ഭൂട്ടാനിലെ പട്ടണവഴികളിലൂടെ ആരാലും അറിയപ്പെടാതെ നടക്കുന്ന മോഹന്‍ലാലിനെ കുറിച്ചും ആ യാത്ര അദ്ദേഹം ആസ്വദിക്കുന്നതിനെ കുറിച്ചുമാണ് ശ്രീകാന്ത് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എഴുതിയ യാത്രവിവരണത്തില്‍ പറയുന്നത്.
പതിനെട്ടാം വയസില്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ വന്ന് പ്രശസ്തനായ അസാധാരണക്കാരനായ ഒരു മനുഷ്യന്‍ സാധാരണക്കാരനായി ജീവിക്കുവാനും സ്വതന്ത്രമായി നടക്കാനും മോഹിക്കുന്നതിന്റെ നേരിട്ടുള്ള ഉദാഹരണമായിട്ടാണ് ലാലിന്റെ അന്നത്തെ നടത്തത്തെ തനിക്ക് തോന്നിയതെന്ന് ശ്രീകാന്ത് പറയുന്നു.
ചെറിയ റോഡുകള്‍ മുറിച്ചുകടക്കുമ്പോള്‍ പോലും ലാല്‍ കൂടെയുള്ളവരുടെ കയ്യില്‍ പിടിക്കും. അതിന്റെ കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എത്രയോ കാലമായി ക്യാമറയ്ക്ക് മുന്നിലല്ലാതെ ഞാന്‍ റോഡ് മുറിച്ചുകടന്നിട്ട്’ മോഹം തീര്‍ക്കാനെന്ന വണ്ണം പല തവണ അദ്ദേഹം തിമ്പുവില്‍ റോഡ് മുറിച്ചുകടന്നു. സ്വതന്ത്രനായി ചില കടകളില്‍ കയറി.
തിമ്പുവിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ സന്ദര്‍ശകരായി ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരക്കൂട്ടങ്ങള്‍ക്ക് നടുവില്‍ തീര്‍ത്തും നിശബ്ദമായ ഒരിടം. അവിടെ ആരും വരാതെ ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള കഫറ്റീരിയകള്‍. അവിടെ ഇരിക്കാന്‍ വട്ടത്തില്‍ ചെത്തിയ മരക്കുറ്റികള്‍. തണുത്ത പകലില്‍ എത്ര നേരം ഞങ്ങള്‍ അവിടെ ഇരുന്ന് എന്ന് ഓര്‍മ്മയില്ല. തിരിച്ച് തിമ്പു നഗരത്തിലെത്തിയപ്പോള്‍ മോഹന്‍ ലാലിന് ഒരു മോഹം. റോഡിന് നടുവിലെ ഡിവൈഡറിലൂടെ ഒന്നു നടക്കണം. നാട്ടില്‍ ഒരിക്കല്‍ പോലും ആലോചിക്കാന്‍ പറ്റാത്ത കാര്യം. സ്വതന്ത്രനായി ലാല്‍ കുറേ നേരം ഡിവൈഡറിലൂടെ നടന്നു. അത് കഴിഞ്ഞ് പല മാര്‍ക്കറ്റുകളിലൂടെ ഊളിയിട്ടു.
ഒരിടത്ത് റോഡരികില്‍ വെച്ച് കുറച്ചുയുവാക്കള്‍ ലാലിന്റെയടുത്ത് വന്നു. അവര്‍ക്ക് മുഖം നല്ല പരിചയം. അവര്‍ കുറേക്കാലം തിരുവനന്തപുരത്ത് നിര്‍മാണ തൊഴിലാളികളായുണ്ടായിരുന്നു. ചുമരുകളില്‍ നിറയെ കണ്ട ഓര്‍മ്മകളിലാണ് അവര്‍ ഓടിവന്നത്. ആ മനുഷ്യനും ഈ മനുഷ്യനും ഒരാള്‍ തന്നെയെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അവര്‍ക്കത്ഭുതം. തന്നെ തിരിച്ചറിയുന്ന കണ്ണുകള്‍ ഭൂട്ടാനിലും പിന്തുടരുന്നു എന്നറിഞ്ഞതോടെ ലാല്‍ പറഞ്ഞു, ഇനി നമുക്ക് ഡിവൈഡറില്‍ കയറണ്ട!!
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക