|

കൂടപ്പിറപ്പിനെ പോലെ കണ്ട എന്നെ മമ്മൂട്ടി ഇന്‍സള്‍ട്ട് ചെയ്തു, ഇന്ന് ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന് ഹനീഫ്ക്ക പറഞ്ഞു: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും കൊച്ചിന്‍ ഹനീഫയുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്. കൊച്ചിന്‍ ഹനീഫയുടെ ഭാര്യയുടെ വീട്ടുകാരെ മമ്മൂട്ടി പരിചയപ്പെടാത്തതിന്റെ പേരില്‍ ഹനീഫക്ക് ദേഷ്യം വന്നുവെന്നും മമ്മൂട്ടിയുമായുള്ള സൗഹൃദം ഇനി ഉണ്ടാവില്ലെന്നൊക്കെ പറഞ്ഞിരുന്നുവെന്നും മുകേഷ് പറഞ്ഞു.

എന്നാല്‍ ദേഷ്യത്തില്‍ മമ്മൂട്ടിയുടെ അടുത്തു ചെന്ന അദ്ദേഹത്തിന് മമ്മൂട്ടിയോട് ദേഷ്യപ്പെടാന്‍ കഴിഞ്ഞില്ലെന്നും അവരുടെ സ്‌നേഹം അത്രമാത്രം ആഴത്തിലാണെന്നും മുകേഷ് പറഞ്ഞു. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”സിദ്ദീഖ്-ലാല്‍ നയിക്കുന്ന മമ്മൂട്ടി ഷോക്ക് വേണ്ടി ഞങ്ങള്‍ ദുബായില്‍ പോയി. ഞങ്ങളെല്ലാ നടന്‍മാരും നടിമാരും പരിപാടിക്ക് വേണ്ടി പോയിരുന്നു. ഹനീഫ്ക്കയുടെ കല്യാണം ഒക്കെ കഴിഞ്ഞ കാലഘട്ടമാണ്. ആ സമയത്ത് എപ്പോഴും പറയും മാളിയക്കല്‍ ഫാമിലി ഭയങ്കര ഫേമസ് ആണെന്ന്. തലശ്ശേരി വന്ന് അന്വേഷിച്ചാല്‍ നിനക്ക് മനസിലാവും അത്രയും ഫേമസാണെന്ന് കാണുമ്പോഴൊക്കെ പറയും.

പുള്ളിക്ക് അതില്‍ ഭയങ്കര സന്തോഷവും അഭിമാനവുമുണ്ട്. കാരണം വൈകിയ കല്യാണമാണ്. അതും കല്യാണം കഴിച്ചത് ഫേമസായിട്ടുള്ള ഫാമിലിയില്‍ നിന്നും. ഭാര്യയെക്കുറിച്ച് എപ്പോഴും പറയുകയും ചെയ്യും.

ദുബായില്‍ വെച്ച് റിഹേഴ്‌സല്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്കക്ക് കുറവാണ്. കാരണം സ്‌കിറ്റൊക്കെ ചെയ്യുന്നത് ഞങ്ങളാണ്. മമ്മൂക്ക അദ്ദേഹത്തിന്റെ മുറിയില്‍ ഇരുന്ന് കമ്പ്യൂട്ടര്‍ നോക്കി കൊണ്ടിരിക്കുകയാണ്. ഹനീഫ്ക്കയെ കാണാന്‍ മാളിയക്കല്‍ കുടുംബത്തില്‍ നിന്നും കുറച്ച് ആളുകള്‍ വന്നു. പക്ഷെ റിഹേഴ്‌സല്‍ റൂമിലേക്ക് അവരെ കയറ്റിവിട്ടില്ല.

അപ്പോള്‍ അവര്‍ മമ്മൂക്കയുള്ള റൂമില്‍ ചെന്നു. പക്ഷെ മമ്മൂക്കക്ക് ഇവര്‍ ഹനീഫ്ക്കയുടെ ബന്ധുക്കളാണെന്ന് അറിയില്ലായിരുന്നു. മമ്മൂക്ക അതുകൊണ്ട് വെറുതെ കാണാന്‍ വന്നവരാണെന്ന് വിചാരിച്ചു. അദ്ദേഹം വലിയ മൈന്‍ഡാക്കിയില്ല. ഇത് അവര്‍ക്ക് ഇന്‍സള്‍ട്ടായി ഫീല്‍ ചെയ്തു. ഹനീഫ്ക്കയോട് കാര്യം പറഞ്ഞ് അവര്‍ പോയി.

ഇത് കേട്ടപ്പോള്‍ ഹനീഫ്ക്കക്ക് ഭയങ്കര വിഷമവും ദേഷ്യവും വന്നു. ഇത്രയും ഞാന്‍ മമ്മൂട്ടിയെ സ്‌നേഹിച്ചിട്ടും കൂടപ്പിറപ്പിനെ പോലെ കണ്ടിട്ടും എന്നെ അവന്‍ ഇന്‍സള്‍ട്ട് ചെയ്തു എന്നൊക്കെ ഞങ്ങളോട് പറഞ്ഞു. ഇന്നിവിടെ ഭയങ്കരമായ പ്രശ്‌നങ്ങള്‍ നടക്കും ഇവിടെ ചോരപ്പുഴ ഒഴുകുമെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കാകെ പേടിയായി. ആരും എന്നോട് ഒന്നും പറയേണ്ട, ഇന്ന് ഈ ട്രൂപ്പില്‍ നിന്നും ഇറങ്ങാന്‍ പോവുകയാണെന്നൊക്കെ ഹനീഫ്ക്ക പറഞ്ഞു.

നേരെ മുറിയില്‍ ചെന്ന് മമ്മൂക്കയുടെ അടുത്ത് ദേഷ്യത്തോടെ നിന്നു. അദ്ദേഹം അപ്പോഴും കമ്പ്യൂട്ടറില്‍ നോക്കി കൊണ്ടിരിക്കുകയാണ്. ഹനീഫ്ക്ക ദേഷ്യത്തില്‍ മമ്മൂട്ടിയെന്ന് വിളിച്ചു. പക്ഷെ മമ്മൂക്ക കൂളായി എന്താടായെന്ന് തിരിച്ച് ചോദിച്ചു. അത് കേട്ടപ്പോള്‍ ഹനീഫക്ക ഒന്ന് കൂളായി.

എന്നിട്ടും പിന്നെയും, മമ്മൂട്ടി നീ എന്താണ് വിചാരിച്ചത്. ആനക്ക് ആനയുടെ വലുപ്പം അറിയില്ലയെന്ന് പറയുന്നത് പോലെ നിനക്ക് നിന്റെ വലുപ്പം അറിയില്ലെന്ന് പറഞ്ഞു. പക്ഷെ മമ്മൂട്ടിയുടെ നോട്ടത്തില്‍ അദ്ദേഹം തണുത്തിരുന്നു. കണ്ടില്ലേ എങ്ങനെയുണ്ട് എന്റെ വിരട്ടല്‍, അവന്‍ പേടിച്ച് പോയില്ലേയെന്ന് പുറത്ത് വന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ചിരിവന്നു. കാരണം അദ്ദേഹത്തിന് മമ്മൂക്കയോട് ചൂടാകാന്‍ ഒന്നും പറ്റില്ല. അവര്‍ അത്രയും സ്‌നേഹബന്ധമുള്ളവരാണ്,” മുകേഷ് പറഞ്ഞു.

content highlight: actor mukesh about kochin haneefa and mammooty