാനത്തില്‍ കയറിയത്. ചേച്ചി രാവിലെ ഗണപതി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിട്ടാണ് വന്നത്. നല്ല കട്ടിയ്ക്ക് ചന്ദനക്കുറിയും തൊട്ടിട്ടുണ്ട്. ഞാന്‍ ചേച്ചിയെ നോക്കിയിട്ട് പറ്റിയ പാര്‍ട്ടിയാണ് ചന്ദനക്കുറി മായ്ക്ക് എന്ന് പറഞ്ഞു. ഒന്നു പോടാ നീ പറയുമ്പോള്‍ ഞാന്‍ മായിക്കാന്‍ ഇരിക്കുവല്ലേ എന്നായിരുന്നു ചേച്ചിയുടെ മറുപടി.

ചേച്ചി സീരിയസായിട്ട് പറയുകയാണ്, ഇത് വേറെ രാജ്യമാണ് മായ്ക്ക് എന്ന് ഞാന്‍ പറഞ്ഞു. എടാ മുകേഷേ നീ വേറെയാളെ നോക്കൂ, നിന്നെക്കാള്‍ കുറച്ചധികം ഓണം ഉണ്ടിട്ടുണ്ട് ഞാന്‍ എന്ന് ചേച്ചി പറഞ്ഞു.ആ അറിയാം ചന്ദനക്കുറി മായ്ക്കേണ്ടി വരും ഇതൊരു മതേതര രാജ്യമാണെന്ന് ഞാന്‍ പറഞ്ഞു. എല്ലാ മതക്കാരും ദേശക്കാരും വന്ന കോസ്മോപൊളിറ്റന്‍ സിറ്റിയല്ലേ ഇതൊന്നും പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു.

ഈ സമയം ഞങ്ങളുടെ സ്പോണ്‍സര്‍ വിബികെ മേനോന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ കണ്ടതും ഒരു കാര്യവുമില്ലാതെ നെറ്റിയ്ക്ക് കുറുകെ കൈ വച്ചുകൊണ്ട് ഒരു ആംഗ്യം കാണിച്ചു. ഞാന്‍ അതില്‍ കയറി പിടിച്ചു. ചേച്ചി കണ്ടോ ചന്ദനക്കുറി മായ്ക്കാനാണ് അദ്ദേഹം പറയുന്നതെന്ന് പറഞ്ഞു. ഇതോടെ ചേച്ചി പരുങ്ങലിലായി. ഇതെന്താരു രാജ്യമാടാ എന്ന് പറഞ്ഞ് ചേച്ചി സാരിത്തുമ്പ് കൊണ്ട് ചന്ദനക്കുറി മായ്ച്ചു.

വിബികെ മേനോന്‍ അടുത്ത് വന്നപ്പോള്‍ ചേച്ചി ചന്ദനക്കുറിയൊന്നും ഇട്ടൂടല്ലേ എന്ന് ചോദിച്ചു. അതെന്താ അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. മേനോനല്ലേ മായ്ക്കാന്‍ പറഞ്ഞതെന്ന് ചേച്ചി ചോദിച്ചു. അയ്യോ ഞാന്‍ വിയര്‍ത്തുപോയല്ലോ വിയര്‍ത്തു പോയല്ലോ എന്നാണ് ചോദിച്ചതെന്ന് വിബികെ മേനോന്‍ പറഞ്ഞു. ചേച്ചി തിരിഞ്ഞ് ബാഗ് വച്ച് എനിക്കിട്ട് രണ്ടടി.

ഈ തമാശ അവിടെ തീരേണ്ടതാണ്. പക്ഷെ അതൊരു അറബി പോലീസ് കണ്ടു. ഒരു സ്ത്രീ ബാഗുവച്ചിട്ട് ഒരാളെ തല്ലുകയാണ്. എന്താണ് സംഭവം എന്നറിയാനായി അദ്ദേഹം അടുത്തേക്ക് വന്നു. ചേച്ചി ഒന്നും മിണ്ടുന്നില്ല. മിണ്ടിയില്ലേലും പ്രശ്നമാണ്. അതിനാല്‍ ചേച്ചിയോട് ഞാന്‍ ജസ്റ്റ് ജോക്കിംഗ് ജോക്കിംഗ് എന്ന് പറയാന്‍ പറഞ്ഞു. ചേച്ചി ജോക്കിംഗ് എന്ന് പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ ചിരിച്ചു കൊണ്ടു പോയി. തലനാരിഴയ്ക്കാണ്. ഇല്ലെങ്കില്‍ ചേച്ചിയ്ക്ക് പകരം എന്നെ ജയിലിലാക്കിയേനെ,” മുകേഷ് പറഞ്ഞു.

content highlight: actor mukesh about kpac laliltha

We use cookies to give you the best possible experience. Learn more