ഉന്മാദിയായ യാത്രികാ, പോകൂ... ഞങ്ങളേയും കൊണ്ടുപോകൂ
FB Notification
ഉന്മാദിയായ യാത്രികാ, പോകൂ... ഞങ്ങളേയും കൊണ്ടുപോകൂ
ലിജീഷ് കുമാര്‍
Wednesday, 24th March 2021, 7:00 pm

സെന്‍ ബുദ്ധിസ്റ്റ് പുരോഹിതനായിരുന്ന ഒരു കിടിലന്‍ ചിത്രകാരനുണ്ട്, സെസ്ഷൂ ടോയോ. അയാളെക്കുറിച്ച് ആയിരം നാടോടിക്കഥകളുണ്ട് ജപ്പാനില്‍. അതിലൊരെണ്ണം പറയാം, ചിത്രകലയും പൗരോഹിത്യവും മുഖാമുഖം നിന്ന ഒരു കഥ.

പലവട്ടം, പല രീതിയില്‍ പറഞ്ഞ് മടുത്ത ശേഷമാണ്, ഒരു ദിവസം മഠാധിപതി നേരിട്ട് ചെന്ന് സെസ്ഷൂവിനോട് പറഞ്ഞു, ”നിങ്ങളൊരു നല്ല ആര്‍ട്ടിസ്റ്റാണ്, പക്ഷേ നല്ല പുരോഹിതനേയല്ല. വരയോടുള്ള ഒടുക്കത്തെ അഭിനിവേശം കൊണ്ട് മതകാര്യങ്ങളിലൊന്നും നിങ്ങള്‍ക്ക് ശ്രദ്ധയില്ല. ഞാന്‍ നിരാശനാണ്.”

സെസ്ഷൂ ഒരു മറുപടിയും പറഞ്ഞില്ല. അയാളും നിരാശനായിരുന്നു. അതുകൊണ്ടാവണം, സുഹൃത്തുക്കളായ സന്ന്യാസിമാരോട് തന്നെ തന്നെ മഠത്തിന്റെ തൂണില്‍ കെട്ടിയിടാന്‍ പറഞ്ഞു. ”എനിക്ക് മാറണം. വരയ്ക്കാതിരിക്കാന്‍ മറ്റ് വഴികളില്ല.” ഒരു ദിവസമെങ്കില്‍ ഒരു ദിവസം വരയ്ക്കാതിരുന്നാല്‍, ആ പാഷന്‍ ഇച്ചിരി കുറഞ്ഞ് കിട്ടുമല്ലോ. അവരയാളുടെ കൈയ്യും കാലും തൂണോട് ചേര്‍ത്ത് കെട്ടി. ആ നിലയില്‍ അയാള്‍ രാപ്പകല്‍ കിടന്നു. വിയര്‍ത്തു, ഭൂമി നനഞ്ഞു. നിര്‍ത്താതെ ചലിച്ച് ശീലിച്ച വിരലുകള്‍ ബന്ധനത്തില്‍ കിടന്ന് പിടഞ്ഞു.

പിറ്റേന്ന് പുലര്‍ നേരത്ത് സന്ന്യാസിമാര്‍ വന്നു നോക്കി. സെസ്ഷൂവിന്റെ വിരലിനരികെ ഒരെലി ചത്തു കിടക്കുന്നു. ഇതെങ്ങനെ എലിക്ക് കിടക്കാം, ചത്ത എലിക്ക് ഇങ്ങനെ കിടക്കാനൊക്കുമോ ? അവര്‍ ചെന്ന് പതിയെ തൊട്ടു നോക്കി. അവര്‍ ഞെട്ടിപ്പോയി. ബന്ധനത്തില്‍ കിടന്ന് പിടഞ്ഞു പിടഞ്ഞ് സെസ്ഷൂവിന്റെ പെരുവിരല്‍ ഒരെലിയെ വരച്ചു വെച്ചിരിക്കുന്നു

പാഷനു പിന്നാലെ അലയുന്ന മനുഷ്യര്‍ ഇങ്ങനെയാണ്, സെസ്ഷൂവിനെപ്പോലെ. മോഹന്‍ലാലിനെ കാണുമ്പോഴെല്ലാം എനിക്ക് സെസ്ഷൂവിനെ ഓര്‍മ്മ വരും. ഈ മനുഷ്യരുടെ അവയവങ്ങളുടെ പ്രവര്‍ത്തനം പോലും അവരുടെ നിയന്ത്രണത്തിലല്ല. ശീലവും അഭിനിവേശവുമാണ് അവയെ ചലിപ്പിക്കുന്നത്.

പാഷനു പിന്നാലെ അലയുന്ന മനുഷ്യര്‍ എല്ലാവരും ഇങ്ങനെയാണ്. ലാലേട്ടനല്ലാത്ത മറ്റൊരുദാഹരണം എനിക്ക് ശോഭനയാണ്. ഒരിക്കല്‍ ശോഭനയോട്, സ്റ്റേജില്‍ നൃത്തം ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളെന്ത് ചോദിക്കും എന്ന് കൗതുകത്തോടെ ചോദിച്ചു. അവര്‍ പറഞ്ഞു, ”ദയവായി മുന്നില്‍ നിന്നും മാറി നില്‍ക്കണം. എന്റെ കാഴ്ചക്കാരെ ബുദ്ധിമുട്ടിക്കരുത് എന്ന് ഞാന്‍ ദൈവത്തോട് പറയും ”

ലാലേട്ടനോട് ചോദിച്ചു നോക്കൂ, എന്തുകൊണ്ട് ബറോസ് എന്ന്, സംവിധാനം മോഹന്‍ലാല്‍ എന്ന തലക്കെട്ടില്‍ ആദ്യമായൊരുങ്ങുന്ന പടം ഒരു ഫാന്റസി പടമായതെന്തുകൊണ്ടെന്ന് നിങ്ങള്‍ക്കിതേ മറുപടി കേള്‍ക്കാം. പാഷനു പിന്നാലെ അലയുന്ന മനുഷ്യരുടെ ഉന്മാദം കാണാം.
”അത്ഭുതത്തിന്റെയും ആനന്ദത്തിന്റേയും രസങ്ങള്‍ക്ക്, ഞാന്‍ കീഴ്‌പ്പെടുകയാണ്. പ്രേതകഥകളും ഭൂതകഥകളും കേട്ട് വളര്‍ന്ന ഒരു കുട്ടി, അവന്റെ സ്വപ്നങ്ങളില്‍ മാത്രമുണ്ടായിരുന്ന ഒരു ദേശത്തേക്ക് ഒരു പിക്‌നിക്കിന് പോകുകയാണ്. പരിചിതമല്ലാത്ത ഒരിടത്തേക്ക് യാത്ര പോകുന്ന യാത്രികന്റെ ഉന്മാദത്തിലാണ് ഞാന്‍ ”

ബറോസിന് ഇന്ന് തിരശ്ശീല ഉയര്‍ന്നിരിക്കുന്നു. ഉന്മാദിയായ യാത്രികാ, പോകൂ. ഞങ്ങളേയും കൊണ്ടു പോകൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Mohanlal Barroz Directorial Debut Lijeesh Kumar