ഒരു കാര്യവും ഒരുപാടൊന്നും പ്ലാന്‍ ചെയ്ത് ചെയ്യുന്നയാളല്ല താനെന്നും സംവിധായകനാകാനുള്ള തീരുമാനവും അങ്ങനെ ഒരുപാട് ആലോചിച്ച് ഒരുപാട് കാലംകൊണ്ട് എടുത്ത തീരുമാനമല്ലെന്നും മോഹന്‍ലാല്‍.
അറിയാത്ത, മുന്‍പരിചയമില്ലാത്ത വേഷങ്ങള്‍ കെട്ടേണ്ടി വരുന്നതും ജോലികള്‍ ചെയ്യേണ്ടി വരുന്നതും തന്നെ സംബന്ധിച്ചിടത്തോളം വിസ്മയം പോലെ വീണ് കിട്ടുന്ന ഒരു ഭാഗ്യമാണെന്നും സംവിധായകനാകുന്നതും അത്തരമൊന്നാണെന്നും മോഹന്‍ലാല്‍ പറയുന്നു.
ജിജോ എന്നോട് പറഞ്ഞ കഥയിലും കഥാപാത്രത്തിലും എനിക്ക് തോന്നിയ എക്‌സൈറ്റ്‌മെന്റ് തന്നെയാണ് കാരണം. റിയാലിറ്റിയുടേയും ഫാന്റസിയുടേയും ഇടയ്ക്കുള്ള ദുരൂഹതയാണ് ബറോസിലേക്ക് തന്നെ ആകര്‍ഷിച്ചത്. സംവിധായകനാകാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലാലിന്റെ മറുപടി ഇതായിരുന്നു.
അഭിനയിക്കുന്ന സിനിമയായാലും അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍ക്കുമ്പോള്‍ നമ്മള്‍ മനസുകൊണ്ട് ഒരു വിഷ്വലൈസേഷന്‍ നടത്താറുണ്ട്. ഞാനങ്ങനെ ഒരു സന്ദര്‍ഭത്തില്‍പ്പെട്ടാല്‍ എങ്ങനെയായിരിക്കുമെന്ന് അറിഞ്ഞോ അറിയാതെയോ മനസില്‍ രൂപപ്പെടും. ബറോസിന്റെ സ്‌ക്രിപ്റ്റ് വായിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുമ്പോഴും അതങ്ങനെ തന്നെ. മറ്റുള്ളതൊക്കെ സാങ്കേതികമാണ്, മോഹന്‍ലാല്‍ പറഞ്ഞു.
പൃഥ്വിരാജിനോട് ബറോസില്‍ അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘എന്തിനും ഞാന്‍ കൂടെയുണ്ട്’ എന്ന മറുപടിയാണ് ലഭിച്ചതെന്നും മോഹന്‍ലാല്‍ ഫ്‌ളാഷ് മൂവീസിനോട് പറഞ്ഞു. ‘തിരക്കുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പല സിനിമകളുടേയും ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടാണ് പൃഥ്വിരാജ് ബറോസില്‍ അഭിനയിക്കാന്‍ വന്നത്. ആ കഥാപാത്രം പൃഥ്വിരാജ് തന്നെ ചെയ്യേണ്ടതാണ്. അതൊരു നിയോഗം പോലെ സംഭവിക്കുന്നു,’ മോഹന്‍ലാല്‍ പറഞ്ഞു.
ചിത്രീകരണം പൂര്‍ത്തിയായാല്‍ മാത്രമേ റിലീസ് തിയ്യതി തീരുമാനിക്കുകയുള്ളൂവെങ്കിലും ക്രിസ്തുമസിന് ബറോസ് തിയേറ്ററിലെത്താനായിരുന്നു ശ്രമമെന്നും മോഹന്‍ലാല്‍ പറയുന്നു.
ഒരു ടെന്‍ഷനും തയ്യാറെടുപ്പുമില്ലാതെ താന്‍ ഷൂട്ടിങ്ങിന് പോകുന്ന സിനിമയായിരിക്കും ബറോസ് എന്ന് നടന്‍ പൃഥ്വിരാജും പറഞ്ഞിരുന്നു. എന്ത് പറയുന്നോ അത് കേള്‍ക്കുക, അതുപോലങ്ങ് ചെയ്യുക, അങ്ങനെ സറണ്ടര്‍ ചെയ്യാനാണ് പ്ലാന്‍ എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. തന്റെ ജീവിതത്തില്‍ ഒട്ടും ടെന്‍ഷനില്ലാതെ അഭിനയിക്കുന്ന സിനിമയായിരിക്കും ബറോസെന്നും പൃഥ്വി പറഞ്ഞിരുന്നു.
ബറോസില്‍ അഭിനയിക്കുന്നതിനേക്കാള്‍ പത്തിരട്ടി ആവേശം ഈ സിനിമ കാണാന്‍ തനിക്കുണ്ടെന്നും ചിത്രീകരിക്കാന്‍ ഒട്ടും എളുപ്പമുള്ള സിനിമയല്ല ബറോസ് എന്നും പൃഥ്വിരാജ് പറഞ്ഞു. ലാലേട്ടന്‍ ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനിതിലുണ്ടാകുമെന്ന് ഉറപ്പുകൊടുത്തതാണെന്നും പിന്നീട് ഡേറ്റുകള്‍ കുറേ മാറിയെന്നും പൃഥ്വി പറയുന്നു.
സിനിമ പെട്ടെന്ന് തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ലാലേട്ടന്‍ എന്നെ വീണ്ടും വിളിച്ചു. അപ്പോഴും ഞാന്‍ ഈ സിനിമയിലുണ്ടാകുമെന്ന വാക്ക് ആവര്‍ത്തിച്ചു. എനിക്ക് വേണ്ടി, എന്നെ ഈ സിനിമയിലുള്‍പ്പെടുത്താന്‍ വേണ്ടി ലാലേട്ടനും കുറേ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്’, പൃഥ്വിരാജ് പറയുന്നു.
ഒരുപാട് പ്രതിസന്ധികളെ അതീജീവിച്ചായിരുന്നു മോഹന്‍ലാല്‍ തന്റെ സ്വപ്നസിനിമയായ ബറോസിന് തുടക്കം കുറിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിച്ച ചിത്രം കൊവിഡിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. രണ്ടാമതും ഷൂട്ടിങ് പുനരാംരംഭിച്ചതെങ്കിലും കൊവിഡ് രണ്ടാം തരംഗവും ലോക്ക് ഡൗണും വീണ്ടും തടസ്സമായി.
വാസ്‌കോഡ ഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തൂസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ബറോസില്‍ മോഹന്‍ലാലിനും വിദേശതാരങ്ങള്‍ക്കുമൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെയാണ് പൃഥ്വിരാജും അവതരിപ്പിക്കുന്നത്.
തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി,ഇംഗ്ലീഷ്, അറബിക്, സ്പാനിഷ് ഭാഷകളിലും ഡബ്ബ് ചെയ്യാനുദ്ദേശിക്കുന്ന ബറോസ് ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വിപണി തന്നെയാണ്.
ബറോസ് കഴിഞ്ഞ് ഞങ്ങള്‍ക്കും കുറേക്കൂടി വലിയ സിനിമയെക്കുറിച്ചേ ആലോചിക്കാന്‍ കഴിയൂ. വലിയ സിനിമകള്‍ സ്വപ്‌നം കാണുന്ന എല്ലാവര്‍ക്കും ബറോസ് ഒരു പ്രചോദനമാകട്ടെയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബറോസ് അവതരിപ്പിക്കുന്നത് റാവിസാണ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ലിഡിയന്‍ നാദസ്വരമാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക