മുംബൈ: നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയുടെ ഫേസ് ഓഫ് ദി വീക്ക് ആയി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലാണ് ഈ ആഴ്ചയിലെ മുഖമായി മോഹന്‍ലാലിനെ തെരഞ്ഞെടുത്തത്.
കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ്.
മേയ് 17 മുതല്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സിന്റെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാലിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം അഭിനയിച്ച ചില സിനിമകളുടെ വിവരണവും ഉണ്ട്. മാത്രമല്ല തിങ്കളാഴ്ച ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രമായി മോഹന്‍ലാലിന്റെ ചിത്രമാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഉപയോഗിച്ചിരിക്കുന്നത്.
വാനപ്രസ്ഥം, വസ്തുഹാര, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഉള്ളടക്കം, നാടോടിക്കാറ്റ്, ഇരുവര്‍ തുടങ്ങിയ സിനിമകളുടെ ദൃശ്യഭാഗങ്ങളും ഈ ആഴ്ചയിലെ വിവിധ ദിവസങ്ങളിലായി ഫേ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയായിരുന്നു മോഹന്‍ലാലിന്റെ 61-ാം ജന്മദിനം. 1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്.
സുഹൃത്ത് അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മുഖ്യധാര സിനിമയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
40 വര്‍ഷത്തിലധികം മുന്നൂറ്റി അമ്പതോളം സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.
അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
തന്റെ സിനിമാ ജീവിതത്തില്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായിരിക്കുകയാണ് മോഹന്‍ലാല്‍. ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് ആവുന്നത്.
നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actor Mohanlal Face of the Week National Film Archive of India