പെട്ടെന്ന് വിളിച്ച് പുതിയ പടം തുടങ്ങുകയാണ് നീയാണ് ഹീറോ എന്നുപറയും, പി.ജി വിശ്വംഭരന്റെ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു: മുകേഷ്
Entertainment news
പെട്ടെന്ന് വിളിച്ച് പുതിയ പടം തുടങ്ങുകയാണ് നീയാണ് ഹീറോ എന്നുപറയും, പി.ജി വിശ്വംഭരന്റെ സിനിമകള്‍ എല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു: മുകേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st December 2022, 11:25 am

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പി.ജി വിശ്വംഭരനുമായുള്ള പഴയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മുകേഷ്. വിശ്വംഭരന്റെ ഏറ്റവും കൂടുതല്‍ സിനിമയില്‍ നായകനായത് താനാണെന്നും, തന്റെ കയ്യില്‍ നിന്നും കൃത്യമായി ഡേറ്റ് പോലും വാങ്ങാതെയാണ് അഭിനയിക്കാന്‍ വിളിച്ചിരുന്നത് എന്നും പറയുകയാണ് താരം. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് മുകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈ അടുത്തിടക്ക് ഞാനും മമ്മൂക്കയും കൂടി സംസാരിച്ചിരിക്കുയായിരുന്നു. അതിനിടയില്‍ പി.ജി വിശ്വംഭരന്‍ സാറിന്റെ പരാമര്‍ശം വന്നു. പി.ജി വിശ്വമ്പരന്‍ സാര്‍ എടുത്ത എല്ലാ സിനിമകളും ഹിറ്റോ അല്ലെങ്കില്‍ സൂപ്പര്‍ ഹിറ്റോ ആയിരുന്നു. അതുപോലെ സ്ഥിരതയുള്ള ഒരു സംവിധായകനായിരുന്നു അദ്ദേഹം.

അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു. വിശ്വംഭരന്‍ ചേട്ടന്‍ ഏറ്റവും കൂടുതല്‍ ഹീറോയായിട്ട് അഭിനയിപ്പിച്ചത് നിന്നെയായിരുന്നു എന്ന്. ഞാന്‍ പറഞ്ഞു ഏയ് അങ്ങനെ ഒന്നുമല്ല, നിങ്ങളെ വെച്ചായിരിക്കുമെന്നും. അല്ലെടാ ഞാന്‍ നോക്കിയിരുന്നു, നിന്നെ തന്നെയാണ് ഏറ്റവും കൂടുതല്‍ ഹീറോയാക്കിയത്.

നസീര്‍ സാറിന്റെ കാലം മുതലുള്ള സംവിധായകനാണ് അദ്ദേഹം. അപ്പോള്‍ മമ്മൂക്ക പറഞ്ഞത് സത്യമാണെങ്കില്‍ എനിക്ക് വലിയ സന്തോഷമുള്ള കാര്യമാണ്. കാരണം വിശ്വംഭരന്‍ സാര്‍ എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞാന്‍ അദ്ദേഹത്തിന്റെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, കൃത്യമായി പ്ലാന്‍ ചെയ്യാതെയും എന്റെ കയ്യില്‍ നിന്നും ഡേറ്റ് ഒന്നും വാങ്ങാതെയുമായിരുന്നു ചെയ്തിരുന്നത്.

എനിക്ക് പണ്ടുമുതലെയുള്ള സ്വഭാവമാണ്, ആര്‍ക്കെങ്കിലും ഡേറ്റ് കൊടുത്ത് കഴിഞ്ഞാല്‍ പിന്നെ ആ സംവിധായകനും നിര്‍മാതാവും പറഞ്ഞാല്‍ മാത്രമേ ഞാന്‍ മറ്റാര്‍ക്കെങ്കിലും ഡേറ്റ് കൊടുക്കുകയുള്ളു. നാടകത്തില്‍ നിന്ന് വന്നതുകൊണ്ടുള്ള പ്രശ്‌നമായിരിക്കും അത്.

പെട്ടന്നൊരു ദിവസം വിശ്വംഭരന്‍ ചേട്ടന്‍ വിളിച്ച് പറയും 21മുതല്‍ നമ്മുടെ പുതിയ പടം തുടങ്ങുകയാണ് നീയാണ് ഹീറോയെന്ന്. എന്താ ചേട്ടാ ഇപ്പോഴാണോ വിളിച്ച് പറയുന്നത്, ഞാന്‍ വേറേ സിനിമ ചെയ്തുകൊണ്ട് ഇരിക്കുവല്ലെ എന്നും ഞാന്‍ ചോദിക്കും. അതൊന്നും എനിക്ക് അറിയെണ്ട, 21ന് ഞാന്‍ പടം തുടങ്ങും. വരാനുള്ള സാഹചര്യം നിനക്ക് ഉണ്ടാവും എന്നും അദ്ദേഹം പറയും.

അപ്പോള്‍ ഞാന്‍ ചോദിക്കും എങ്ങനെ ഉണ്ടാവാനാണെന്ന്. അതെനിക്ക് അറിഞ്ഞൂട, പക്ഷെ ഉണ്ടാവുമെന്നും ചേട്ടന്‍ പറയും. ഏതാണ്ട് ഇത്തരത്തില്‍ ഏഴ് സിനിമയോളം ഞാന്‍ ചേട്ടനൊപ്പം ചെയ്തിട്ടുണ്ട്,’ മുകേഷ് പറഞ്ഞു.

ഗജകേസരി യോഗം, പാര്‍വതി പരിണയം, പ്രവാചകന്‍, പിന്‍നിലാവ്, ആഗ്നേയം തുടങ്ങി നിരവധി ചിത്രങ്ങള്‍ ഇരുവരും ഒരുമിച്ച് ചെയ്തിട്ടുണ്ട്. പലതും ഇപ്പോഴും ജനപ്രിയമായ സിനിമകളാണ്.

 

content highlight: actor mukesh about director p g viswambaran