|

എനിക്ക് നല്‍കിയ വാക്ക് പാലിക്കുകയായിരുന്നു ദുല്‍ഖര്‍, അതിനുശേഷം അയാള്‍ ഇങ്ങനെയാണ് പറഞ്ഞത്: മുകേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ അഭിനയിച്ച ആദ്യ സിനിമയായിരുന്നു ‘കല്യാണം’. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചത് നടന്‍ ദുല്‍ഖറായിരുന്നു. പാട്ട് പാടാനായി ദുല്‍ഖറിനെ വിളിച്ചത് താനായിരുന്നു എന്ന് പറയുകയാണ് മുകേഷ്. തനിക്ക് നല്‍കിയ വാക്ക് പാലിക്കാനാണ് ദുല്‍ഖര്‍ വന്നതെന്നും മുകേഷ് പറഞ്ഞു.

വാക്കിന് ഒരു വിലയും നല്‍കാത്ത ഇക്കാലത്ത് ഇങ്ങനെയുള്ള കുട്ടികള്‍ പുതിയ തലമുറയിലുണ്ടെന്നും പാട്ട് പാടിയതിനുശേഷം ദുല്‍ഖര്‍ പറഞ്ഞ കാര്യവും അദ്ദേഹം പങ്കുവെച്ചു. മുകേഷ് അങ്കിളിന് നല്‍കിയ വാക്ക് പാലിക്കാനാണ് താന്‍ വന്നതെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ദുല്‍ഖറിനെ കൊണ്ട് പാടിച്ചാല്‍ നമ്മുടെ പടത്തിലെ പാട്ടിന് ഭയങ്കര ഹൈപ്പായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അവരുടെ ജോലി തിരക്കും മറ്റ് കാര്യങ്ങളുമായി നില്‍ക്കുന്നതിനിടയിലാണ്, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ദുല്‍ഖറെ നീയിത് പാടി തരണമെന്ന് പറഞ്ഞ് ഞാന്‍ ചെല്ലുന്നത്. ഞാന്‍ പറഞ്ഞത് കൊണ്ട് ദുല്‍ഖര്‍ വന്ന് പാടി.

മുകേഷ് അങ്കിള്‍ വിളിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ വന്ന് പാടിയതെന്നാണ് അതിനുശേഷം ദുല്‍ഖര്‍ ഒരാളോട് പറഞ്ഞത്. വാക്ക് കൊടുത്തിട്ട് ഞാന്‍ വന്നില്ലെങ്കില്‍ മോശമായി പോകുമായിരുന്നു എന്നും ദുല്‍ഖര്‍ പറഞ്ഞു. അപ്പോഴും ഇവരൊക്കെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്, വാക്ക് കൊടുത്താല്‍ പാലിക്കുന്നവര്‍ ഈ കാലഘട്ടത്തിലുമുണ്ടെന്ന്.

ഒന്ന് ചിന്തിച്ച് നോക്കുക ഈ കാലഘട്ടത്തിലൊക്കെ വാക്കിന് എന്ത് വിലയാണ് കിട്ടുന്നത്. എന്നാല്‍ അങ്ങനെ വാക്കിന് വില കൊടുക്കുന്നവര്‍ ഈ തലമുറയിലെ കുട്ടികള്‍ക്കിടയിലുണ്ട്. കൊടുത്തവാക്ക് കൃത്യമായി പാലിക്കുന്ന ശക്തരായവര്‍ ഇപ്പോഴുമുണ്ട്,’ മുകേഷ് പറഞ്ഞു.

അതേസമയം, രാജേഷ് നായര്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ സിനിമയാണ് കല്യാണം. റൊമാന്റിക്-കോമഡി ഴോണറില്‍ പുറത്തിറങ്ങിയ സിനിമയില്‍ പുതുമുഖങ്ങളായിരുന്നു പ്രധാന വേഷത്തിലെത്തിയത്. വര്‍ഷ ബൊല്ലമ്മ നായികയായെത്തിയ സിനിമയില്‍ മുകേഷ്, ശ്രീനിവാസന്‍, സാജു നവോദയ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: actor mukesh about dulquer salman

Latest Stories

Video Stories