| Thursday, 14th January 2021, 5:30 pm

ഈ മനുഷ്യന് ഇവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍; ഒരു വിറ എന്റെ ഉള്ളംകാലില്‍ നിന്ന് മൂര്‍ധാവിലേക്ക് പടര്‍ന്നു; മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പറഞ്ഞ് ശ്രീകാന്ത് കോട്ടക്കല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഭൂട്ടാന്‍ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാധ്യമപ്രവര്‍ത്തകനും മോഹന്‍ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടയ്ക്കല്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ എഴുതിയ കുറിപ്പിലാണ് തന്റെ യാത്രാനുഭവങ്ങള്‍ ഇദ്ദേഹം പങ്കുവെച്ചത്.

പാരോയിലെ ഏറ്റവും പ്രധാനമായ സ്ഥലമായ ബുദ്ധമതാചാര്യന്‍ ഗുരുപത്മസംഭവന്‍ വജ്രായനബുദ്ധമതം പരിശീലിച്ച തക്സാതാങ് വിഹാരം( ടൈഗേഴ്സ് നെസ്റ്റ് ) കാണാനുള്ള യാത്രക്കിടെയുണ്ടായ സംഭവമാണ് ശ്രീകാന്ത് പങ്കുവെക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തിലുള്ള വിഹാരത്തിലേക്ക് മണിക്കൂറുകളോളം നടന്നുകയറിയപ്പോള്‍ ലാലിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയം തന്റെ ഉള്ളില്‍ തോന്നിയെന്നാണ് ശ്രീകാന്ത് തന്റെ കുറിപ്പില്‍ പറയുന്നത്.

‘സമുദ്രനിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ വിഹാരം. അതിരാവിലെ ഏഴരയോടെ ഞങ്ങള്‍ വിഹാരത്തിലേക്കുള്ള യാത്ര തുടങ്ങി. താഴെ നിന്നു തന്നെ ഊന്നാനുള്ള വടി ആരോ ഞങ്ങള്‍ക്ക് തന്നു. വടിയൂന്നി പതുക്കെ പതുക്കെ ഞങ്ങള്‍ മുകളിലേക്ക് കയറി. ചുറ്റിലും തണുപ്പ്തീര്‍ക്കുന്ന ഹിമാലന്‍വൃക്ഷനിര. നെടുകെ പിളര്‍ന്ന വെട്ടുവഴികള്‍. ചിലയിടത്ത് കുത്തനെയുള്ള കയറ്റം. വളരെ അപൂര്‍വം മാത്രമുള്ള സഞ്ചാരികള്‍. വലിയ സ്വറ്ററിട്ട് തൊപ്പിവെച്ച മോഹന്‍ലാല്‍ ഒറ്റ നോട്ടത്തില്‍ ഗുരു നിത്യചൈതന്യയതിയെ ഓര്‍മ്മിപ്പിച്ചു. കുത്തനെയുള്ള പടവുകള്‍ വടികുത്തിയിറങ്ങുന്ന ലാല്‍ ഏതോ ഹിമാലയന്‍ യതിയെപ്പോലെ വീണ്ടും വേഷപ്പകര്‍ച്ചയുടെ വിസ്മയം.

മണിക്കൂറുകളോളം കയറിയപ്പോള്‍ രണ്ടോ മൂന്നോ കടകളുള്ള ഒരു അങ്ങാടി കണ്ടു. കിതപ്പുതീര്‍ക്കാന്‍ അവിടെ അല്പനേരംവിശ്രമിച്ചു. ചായയും ബിസ്‌ക്കറ്റും കഴിച്ചു. പിന്നേയും നടന്നുതുടങ്ങി. ഞാന്‍ ഒരേ സമയം രണ്ട് അത്ഭുതങ്ങളെ മാറി മാറി നോക്കി. ഹിമാലയം എന്ന അത്ഭുതത്തേയും മോഹന്‍ലാല്‍ എന്ന അത്ഭുതത്തേയും.

കുറേനടന്നു. ഉച്ചകനത്തു. ഇനിയും ദൂരമുണ്ട് കടുവയുടെ കൂട്ടിലേക്ക്. മരച്ചുവട്ടില്‍ നല്ലൊരു ബെഞ്ച് കണ്ടപ്പോള്‍ അല്പം ഇരുന്നിട്ട് പോകാമെന്നായി ലാല്‍. അപ്പോള്‍ അതുവഴി വന്ന മഹാരാഷ്ട്രക്കാരനായ ഒരു യുവാവ് ലാലിനെ കണ്ടു നിന്നു. എവിടെയോ കണ്ടുമറന്ന മുഖം. ഞാന്‍ ആളിന്റെ പേര് പറഞ്ഞപ്പോള്‍ അയാള്‍ ആദരവോടെ ചിരിച്ചു. ഇദ്ദേഹത്തിന് ആരുടെയെങ്കിലും ഛായ തോന്നുന്നുണ്ടോ, ഞാന്‍ ചോദിച്ചു. അതിസൂക്ഷ്മതയോടെ നോക്കിയിട്ട് അയാള്‍ പറഞ്ഞു, ഷിര്‍ദിയിലെ ബാബയെപ്പോലെ. അതുകേട്ടപ്പോഴും ലാല്‍ പതിവുചിരി ചിരിച്ചു.

പിന്നേയും ഞങ്ങള്‍ മുകളിലേക്ക് കയറി. ചിലപ്പോഴെല്ലാം ഞങ്ങള്‍ രണ്ടുപേരും കിതച്ചുനിന്നു. ഈ മനുഷ്യന് ഇവിടെ വെച്ച് എന്തെങ്കിലും സംഭവിച്ചാല്‍, ഞാന്‍ വെറുതെ ഓര്‍ത്തപ്പോള്‍ ഒരു വിറ എന്റെ ഉള്ളംകാലില്‍ നിന്ന് മൂര്‍ധാവിലേക്ക് പടര്‍ന്നു. ഒറ്റ ക്ലിനിക്കുപോലുമില്ല അടുത്തൊന്നും. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ സ്വത്താണ് ഈ ഇരിക്കുന്നത്. അതിനെ ഭദ്രമായി തിരിച്ചെത്തിക്കേണ്ടതുണ്ട്. കിതപ്പാറിയപ്പോള്‍ ഞങ്ങള്‍ വീണ്ടും കയറ്റം തുടങ്ങി. ഉച്ചയോടെ കടുവയുടെ കൂട്ടിലെത്തി.

ഏകാന്തതയില്‍ മനുഷ്യന് ധ്യാനിക്കാന്‍ പറ്റിയ ഇടം. ഒരുപാട് സമയം അവിടെ ചെലവഴിച്ച ശേഷം താഴെയെത്തിയപ്പോള്‍ സമയം ഏഴരമണി. തിരിച്ചുപോരുന്നതിന്റെ തലേന്ന് വൈകുന്നേരം മുഴുവന്‍ മോഹന്‍ലാല്‍ പാരോയിലെ ആന്റിക് ഷോപ്പുകളില്‍ അലയുകയായിരുന്നു. തനിക്ക് പ്രിയപ്പെട്ടതെന്തൊക്കെയോ അദ്ദേഹം വാരിക്കൂട്ടി. ഷോപ്പിങ് കഴിഞ്ഞപ്പോള്‍ പാരോയിലെ വഴിയോരത്തെ തിണ്ണയില്‍ അതീവസ്വതന്ത്രനായ മനുഷ്യനെപ്പോലെയിരിക്കുന്ന ലാലിന്റെ ചിത്രവും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal Trip To Bhuttan Screekanth kottakkal Write up

We use cookies to give you the best possible experience. Learn more