മലപ്പുറം: താനൂര്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടതെന്നും ആശുപത്രിയില്‍ ആയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്ബുക്കില്‍ എഴിതിയ കുറിപ്പിലൂടെയായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
‘വളരെയധികം വേദനയുണ്ടാക്കുന്ന ദുരന്തമാണ് താനൂരില്‍ സംഭവിച്ചത്. ഇരുപതിലധികം വിലപ്പെട്ട മനുഷ്യജീവനുകളാണ് നഷ്ടപ്പെട്ടത്.
മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു. ഹോസ്പിറ്റലില്‍ ആയവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി മമ്മൂട്ടിയും പൃഥ്വിരാജ് സുകുമാരനും നേരത്തെ രംഗത്തെത്തിയിരുന്നു.
ബോട്ടപകടത്തില്‍ നിരവധി പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്നതാണെന്നും ചികിത്സയിലുള്ളവര്‍ ഉടന്‍ ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.
‘മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേര്‍ മരിച്ച സംഭവം അങ്ങേ അറ്റം ദുഃഖമുണ്ടാക്കുന്നതാണ്.
ദുരന്തത്തില്‍ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ചികിത്സയില്‍ ഇരിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഭേദമായി ജീവിതത്തിലേക്ക് മടങ്ങി എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
‘മരിച്ചവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനവും പ്രാര്‍ത്ഥനയും,’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ എഴുതിയത്.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. അപകടത്തില്‍ ഇതുവരെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 22 മരണമാണ് സ്ഥിരീകരിച്ചത്.
Content Highlight: Actor Mohanlal shares the grief of the family members of those who died in the Tanur accident