| Tuesday, 17th August 2021, 3:00 pm

ഗൗരവക്കാരനാണെങ്കിലും ചെറിയ കുറുമ്പുകളും മമ്മൂട്ടിയുടെ കൈവശമുണ്ട്: രസകരമായ അനുഭവം പങ്കുവെച്ച് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ സ്നേഹം ആവോളം ആസ്വദിക്കുന്ന അഭിനേതാക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. 340ല്‍ അധികം സിനിമകളില്‍ മോഹന്‍ലാലും 400ല്‍ അധികം സിനിമകളില്‍ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്.

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇവര്‍ തമ്മില്‍ വലിയ സൗഹൃദമാണെന്നത് സിനിമാ ലോകം അംഗീകരിക്കുന്ന കാര്യമാണ്. ഇപ്പോള്‍  മോഹന്‍ലാല്‍ മമ്മൂട്ടിയേപ്പറ്റി പറഞ്ഞ ഒരു കമന്റാണ്  വൈറലാകുന്നത്. ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പിലാണ് താരം മമ്മൂട്ടിയേപ്പറ്റി പറയുന്നത്. സിനിമാ ജീവിതത്തില്‍ മമ്മൂട്ടി അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് മോഹന്‍ലാല്‍ ഈ കുറിപ്പ് പങ്കു വെക്കുന്നത്.

‘ ഞാന്‍ ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ വിളിക്കാറ്. നീണ്ട മുപ്പത്തിയൊന്‍പത് വര്‍ഷത്തെ ബന്ധമാണ് ഞങ്ങള്‍ തമ്മില്‍. അന്നും ഇന്നും ഞങ്ങളുടെ ബന്ധത്തിന് ഒരു പോറലും ഏറ്റിട്ടില്ല എന്നതാണ് അതിന്റെ ഊഷ്മളത,’ മോഹന്‍ലാല്‍ എഴുതുന്നു.

പൊതുവേ ഗൗരവക്കാരനെന്ന് അറിയപ്പെടുന്ന മമ്മൂട്ടിക്ക് ചെറിയ കുറുമ്പുകളുമുണ്ടെന്നും അത് തനിക്കറിയാമെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. ‘ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കക്കുണ്ട്. അത് ഞാന്‍ പലപ്പോഴും കണ്ടു പിടിച്ചിട്ടുമുണ്ട്.

ഉദാഹരണം പറയാം, നമുക്ക് അടുത്ത പതിനാറാം തിയ്യതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തിയ്യതി ഒന്നു വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം ഇല്ല അന്ന് പറ്റില്ല എന്നായിരിക്കും.

അതുകൊണ്ട് ഒരിക്കലും പതിനാറാം തിയ്യതിയാണ് നമ്മുടെ ആവശ്യം എന്നു പറയരുത്. മറിച്ച് ആദ്യം പന്ത്രണ്ടോ പതിമൂന്നോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ പതിനാറാം തിയ്യതിയോ എന്ന് ചോദിക്കുക. അത് ഓകെ ആയിരിക്കും. നമുക്കാവശ്യമുളളതും അന്നു തന്നെയാണ്.
ഇതിനെ സ്നേഹക്കുറുമ്പ് എന്നാണ് ഞാന്‍ വിളിക്കാറുളളത്,’ മോഹന്‍ലാല്‍ പറയുന്നു. ഇത് വായിച്ചു കഴിഞ്ഞാല്‍ മമ്മൂട്ടി തന്റെ രീതി മാറ്റുമായിരിക്കുമെന്നും താരം ഓര്‍മിപ്പിക്കുന്നു.

മമ്മൂട്ടിയുടെ രീതികളൊന്നും ഇന്നും മാറിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയിലൊന്നും മമ്മൂട്ടിക്ക് മാറ്റമില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ‘ ഗായകന് ശബ്ദം എന്നതു പോലെ ഒരു നടന്റെ ഏറ്റവും വലിയ സ്വത്ത് സ്വന്തം ശരീരമാണ്. അതിനെ കാത്തു സൂക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ ധര്‍മ്മം. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേയൊരാള്‍ ഞാന്‍ കണ്ടിട്ടുളളതില്‍ മമ്മൂട്ടിയാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരീരം മേദസുകളില്ലാതെ കാത്ത് സൂക്ഷിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന ജാഗ്രതയാണ്.’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

അമ്പത്തിമൂന്ന് സിനിമകളിലധികം മമ്മൂട്ടിയോടൊപ്പം സ്‌ക്രീന്‍ പങ്കിട്ട അനുഭവവും മോഹന്‍ലാല്‍ എഴുതുന്നുണ്ട്. ‘ഞാന്‍ മമ്മൂട്ടിയെപ്പോലെ അഭിനയിക്കാനോ മമ്മൂട്ടി എന്നേപ്പോലെ അഭിനയിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണം ഞങ്ങള്‍ രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് മനുഷ്യരാണ്, രണ്ട് കലാകാരന്‍മാരുമാണ് എന്ന കാര്യം മറ്റാരേക്കാളും ഞങ്ങള്‍ക്കറിയാമായിരുന്നു എന്നതാണ്.’ മോഹന്‍ലാല്‍ പറയുന്നു.

നടനാവാന്‍ വേണ്ടി മാത്രം ജനിച്ചയാളാണ് മമ്മൂട്ടിയെന്നും അദ്ദേഹം വളരെ ദൃഢനിശ്ചയമുളള ആളാണെന്നും മോഹന്‍ലാല്‍ പറയുന്നു. എന്നും ഈ സൗഹൃദം ഇങ്ങനെ തുടരണമേ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലാല്‍ കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal Share an Experiance with Mammootty

We use cookies to give you the best possible experience. Learn more