മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞതില്‍ മരക്കാര്‍ ടീമിന് അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്. മരക്കാര്‍ സിനിമയുടെ
തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാന്‍ അര്‍ഹമായ സ്ഥലം തീയേറ്റര്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുകയാണ്. ഞങ്ങള്‍ക്ക് സന്തോഷം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിമനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റ് അതിന്റെ എല്ലാ മഹത്വത്തിലും നിങ്ങള്‍ അനുഭവിക്കാന്‍ പോകുകയാണ്, അര്‍ഹമായ സ്ഥലത്ത് നിന്ന് സിനിമയുടെ തകര്‍പ്പന്‍ ഫ്രെയിമുകള്‍ ആസ്വദിക്കാം,.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ 2021 ഡിസംബര്‍ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും!,’ മോഹന്‍ ലാല്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ അറിയിച്ചിരുന്നു. യാതൊരു വിധത്തിലുള്ള ഉപാധികളുമില്ലാതെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനമാ സംഘടനയുടെ പ്രതിനിധികളായ ഷാജി എന്‍. കരുണ്‍, സുരേഷ് കുമാര്‍ വിജയകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സിനിമ തിയേറ്ററില്‍ റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ സാമ്പത്തിക പ്രശ്നങ്ങളുടെ ഭാഗമായാണ് ചിത്രം ഒ.ടി.ടിക്ക് കൈമാറുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും എന്നാല്‍ മലയാള സിനിമയുടെ നിലനില്‍പിന് വേണ്ടിയും കേരളത്തില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ജീവിതം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ച് അദ്ദേഹം ഇപ്പോള്‍ ചെയ്തിട്ടുള്ളത് വലിയൊരു വിട്ടുവീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സിനിമയുടെ ഭാഗമായി സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ മോഹന്‍ലാലും സര്‍ക്കാരുമായി ആത്മാര്‍ത്ഥമായാണ് സഹകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാര്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്‌റര്‍ടൈന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി. കുരുവിള, റോയ് സി.ജെ. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബദാമി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.