എന്റെ മനസിലെ ഏക സൂപ്പര്‍സ്റ്റാര്‍ ഇദ്ദേഹം; വീട്ടില്‍ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞു നില്‍ക്കുന്നവരാണ് മറ്റുള്ളവര്‍: മുകേഷ്
Malayalam Cinema
എന്റെ മനസിലെ ഏക സൂപ്പര്‍സ്റ്റാര്‍ ഇദ്ദേഹം; വീട്ടില്‍ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞു നില്‍ക്കുന്നവരാണ് മറ്റുള്ളവര്‍: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 7th January 2021, 5:58 pm

സൂപ്പര്‍സ്റ്റാറുകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും തന്റെ മനസിലുള്ള ഏക സൂപ്പര്‍സ്റ്റാറിനെ കുറിച്ചും തുറന്ന് പറഞ്ഞ് നടന്‍ മുകേഷ്. ഒരുപാട് സൂപ്പര്‍സ്റ്റാറുകളെ താന്‍ കണ്ടിട്ടുണ്ടെന്നും അക്കൂട്ടത്തില്‍ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ രജനീകാന്ത് എന്നാണ് ഉത്തരം പറയുകയെന്നുമാണ് മുകേഷ് കൗമുദി മൂവീസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

‘രജനീകാന്താണ് ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയാനുള്ള കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെ മോശം സിനിമ പോലും നൂറ് ദിവസമോടുമെന്നതാണ്. സിനിമയുടെ കഥയും മറ്റുകാര്യങ്ങളുമൊക്കെ പിന്നീടാണ്. സ്റ്റാറിനെ കാണാന്‍ വേണ്ടിയാണ് പോകുന്നത്. സ്റ്റാറില്‍ നിന്ന് പ്രതീക്ഷിക്കുന്നത് കിട്ടിയാല്‍ പ്രേക്ഷകര്‍ ഹാപ്പി. കൂട്ടത്തില്‍ കഥയും മറ്റുകാര്യങ്ങളും ഗംഭീരമായാല്‍ അങ്ങേയറ്റം ഹാപ്പി.

സിനിമയില്‍ കാണുന്ന ആളേ അല്ല രജനീകാന്തെന്നും യഥാര്‍ത്ഥത്തില്‍ സിനിമയിലെ സ്റ്റൈല്‍ മന്നന്‍ ജീവിതത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരനാണെന്നും മുകേഷ് പറയുന്നു.’ കഷണ്ടി തലയും നരച്ച താടിയും സാധാരണ വേഷവുമണിഞ്ഞ് മേക്കപ്പില്ലാതെയേ സിനിമയ്ക്ക് പുറത്ത് അദ്ദേഹത്തെ കാണാന്‍ സാധിക്കൂ. സൂപ്പര്‍സ്റ്റാറുകളുടെ ഇടയില്‍ നിന്ന് രജനീകാന്തിനെ വേറിട്ട് നിര്‍ത്തുന്നതും ആ ലാളിത്യമാണ്.

വീട്ടില്‍ നില്‍ക്കുമ്പോള്‍ പോലും വിലകൂടിയ വസ്ത്രങ്ങളും മേക്കപ്പുമണിഞ്ഞ് നില്‍ക്കുന്നവരാണ് പല സൂപ്പര്‍ സ്റ്റാറുകളും. എന്നാല്‍ സ്വന്തം കുറവുകള്‍ പോലും പറയാനുള്ള മനസും വിനയവുമാണ് രജനീകാന്തിനെ രജനീകാന്താക്കുന്നത്.

സിനിമാ രംഗത്ത് പ്രത്യേകിച്ചും അഭിനയ രംഗത്ത് ചെറുതും വലുതുമായി നിന്നവരുടേയും നില്‍ക്കുന്നവരുടേയുമായ എല്ലാവരുടേയും ആഗ്രഹം സൂപ്പര്‍സ്റ്റാര്‍ ആവുകയെന്നതാണ്. അവരുടെയൊക്കെ പ്രാര്‍ത്ഥനകളിലും ആ ആഗ്രഹം പ്രതിഫലിക്കുന്നുണ്ടാവുമെന്നുറപ്പാണെന്നും മുകേഷ് പറയുന്നു.

സൂപ്പര്‍സ്റ്റാര്‍ ആകണമെന്നതാണോ ആഗ്രഹമെന്ന് ചോദിച്ചാല്‍ അക്കൂട്ടത്തില്‍ ഏറിയ പങ്കും പക്ഷേ, ‘ഏയ് അങ്ങനെയൊന്നുമില്ല’ എന്ന മറുപടിയായിരിക്കും പറയുക. ഇങ്ങനെയൊക്കെയങ്ങ് പോയാല്‍ മതിയെന്ന് മിക്കവരും പറയുമെങ്കിലും അത് കള്ളമാണ്. ഏറ്റവും വലിയ മോഹമുണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലുമൊക്കെ ആകാന്‍ പറ്റൂ, അതൊരു വലിയ സത്യമാണ്. സൂപ്പര്‍സ്റ്റാറുകളാകാനുള്ള പലരുടേയും മോഹം പലപ്പോഴും തനിക്ക് നേരിട്ടനുഭവിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുകേഷ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Actor Mukesh About His favourite Superstar