ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ഈ വിജയം പ്രചോദനമാകട്ടെ; ആനി ശിവക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
Movie Day
ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ഈ വിജയം പ്രചോദനമാകട്ടെ; ആനി ശിവക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th June 2021, 6:21 pm

തിരുവനന്തപുരം: സബ് ഇന്‍സ്പെക്ടര്‍ ആനി ശിവക്ക് അഭിനന്ദനവുമായി നടന്‍ മോഹന്‍ലാല്‍. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിക്ക് അഭിനന്ദനങ്ങളെന്ന് മോഹന്‍ലാല്‍ ഫേ്‌സ്ബുക്ക് പോസ്റ്റിലൂട പറഞ്ഞു. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്നും അദ്ദേഹം എഴുതി.

അതേസമയം, ആനി ശിവയെ അഭിനന്ദിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.
വലിയ പൊട്ടിലൂടെയല്ല വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിനടിയില്‍ നിരവധി പേരാണ് ഉണ്ണിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വലിയപൊട്ടിലൂടെയല്ല സ്ത്രീശാക്തീകരണം പുതിയ അറിവിന് നന്ദിയെന്നും ഒരു തലമുറക്ക് മുമ്പുള്ള പല സ്ത്രീകളും വലിയപൊട്ടുതൊടുന്നവരായിരുന്നുവെന്നും പക്ഷേ അവരാരും സ്ത്രീശാക്തീകരണം എന്നു പറഞ്ഞുനടന്നവരായിരുന്നില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. അതൊക്കെ സ്വന്തം ഇഷ്ടമാണ് അതും ഇതുമായി കൂട്ടികുഴക്കുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം.

സ്വന്തം വീട്ടുകാരാല്‍ തിരസ്‌കരിക്കപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് 18ാമത്തെ വയസില്‍ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന ആനി ശിവ 14 വര്‍ഷങ്ങള്‍ക്കിപ്പുറം സബ് ഇന്‍സ്പെക്ടറായി ജോലി നോക്കുകയാണ്.

ആദ്യം കറിപൗഡറും സോപ്പും വീടുകളില്‍ കൊണ്ടു നടന്ന് കച്ചവടം നടത്തുകയും പിന്നീട് ഇന്‍ഷുറന്‍സ് ഏജന്റായി ജോലി ചെയ്യുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ടും റെക്കോര്‍ഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവ വേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പം കൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനും പോയാണ് സോഷ്യോളജിയില്‍ ബിരുദം നേടുന്നത്.

2014ല്‍ ആണ് സുഹൃത്തിന്റെ പ്രേരണയില്‍ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേരുന്നത്. വനിതാ തസ്തികയിലേക്കും പരീക്ഷയെഴുതി. 2016ല്‍ വനിതാ പൊലീസ് ആയി ജോലി കിട്ടി. 2019ല്‍ എസ്.ഐ. പരീക്ഷയിലും വിജയിച്ചു. പരിശീലനത്തിന് ശേഷം 2021 ജൂണ്‍ 25ന് വര്‍ക്കലയില്‍ എസ്.ഐ. ആയി ആദ്യനിയമനം ലഭിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS: Actor Mohanlal congratulates sub Inspector Anie Siva