സാമൂതിരിയുടെ കപ്പല്‍ പടത്തലവന്‍ കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘മരയ്ക്കാര്‍, അറബിക്കടലിന്റ സിംഹം’ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
എന്നാല്‍ ചരിത്ര സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ചരിത്രത്തോട് നീതി പുലര്‍ത്തുന്നില്ലെന്ന പരാതിയുമായി കുഞ്ഞാലി മരയ്ക്കാരുടെ താവഴിയില്‍ പെട്ട മുഫീദ അരാഫത്ത് മരയ്ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്യരുതെന്ന ആവശ്യവുമായി ഇവര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
ചരിത്രസിനിമ എന്ന വിശേഷണവുമായി എത്തുന്ന ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ തലപ്പാവിലെ ഗണപതി വിഗ്രഹമായിരുന്നു പ്രധാന തര്‍ക്ക വിഷയം.
ഇസ്‌ലാം മതവിശ്വാസിയായ കുഞ്ഞാലി മരയ്ക്കാര്‍ തന്റെ തലപ്പാവില്‍ ഒരിക്കലും അത്തരം ചിഹ്നങ്ങള്‍ ഉപയോഗിച്ചിരുന്നില്ലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. ചരിത്രരേഖകളിലെ കുഞ്ഞാലി മരയ്ക്കാരുടെ ഛായാചിത്രങ്ങള്‍ തെളിവായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഇത്തരമൊരു പരാതിയുമായി ഇവര്‍ രംഗത്തെത്തിയത്. തുര്‍ക്കി തൊപ്പിയോടായിരുന്നു കുഞ്ഞാലി മരയ്ക്കാരുടെ തലപ്പാവിന് സാദൃശ്യം. എന്നാല്‍ ചിത്രത്തില്‍ അത് സിഖുകാരുടെ തലപ്പാവിന് സമാനമായ രൂപത്തിലായിരുന്നു.
അടിസ്ഥാനപരമായ ഗവേഷണം പോലും നടത്താതെയാണ് സിനിമയുടെ തിരക്കഥയും ചിത്രീകരണവുമെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്‍ അഡ്വ നൂറുദ്ദീന്‍ പറഞ്ഞത്. ചരിത്രത്തോട് നീതി പുലര്‍ത്താത്ത സിനിമ അദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, ഒരു സമുദായത്തെയാകെ അപമാനിക്കുകയാണെന്നും മുഫീദ മരയ്ക്കാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞാലിമരയ്ക്കാരുടെ തലപ്പാവില്‍ കാണുന്ന ചിഹ്നവുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദവുമായി ബന്ധപ്പെട്ട് ലാല്‍ പ്രതികരിച്ചത്. കുഞ്ഞാലിമരയ്ക്കാരുടെ തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടേതല്ലെന്നും ആനയുടേതാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.
‘ കുഞ്ഞാലിമരയ്ക്കാരുടെ തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണത്. സാബുസിറിലിന്റെ ചിന്തയിലാണ് അത്തരമൊരു രൂപം പിറന്നത്. സാമൂതിരിയുടെ കൊടിയടയാളം എന്താണെന്ന് ആര്‍ക്കും അറിയില്ല. ഒരുപാട് അന്വേഷിച്ചെങ്കിലും എവിടെ നിന്നും യഥാര്‍ത്ഥ വിവരം ലഭിച്ചില്ല. രാജാവിന് ഒരു കൊടിയടയാളം ഉണ്ടാകുമല്ലോ അതെന്താണെന്ന ചിന്തയുമായി മുന്നോട്ടുപോയപ്പോഴാണ് ആനയും ശംഖും ചേര്‍ന്ന കേരള സര്‍ക്കാര്‍ മുദ്ര ശ്രദ്ധയില്‍പ്പെട്ടത്. അത്തരമൊരു അടയാളം എങ്ങനെ വന്നിരിക്കുമെന്ന ആലോചനയില്‍, ആന വടക്കുഭാഗത്തേയും ശംഖ് തെക്കുഭാഗത്തേയും പ്രതിനിധാനം ചെയ്‌തെത്തിയതായേക്കാമെന്ന ധാരണ ശക്തമായി. സാമൂതിരിയുടെ കൊട്ടാരങ്ങളിലെല്ലാം നിറയെ കാണുന്ന ആന തന്നെയാകാം അദ്ദേഹത്തിന്റെ രാജചിഹ്നമെന്ന് മനസുകൊണ്ട് ഉറപ്പിച്ചു. പടത്തലവന്‍ കുഞ്ഞാലിമരക്കാര്‍ക്ക് സാമൂതിരി സമ്മാനിച്ച രാജമുദ്ര ആനയുടേതാകാം എന്ന തീരുമാനത്തിലെത്തി’, മോഹന്‍ലാല്‍ പറഞ്ഞു.
‘വൈദേശികരോട് യുദ്ധം ചെയ്യുന്ന കടലില്‍ ജാലവിദ്യകാണിക്കുന്ന വീരയോദ്ധാവാണ് കുഞ്ഞാലിമരക്കാര്‍. ചരിത്രത്തില്‍ പലയിടങ്ങളിലായി അദ്ദേഹത്തിന്റെ ജീവിതം കാണുന്നുണ്ട്. വേഷവിധാനവും ഭാഷയുമെല്ലാം ഏറെ ചര്‍ച്ച ചെയ്തതാണ് തീരുമാനിച്ചത്. കേരളത്തിലങ്ങോളമിങ്ങോളമുള്ള മലയാളികള്‍ക്ക് മനസിലാകുന്ന മൊഴിവഴക്കമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മരക്കാരുടെ വേഷത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അക്കാലത്തെ മലബാറിലെ പുരുഷന്‍മാരുടെ പൊതുവേഷം കൈലിമുണ്ടാണെന്ന് മനസിലായി. എന്നാല്‍ കൈലി ഉടത്ത് യുദ്ധംചെയ്യാന്‍ പ്രയാസമാണ്. കൈയും കാലും അനായാസം ചലിപ്പിക്കാന്‍ പാകത്തിലുള്ള വസ്ത്രധാരണമാണ് യുദ്ധമുഖത്ത് വേണ്ടത്. രക്ഷാകവചത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ യുദ്ധത്തില്‍ പുറകില്‍ നിന്നും വശങ്ങളില്‍ നിന്നുമെല്ലാം ആക്രമണം ഉണ്ടാകാം. അത്തരം യുക്തികളെ മുന്‍നിര്‍ത്തിയാണ് പടച്ചട്ടയും മറ്റും ചിട്ടപ്പെടുത്തിയത്, മോഹന്‍ലാല്‍ പറയുന്നു.
കുഞ്ഞാലിമരയ്ക്കാറാകാന്‍ താന്‍ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ലെന്നും അല്ലെങ്കില്‍ തന്നെ കുഞ്ഞാലിമരക്കാറെ അവതരിപ്പിക്കാന്‍ ആരേയാണ് മാതൃകയാക്കേണ്ടതെന്നും ലാല്‍ ചോദിക്കുന്നു. എല്ലാ സിനിമകളിലേയും പോലെ അഭിനയിക്കേണ്ട ഭാഗം കഴിയാവുന്നത്ര ഭംഗിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ പ്രിയദര്‍ശന് കുഞ്ഞാലിമരയ്ക്കാര്‍ സിനിമയെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അണിയറ പ്രവര്‍ത്തനങ്ങളിലൊന്നും സംശയത്തിന് വകനല്‍കാതെ അദ്ദേഹമത് ചിത്രീകരിച്ചു. പ്രിയദര്‍ശന്‍ എന്ന സംവിധായകനെ വിശ്വാസിച്ചാണ് ഞാനും ആന്റണിയുമെല്ലാം സിനിമയുടെ ഭാഗമായത്’, മോഹന്‍ലാല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക