നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം, അതിന് അവസരമുണ്ടാകും; കര്‍ഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാല്‍
farmers protest
നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം, അതിന് അവസരമുണ്ടാകും; കര്‍ഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th February 2021, 3:38 pm

കൊച്ചി: കര്‍ഷക സമരത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ നടന്‍ മോഹന്‍ലാല്‍. താര സംഘടനയായ അമ്മയുടെ പുതിയ കെട്ടിടോദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെയായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്‍ കര്‍ഷക സമരത്തെ കുറിച്ച് ചോദ്യം ചോദിച്ചത്. ‘രാജ്യവ്യാപകമായി വലിയ സമരം നടന്നുകൊണ്ടിരിക്കുന്നു, സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പ്രതികരിക്കുന്നു, മലയാളത്തിലെ താരങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? താങ്കള്‍ അടക്കമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കുന്നതാണ്, ഈ വിഷയത്തില്‍ മാത്രം എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?’ , എന്നായിരുന്നു ചോദ്യം.

ഇതിന് മറുപടിയായി ഇതേ കുറിച്ച് നമുക്ക് അടുത്ത പ്രാവശ്യം സംസാരിക്കാം അതിന് അവസരമുണ്ടാകും എന്നായിരുന്നു ലാലിന്റെ മറുപടി. നേരത്തെ മലയാളത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് പിന്തുണയുമായി നടന്‍ സലിം കുമാര്‍, ഗായിക സയനോര ഫിലിപ്പ്, മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി ജോസഫ് തുടങ്ങി നിരവധി പേര്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് ഗായിക റിഹാന രംഗത്തെത്തിയതിന് പിന്നാലെ റിഹാനയെ അനുകൂലിച്ചും പ്രതികൂലിച്ചും ഇന്ത്യയിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അക്ഷയ് കുമാര്‍, ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ റിഹാനക്കെതിരെ രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍.

ഈ വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ടും കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചും തപ്‌സി പന്നു, അനുഭവ് സിന്‍ഹ, സിദ്ധാര്‍ത്ഥ്, പ്രകാശ് രാജ്, കുനാല്‍ കമ്ര തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്നാണ് തപ്‌സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവര്‍ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Actor Mohanlal responds to a question about the farmers’ strike