ഇന്ത്യയിൽ തനിക്ക് മുൻപ് തൈക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത് ഷാരൂഖ് ഖാനും മിസോറാം മുഖ്യമന്ത്രിയായിരുന്ന ലൽതൻവാലയുമാണെന്ന് നടൻ മോഹൻലാൽ.അഭിനയിച്ച എല്ലാ സിനിമകളും തനിക്ക് പ്രിയപ്പെട്ടതാണെന്നും, അതിലെ ചില ചിത്രങ്ങൾ മനസ്സിൽ സവിശേഷ സ്ഥാനത്തുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയുടെ വാർഷിക പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് തന്റെ സിനിമ അനുഭവങ്ങൾ ലാൽ പങ്കുവെച്ചത്.
‘അഭിനയിച്ച എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടതാണ്. അതിൽ ചിലത് എന്റെ ചലച്ചിത്ര ജീവിതത്തിൽ സവിശേഷ സ്ഥാനത്തുള്ളതായി കാണുന്നു, കിരീടത്തിലെ സേതുമാധവൻ, ഭരതത്തിലെ കല്ലൂർ ഗോപിനാഥൻ, മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണി ജോസഫ് എന്നിങ്ങനെ.
വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടൻ കഥകളി നടനാണ്. സവിശേഷമായ പരിശീലനവും അധ്വാനവും വേണ്ട റോളായിരുന്നു അത് 1999 ആ ചിത്രം കാൻ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചപ്പോൾ അത് കഥകളിക്ക് കൂടിയുള്ള അംഗീകാരമായി.
എൻറെ കഥാപാത്രങ്ങളുടെ ഒട്ടേറെ ഡയലോഗുകൾ എൻറെ മനസ്സിലിരുന്ന് ശബ്ദമുയർത്തുന്നുണ്ട്. പെട്ടെന്ന് ഇപ്പോൾ ഓർക്കുന്ന ഒന്ന് ഇംഗ്ലീഷിലാണ്, Past means a bucket of ashes. പ്രണയം എന്ന സിനിമയിൽ ബ്ലെസ്സി എഴുതിയതാണിത്.
സിനിമയ്ക്കിടയിലും കായിക വിനോദങ്ങൾ ഞാൻ കൈവിട്ടില്ല. അങ്ങനെയാണ് 2018 തൈക്വാൻഡോയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത്. എനിക്കു മുൻപ് ഇത് നേടിയ രണ്ടുപേരെ ഉള്ളൂ ഇന്ത്യയിൽ, ഷാരൂഖ് ഖാൻ മറ്റൊന്ന് മിസോറാം മുഖ്യമന്ത്രിയായിരുന്ന ലൽതൻവാലയും. ഞാൻ മുഖ്യമന്ത്രിയായില്ലെന്നേയുള്ളൂ.
വരവേൽപ്പ് എന്ന ചിത്രം കേരളീയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേർക്കാഴ്ചയായിരുന്നു. വിദേശത്തുനിന്ന് നാട്ടിലെത്തി ബസ് സർവീസ് തുടങ്ങിയ ഒരു പാവം മലയാളിയുടെ കഥ, ജീവിതം.
ഈയിടെ കോട്ടയത്ത് ഒരു ബസ്സുടമയോട് തൊഴിലാളി യൂണിയൻ ചെയ്ത കടുംകൈ പത്രത്തിൽ വായിച്ചപ്പോൾ ആ സിനിമ തന്നെയാണ് ഓർത്തത്. കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ സമൂഹ ബോധത്തിന് നീതിബോധത്തിന് എന്താണ് പറ്റിയത്? എനിക്കും സങ്കടവും നിരാശയും തോന്നുന്നു,’ മോഹൻലാൽ പറഞ്ഞു.
Content Highlight: Actor Mohanlal says Shah Rukh Khan and Mizoram Chief Minister Laltanwala won black belts in taekwondo before him