'എന്റെ അടുത്തെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ... എവിടെയെങ്കിലും പോയി ചികിത്സിച്ചേനെ' ; കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞു: മുകേഷ്
Entertainment news
'എന്റെ അടുത്തെങ്കിലും ഒന്ന് പറയാമായിരുന്നില്ലേ... എവിടെയെങ്കിലും പോയി ചികിത്സിച്ചേനെ' ; കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക പൊട്ടിക്കരഞ്ഞു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th March 2023, 2:32 pm

മലയാള സിനിമയുടെ തീരാനഷ്ടമാണ് കൊച്ചിന്‍ ഹനീഫ. വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ഹാസ്യതാരമായും സ്വാഭാവനടനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ ഓര്‍മകള്‍ പലരും പങ്കുവെക്കാറുണ്ട്. കൊച്ചിന്‍ ഹനീഫയും മമ്മൂട്ടിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണ് നടന്‍ മുകേഷ്.

രണ്ടുപേരും സഹോദരങ്ങളെ പോലെയാണെന്നും പരസ്പരം അത്രമാത്രം സ്‌നേഹം രണ്ടാള്‍ക്കും ഉണ്ടെന്നും മുകേഷ് പറഞ്ഞു. ഹനീഫ മരിച്ച ദിവസം മമ്മൂട്ടി ഒരു കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞുവെന്നും ആരോഗ്യം മോശമാണെന്നോ രോഗമുള്ളതിനെക്കുറിച്ചോ അദ്ദേഹം പറയാത്തത് ഓര്‍ത്തിട്ടായിരുന്നു മമ്മൂട്ടി പൊട്ടിക്കരഞ്ഞതെന്നും മുകേഷ് പറഞ്ഞു.

”കൊച്ചിന്‍ ഹനീഫിക്കയെക്കുറിച്ച് പറയുമ്പോള്‍ കൂടെ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ് സാക്ഷാല്‍ മമ്മൂട്ടി. ഇവര്‍ എന്തുകൊണ്ട് സഹോദരന്മാരായി ജനിച്ചില്ല എന്ന് മാത്രമെ എനിക്ക് പറയാനുള്ളു.

അത്രമാത്രം സ്‌നേഹം മമ്മൂക്കക്ക് ഹനീഫിക്കയോട് ഉണ്ട്. ഹനീഫിക്ക അതിന്റെ എത്രയോ ഇരട്ടി സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി അങ്ങനെ പ്രകടിപ്പിക്കില്ല. പക്ഷെ ഹനീഫിക്ക സ്‌നേഹം പ്രകടിപ്പിക്കുന്നയാളാണ്. അതുകൊണ്ടാണ് ഹനീഫിക്ക നമ്മളെ വിട്ടുപിരിഞ്ഞപ്പോള്‍ ഒരു കൊച്ചുകുഞ്ഞിനെ പോലെ മമ്മൂക്ക അവിടെ നിന്നും പൊട്ടി പൊട്ടിക്കരഞ്ഞത്.

ആരോഗ്യം വഷളാകുന്നതുവരെ ഇദ്ദേഹത്തിന് ഇങ്ങനെയൊരു അസുഖമുണ്ടെന്നും സീരിയസാണെന്നും ആരോടും പറഞ്ഞില്ല. ഒതുക്കി വെച്ച്, ഒതുക്കി വെച്ച് അവസാന നാളുകളില്‍ രക്ഷിക്കാന്‍ കഴിയാതെയായി. അതും പറഞ്ഞിട്ടായിരുന്നു മമ്മൂക്ക കരഞ്ഞത്. അതൊക്കെ വളരെ കരളലിയിക്കുന്ന കാഴ്ചകളായിരുന്നു.

ഒരു സഹപ്രവര്‍ത്തകന്‍ മരിച്ചിട്ട് വാവിട്ട് കരയുന്നു. അതും ഹനീഫിക്കയെ വഴക്ക് പറഞ്ഞാണ് കരഞ്ഞത്. ഇവന് എന്റെ അടുത്തെങ്കിലും ഒന്ന് പറഞ്ഞുകൂടായിരുന്നോ ഞാന്‍ എവിടെയെങ്കിലും പോയി ചികിത്സിച്ചേനെ എന്നൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞാണ് മമ്മൂക്ക കരഞ്ഞത്,” മുകേഷ് പറഞ്ഞു.

content highlight: actor mukesh about kochin haneefa and mammootty