| Wednesday, 22nd December 2021, 1:05 pm

സംവിധായകനെ വിശ്വസിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: താന്‍ ഓരോ സിനിമയും സംവിധായകനില്‍ വിശ്വാസമര്‍പ്പിച്ചാണ് ചെയ്യുന്നതെന്ന് മോഹന്‍ലാല്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

മരക്കാറിലെ ഏതെങ്കിലും രംഗം വെല്ലുവിളിയുള്ളതായി തോന്നിയിരുന്നോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എന്നെ വീക്ഷിക്കാന്‍ സംവിധായകന്‍ എന്നൊരാള്‍ മുന്നിലുണ്ടാകും. ഞാന്‍ 100 ശതമാനവും സംവിധായകനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഞാന്‍ അദ്ദേഹത്തെ പൂര്‍ണമായും വിശ്വസിക്കുന്നു,’ മോഹന്‍ലാല്‍ പറയുന്നു.

സംവിധായകന്‍ തന്നോട് ഒരു ടേക്ക് കൂടി പോകണമെന്ന് ആവശ്യപ്പെട്ടാല്‍ അതിലെ പാളിച്ചകള്‍ എന്താണെന്ന് മനസിലാക്കിയ ശേഷം ചെയ്തുകൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു രംഗം അഭിനയിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിനയത്തില്‍ ഒന്നും അസാധ്യമല്ലെന്നാണ് താന്‍ കരുതുന്നതെന്നും അതിനാലാണ് സിനിമയെ മെയ്ക്ക് ബിലീവ് എന്ന് വിളിക്കുന്നതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ക്ക് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ സംവിധായകന്‍ അത് ചൂണ്ടിക്കാണിക്കും. അപ്പോള്‍ നമുക്ക് റീടേക്കിന് പോകാം,’ മോഹന്‍ലാല്‍ പറഞ്ഞു.

മരക്കാറിനെ സംബന്ധിച്ച് ആക്ഷന്‍ രംഗങ്ങളായിരുന്നു ബുദ്ധിമുട്ടേറിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തിയേറ്റര്‍ റിലീസിന് പിന്നാലെ ഡിസംബര്‍ 17 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal says he is full trust Director

We use cookies to give you the best possible experience. Learn more