വളരെ എളുപ്പത്തില്‍ കഥാപാത്രമായി മാറാനുള്ള മോഹന്‍ലാലിന്റെ കഴിവ് പല താരങ്ങളും പല അവസരങ്ങളിലും പറഞ്ഞ് കേട്ടിട്ടുണ്ട്. ടേക്കിന് തൊട്ടുമുന്‍പ് വരെ കളിതമാശകള്‍ പറഞ്ഞു നടക്കുന്ന ആള്‍ ഞൊടിയിടകൊണ്ട് കഥാപാത്രമായി മാറുന്ന മാജിക് ആണ് തങ്ങള്‍ കാണാറ് എന്നാണ് സഹതാരങ്ങള്‍ പലരും പറഞ്ഞുകേട്ടിട്ടുള്ളത്.
എന്നാല്‍ അതിനായി താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും എന്നാല്‍ ഏതൊരു സിനിമയായാലും അഭിനയിക്കുന്നതിന് തൊട്ടുമുന്‍പ് താന്‍ ചെയ്യുന്ന ഒരു കാര്യമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.
ഏത് തരത്തിലുള്ള മുന്നൊരുക്കമാണ് മോഹന്‍ലാല്‍ കഥാപാത്രമാകാന്‍ നടത്താറുള്ളതെന്നും കഥാപാത്രത്തിനായുള്ള അന്വേഷണം എങ്ങനെയാണെന്നുമുള്ള നടന്‍ ജയസൂര്യയുടെ ചോദ്യത്തിനാണ് ലാല്‍ മറുപടി പറയുന്നത്.
‘ഞാന്‍ ഒരു കഥാപാത്രം ചെയ്യുന്നതിന് മുന്‍പ് ചെയ്യുന്ന ഒരു കാര്യം എന്നത് ആദ്യത്തെ ദിവസം മേക്കപ്പ് ഇടുന്നതിന് മുന്‍പ് ഞാന്‍ ഒരു നിമിഷം പ്രാര്‍ത്ഥിക്കും. എന്നുപറഞ്ഞാല്‍ ഈ സിനിമ ഭയങ്കര സംഭവമാകണേ എന്നൊന്നുമല്ല. എന്നെ സഹായിക്കണേ എന്നാണ്.
എനിക്ക് അറിയാത്ത ഒരു കാര്യമാണ് ഞാന്‍ ചെയ്യാന്‍ പോകുന്നത് അതുകൊണ്ട് ദയവുചെയ്ത് എന്നെ സഹായിക്കണേ എന്നെ അനുഗ്രഹിക്കണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കാറ്. നമ്മള്‍ ഒരാളോട് ഒരു സഹായം ചോദിച്ചുകഴിഞ്ഞാല്‍ അത് ചെയ്തുതരേണ്ട ഒരു കടമ ഈ പ്രകൃതിയ്ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദയവുചെയ്ത് എന്നെ സഹായിക്കൂ എന്ന് പ്രാര്‍ത്ഥിക്കും. അതാണ് എന്റെ അഭിനയം’, മോഹന്‍ലാല്‍ പറയുന്നു.
യങ് ആക്ടേഴ്‌സിന് കൊടുക്കാനുള്ള ഉപദേശം എന്താണെന്നും ഒന്നുമില്ലെന്ന് മാത്രം പറയരുതെന്നും ജയസൂര്യ ചോദിച്ചപ്പോള്‍ ഒന്നുമില്ല എന്ന് പറയുന്നില്ല എല്ലാം ഉണ്ടാകണം എന്നായിരുന്നു ലാലിന്റെ മറുപടി.
ലാലേട്ടനെ ആരാധകര്‍ ഏത് പേരിലാണ് ഏറ്റവും കൂടുതല്‍ അഭിസംബോധന ചെയ്തിരിക്കുന്നത് എന്ന ചോദ്യത്തിന് ലാലേട്ടാ എന്ന പേരില്‍ തന്നെയാണെന്നും സര്‍വകലാശാല എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേര് അതായിരുന്നല്ലോ എന്നും മോഹന്‍ലാല്‍ പറയുന്നു.
ലാലേട്ടനില്‍ പോസിറ്റീവായുള്ള കാര്യം എന്താണെന്ന ചോദ്യത്തിന് ‘ഒരു കാര്യവും ഇല്ല’ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക