മലയാള സിനിമയില്‍ ഒരു വേറിട്ട പരീക്ഷണവുമായി എത്തിയ ചിത്രമായിരുന്നു 1990ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കടത്തനാടന്‍ അമ്പാടി. പ്രേംനസീര്‍, മോഹന്‍ലാല്‍, സ്വപ്ന, രാധു തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ഈ ചിത്രം എന്നാല്‍ സാമ്പത്തികമായി വലിയ വിജയമായിരുന്നില്ല.
അക്കാലത്ത് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത് തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഇത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രേംനസീര്‍ മരണപ്പെട്ടതും ക്ലൈമാക്‌സ് രംഗത്തിലുണ്ടായ അപകടവുമെല്ലാം ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.
ഒരു ഗുഹയുടെ സെറ്റിട്ട് അതിലായിരുന്നു സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ കഥാപാത്രമായ അമ്പാടി ഗുഹയ്ക്കുള്ളിലെ ശക്തമായ നീരൊഴുക്കില്‍ നിന്നും ഓടി രക്ഷപ്പെടുന്നതായിരുന്നു രംഗം. എന്നാല്‍ അന്ന് ആ രംഗം ചിത്രീകരിക്കുന്നതിനിടെ ഒരു വലിയ അപകടമുണ്ടായി.
വെള്ളത്തിന്റെ ഒഴുക്ക് പ്രതീക്ഷിച്ചതിലും ശക്തമാവുകയും തിരക്കഥയുടെ ഒറിജിനല്‍ കോപ്പി വച്ചിരുന്ന മേശയടക്കം വെള്ളപ്പാച്ചിലില്‍ ഒലിച്ചു പോവുകയും ചെയ്തു.
തിരക്കഥയുടെ ആകപ്പാടെ ഉണ്ടായിരുന്നഒരേ ഒരു കോപ്പി നഷ്ടമായതിലൂടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പലതും, പ്രധാനമായും ഡബ്ബിംഗ് അടക്കം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. പിന്നീട്, വീഡിയോയില്‍ താരങ്ങളുടെ ചുണ്ടനക്കം നോക്കി വരികള്‍ എഴുതിയെടുത്താണ് ഈ ചിത്രം ഡബ്ബ് ചെയ്തത്. മാത്രമല്ല മോഹന്‍ലാല്‍ എന്ന നടന്റെ ജീവന്‍പോലും നഷ്ടപ്പെട്ടേക്കാവുന്ന ഒരു അപകടമായിരുന്നു അന്ന് നടന്നത്.
അന്നത്തെ ആ അപകടം താന്‍ ഇന്നും നടുക്കത്തോടെയാണ് ഓര്‍ക്കുന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഈ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം ലാല്‍ പങ്കുവെച്ചത്.
‘ സിനിമയുടെ ഒരു രംഗത്തില്‍ അമ്പാടി ഓടി വരുമ്പോള്‍ പിന്‍വശത്തു നിന്ന് വെള്ളം ചീറ്റിവരണം. അതിനായി അന്ന് സെറ്റില്‍ വലിയൊരു ടാങ്ക് നിര്‍മ്മിച്ച് അതില്‍ വെള്ളം നിറച്ചു. ടാങ്കിന്റെ ഒരു ഭാഗത്തുള്ള ഇരുമ്പുഷട്ടര്‍ പൊക്കുമ്പോള്‍ വെള്ളം ഇരച്ച് പുറത്തേക്ക് വരുന്ന തരത്തിലാണ് കാര്യങ്ങള്‍ ഒരുക്കിയത്. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞു. ഞാന്‍ ഓടാന്‍ തുടങ്ങി. പക്ഷേ ടാങ്കിന്റെ ഷട്ടര്‍ പൊങ്ങിയില്ല. വെള്ളത്തിന്റെ മര്‍ദ്ദം കൊണ്ട് ഷട്ടറിന്റെ ഇരുമ്പുഷീറ്റുകള്‍ വളഞ്ഞുപോകുകയായിരുന്നു.
പിന്നീട് എഞ്ചിനീയറെ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് ആരാണ് ഇത്തരത്തിലൊരു ടാങ്ക് നിര്‍മിച്ചത് എന്നാണ്. ഷട്ടര്‍ തുറന്നിരുന്നെങ്കില്‍ വെള്ളത്തിന്റെ കുത്തൊഴുക്ക് വിചാരിച്ചതിലും എത്രയോ ശക്തമായിരിക്കും. മുന്‍പിലോടുന്ന ഞാന്‍ വെള്ളത്തിന്റെ പ്രഹരത്തില്‍ തെറിച്ചുപോകുമായിരുന്നു. മിക്കവാറും അന്ന് തന്നെ കാര്യങ്ങള്‍ അവസാനിച്ചിരിക്കും’ മോഹന്‍ലാല്‍ പറഞ്ഞു.
എന്നാല്‍ ഇന്ന് അങ്ങനെയുള്ള പ്രതിസന്ധികളൊന്നുമില്ലെന്നും അത്തരം രംഗങ്ങളെല്ലാം ഒരു ബുദ്ധിമുട്ടും കൂടാതെ ചിത്രീകരിക്കാന്‍ കഴിയുമെന്നും റിലീസിനൊരുങ്ങുന്ന കുഞ്ഞാലിമരക്കാരില്‍ തീയും വെള്ളവും നിറഞ്ഞ ഒട്ടനവധി മനോഹരമായ ദൃശ്യങ്ങള്‍ കാണാമെന്നും മോഹന്‍ലാല്‍ പറയുന്നു.
കടത്തനാടന്‍ അമ്പാടിയുടെ ചിത്രീകരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകമാണ് പ്രേംനസീര്‍ അന്തരിക്കുന്നത്. ചിത്രത്തിലെ പ്രധാന വേഷമായ പയ്യപ്പിള്ളി ചന്തു ഗുരുക്കളുടെ വേഷമായിരുന്നു നസീര്‍ ചെയ്തത്. അദ്ദേഹത്തിന്റെ മരണത്തോടെ ആ കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനായി, അന്നത്തെ പ്രശസ്ത മിമിക്രി താര മായിരുന്ന ജയറാമിനെ സമീപിച്ചു. എന്നാല്‍, പ്രേംനസീറിനെ വളരെ ഭംഗിയായി അനുകരിക്കാന്‍ അറിയാം എന്നല്ലാതെ ഡബ്ബിംഗ് കല തീരെ വശമില്ലാതിരുന്ന ജയറാമിന് ആ ഉദ്യമത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നു. പിന്നീട്, ഷമ്മി തിലകനാണ് നസീറിനു വേണ്ടി ഡബ്ബ് ചെയ്തത്. ഈ ചിത്രത്തില്‍, നസീറിനടക്കം ഇരുപതോളം താരങ്ങള്‍ക്ക് ഷമ്മി തിലകന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mohanlal Remember The Accident On Shooting Location