അബുദാബി: കൊവിഡ് മഹാമാരി സമയത്തെ ആരോഗ്യപ്രവര്‍ത്തകരുടെ ജീവിതം സിനിമയാക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. അബുദാബി ബുര്‍ജീല്‍ ആശുപത്രിയിലെത്തിയ മോഹന്‍ലാല്‍ ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് കണ്ടിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം. ആരോഗ്യപ്രവര്‍ത്തകരുടെ നിലവിലെ ജീവിതം സിനിമയാക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അത്തരമൊരു സിനിമ നിര്‍മിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘മഹാമാരി സമയത്ത് നിങ്ങള്‍ ചെയ്ത സേവനത്തിന് എത്ര നന്ദി പറഞ്ഞാലും പോരാതെ വരും, നിങ്ങളുടെ ധൈര്യപൂര്‍വ്വമുള്ള പ്രവര്‍ത്തനങ്ങളെ കാണിക്കുന്ന ചിത്രം വെല്ലുവിളിയാണെങ്കിലും ഞാന്‍ അത് ഏറ്റെടുക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
മരണ ശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും നഴ്‌സുമാരുടെ പ്രയത്നം കാണുമ്പോള്‍ ആ തീരുമാനം വളരെ ശരിയായിരുന്നുവെന്ന് തനിക്ക് തോന്നുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര നഴ്സസ് ദിനമായ മെയ് 12ന് കൊവിഡ് മഹാമാരിയില്‍ സേവനം അനുഷ്ഠിക്കുന്ന യു.എ.ഇയിലെ നഴ്സുമാരെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. അന്ന് അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട് താന്‍ നേരിട്ട് വന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസം യു.എ.ഇയില്‍ എത്തിയിരുന്നതായിരുന്നു മോഹന്‍ലാല്‍. മമ്മൂട്ടിയ്ക്കും യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കിയിട്ടുണ്ട്.
നേരത്തെ നിപ വൈറസിനെതിരായ കേരളത്തിന്റെ പോരാട്ടം വൈറസ് എന്ന പേരില്‍ ആഷിഖ് അബു സിനിമയാക്കിയിരുന്നു. ഇതില്‍ രോഗിയെ ശുശ്രൂഷിക്കുന്നതിനിടെ നിപ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ ജീവിതവും ഇടം നേടിയിരുന്നു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്ത്, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ ആസിഫ് അലി എന്നിവര്‍ അഭിനയിച്ച ടേക്ക് ഓഫ് എന്ന സിനിമ വിദേശത്ത് ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ജീവിതമാണ് പറഞ്ഞിരുന്നത്.