| Wednesday, 4th November 2020, 12:34 pm

'ഡ്യൂപ്പ് ഇല്ലാത്ത ഫൈറ്റ് രംഗങ്ങളില്‍ ആ ഉപദേശം ഇന്നും വിലമതിക്കുന്നു'; ജയനെ കുറിച്ചുള്ള ഓര്‍മ്മകളുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിലെ ഏക്കാലത്തെയും ആക്ഷന്‍ സൂപ്പര്‍ സ്റ്റാറാണ് ജയന്‍. അദ്ദേഹത്തിനൊപ്പം അഭിനയിച്ച ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍.

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ ജയന്‍ സ്‌പെഷ്യല്‍ പതിപ്പിന് വേണ്ടിയായിരുന്നു ജയനൊപ്പമുള്ള ഓര്‍മ്മകള്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. തന്റെ കോളെജ് കാലത്ത് നസീര്‍ സാറും മധു സാറുമായിരുന്നു ഹീറോകള്‍, തന്റെ ആദ്യ സിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഭിനയിക്കുന്ന സമയത്ത് ഏറ്റവും താരമൂല്യമുള്ള നടനായി ജയന്‍ മാറിയെന്നും മോഹന്‍ലാല്‍ പറയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ക്ക് ശേഷം താന്‍ രണ്ടാമതായി അഭിനയിച്ച ചിത്രമായ സഞ്ചാരിയിലൂടെ ജയന്റെ കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായി. നസീറും ജയനും നായകരായ ചിത്രത്തില്‍ തനിക്ക് പ്രധാന വില്ലന്റെ റോള്‍ ആയിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

ചിത്രത്തില്‍ താനും ജയനും തമ്മില്‍ രണ്ട് ഫൈറ്റ് സീനുകള്‍ ചിത്രീകരിച്ചിരുന്നു. ത്യാഗരാജന്‍ മാസ്റ്ററായിരുന്നു സംഘട്ടന സംവിധാനം. ഡ്യൂപ്പില്ലാതെയുള്ള സംഘട്ടനത്തില്‍ പലപ്പോഴും ജയന്‍ ഉപദേശിച്ചു. ‘സൂക്ഷിക്കണം അപകടം പിടിച്ച രംഗങ്ങള്‍ ശ്രദ്ധയോടുകൂടി ചെയ്യണം’ ആ ഉപദേശം ഇന്നും താന്‍ ഏറെ വിലമതിക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘സഞ്ചാരി’യുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ ഒരു സന്ധ്യയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നു. നസീര്‍സാറിനും ത്ിക്കുറിശ്ശി ചേട്ടനുമൊക്കെ അവരെ പരിചയപ്പെടുത്തി മാറി നില്‍ക്കുകയായിരുന്ന തന്നെ ചൂണ്ടി ജയന്‍ പറഞ്ഞു.

‘പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ സിനിമയിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും’ പുതുമുഖമായ തനിക്ക് ഏറെ ആത്മവിശ്വാസം പകര്‍ന്നു ആ വാക്കുകള്‍ ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞു ‘മോനേ… കാണാം’ അതായിരുന്നു മൂന്നോ നാലോ ദിവസം നീണ്ട സൗഹൃദത്തിന്റെ വിട പറയല്‍ വാക്യം എന്നും മോഹന്‍ലാല്‍ പറയുന്നു.

സഞ്ചാരി കഴിഞ്ഞ് താന്‍ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കോളിളക്കത്തിന്റെ സെറ്റില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിച്ചുവെന്ന വാര്‍ത്തയറിയുന്നത്. അക്ഷരാര്‍ത്ഥത്തില്‍ കേരളമാകെ തകര്‍ന്നുപോയ വാര്‍ത്ത.

ഒരു നടന്റെ വിയോഗത്തില്‍ ആരാധകര്‍ ഇത്രയും കണ്ണീരൊഴുക്കുന്നത് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ല. ജയന്‍ അവര്‍ക്ക് എന്തായിരുന്നു എന്നതിന്റെ ഏറ്റവും വലിയ സാക്ഷ്യം. ജയന്‍ മരിച്ച് ഒരു മാസം കഴിഞ്ഞ് താന്‍ ബാലന്‍ കെ നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ അമ്മയെയും സഹോദരനെയും കണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal with memories of Jayan ‘That advice is still valued in dupe-free fight scenes’

We use cookies to give you the best possible experience. Learn more