കൊച്ചി: നടന്‍ മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയത് ഡെന്നീസ് ജോസഫിന്റെ രാജാവിന്റെ മകന്‍ എന്ന സിനിമയായിരുന്നു. ഡെന്നീസിന്റെ അകാല മരണത്തില്‍ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
തന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നതെന്നും തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനും. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ് എന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതി.
ഡെന്നീസുമായുള്ള ആത്മബന്ധ എത്ര പറഞ്ഞാലും തീരില്ലെന്നും അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെയെന്നും മോഹന്‍ലാല്‍ കുറിച്ചു.
നടന്‍ മമ്മൂട്ടിയും ഡെന്നീസ് ജോസഫിന് ആദരാഞ്ജലികള്‍ നേര്‍ന്നിരുന്നു. ഡെന്നീസ് ജോസഫിന്റെ മരണം തന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നെന്നും തന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ലെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതി.
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരെ സൂപ്പര്‍ താരങ്ങളാക്കി മാറ്റിയത് ഡെന്നിസിന്റെ സിനിമകളായിരുന്നു. 1985ല്‍ ജേസി സംവിധാനംചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നിസ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. സംവിധായകരായ ജോഷി , തമ്പി കണ്ണന്തനം തുടങ്ങിയവരുടെ എക്കാലത്തെയും ഹിറ്റ് സിനിമകള്‍ എഴുതിയത് ഡെന്നീസ് ജോസഫ് ആയിരുന്നു.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം,
എന്റെ പ്രിയപ്പെട്ട ഡെന്നീസിനുവേണ്ടി ഈ വരികള്‍ കുറിയ്ക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം തെറ്റി വന്ന് കൈകള്‍ പിടിച്ചു മാറ്റുന്നപോലെയാണ് തോന്നുന്നത്. തിരക്കഥാലോകത്തെ രാജാവായിരുന്നു ഡെന്നീസ്. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് ഈ ഞാനും.
സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്‌നേഹമായിരുന്നു ഡെന്നീസ്. വെള്ളിത്തിരകളെ ത്രസിപ്പിക്കുന്ന എത്രയെത്ര ചടുലന്‍ കഥകള്‍, വികാര വിക്ഷോഭങ്ങളുടെ തിരകള്‍ ഇളകിമറിയുന്ന സന്ദര്‍ഭങ്ങള്‍, രൗദ്രത്തിന്റെ തീയും പ്രണയത്തിന്റെ മധുരവും വേദനയുടെ കണ്ണീരുപ്പും നിറഞ്ഞ സംഭാഷണങ്ങള്‍.
ആര്‍ദ്രബന്ധങ്ങളുടെ കഥകള്‍ തൊട്ട് അധോലോകങ്ങളുടെ കുടിപ്പകകള്‍ വരെ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യ പ്രതിഭ. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധം. അതുകൊണ്ടുതന്നെ പാതിപറഞ്ഞ് നിര്‍ത്തുന്നു, ഇടറുന്ന വിരലുകളോടെ…
പ്രണാമം ഡെന്നീസ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Mohanlal writes in Dennis joseph’s memory