ഒരുപാട് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും മലയാളത്തില്‍ വലിയൊരു ഫാന്‍ ബേസുള്ള നടനാണ് പ്രണവ് മോഹന്‍ലാല്‍.
ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ സ്റ്റീഫന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്നത് പ്രണവാണ്. പൊതുവെ സൈലന്റായ, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന പ്രണവിന്റെ സിനിമകള്‍ക്കായി ആരാധകരും കാത്തിരിക്കാറുണ്ട്.
നടനെന്ന നിലയില്‍ പ്രണവിനെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. നടനെന്ന നിലയില്‍ അയാള്‍ പ്രൂവ് ചെയ്യേണ്ടിയിരിക്കുന്നു എന്നായിരുന്നു ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.
‘ നടനെന്ന നിലയില്‍ തീര്‍ച്ചയായും അയാള്‍ പ്രൂവ് ചെയ്യണം. അതിന് അയാള്‍ക്ക് ശരിയായ സിനിമകള്‍ ലഭിക്കേണ്ടതുണ്ട്. പക്ഷേ അയാള്‍ വളരെ അപൂര്‍വമായി മാത്രമേ സനിമകള്‍ ചെയ്യാറുള്ളൂ.
ഒരു സിനിമ അഭിനയിച്ച് പൂര്‍ത്തിയാക്കിയാല്‍ ധാരാളം യാത്രകള്‍ ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഒരു നടനെന്ന നിലയില്‍ അയാള്‍ ഇവോള്‍വ് ചെയ്യേണ്ടതുണ്ട്.
അത് പെട്ടെന്ന് ഒരു ദിവസം സംഭവിക്കുന്നതല്ല. അയാള്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കണം. അയാള്‍ അത് ചെയ്യട്ടെ. ഒരു സിനിമ അദ്ദേഹം ഇപ്പോള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്, മറ്റൊരു സിനിമയോടും ഓക്കെ പറഞ്ഞിട്ടുണ്ട്.
അയാള്‍ക്ക് ധാരാളം കാര്യങ്ങള്‍ സിനിമയെ കുറിച്ച് പഠിക്കേണ്ടതായുണ്ട്. നല്ല സിനിമകള്‍ ചെയ്യേണ്ടതുണ്ട്. നല്ല ഡയരക്ടേഴ്‌സിനെ ലഭിക്കേണ്ടതുണ്ട്. അത് അത്ര എളുപ്പമല്ല.
അദ്ദേഹം നല്ല നടനാണ്. കാരണം ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ആ സ്‌കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു. പ്രണവിന്റെ കാര്യത്തിലും അതേ പോലെ സംഭവിച്ചു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴും എന്നെപ്പോലെ തന്നെ അദ്ദേഹവും ബെസ്റ്റ് ആക്ടറായി.
അദ്ദേഹം നല്ല നടനെന്നോ ഒന്നും അല്ല ഞാന്‍ ഇതിലൂടെ പറയുന്നത്. അത് അദ്ദേഹം തെളിയിക്കട്ടെ,’ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ മകനെന്ന ലേബല്‍ പ്രണവിന് ഒരു ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ കരുതുന്നില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ ഇല്ല അങ്ങനെയില്ല. അതുകൊണ്ടാണല്ലോ അദ്ദേഹത്തിന് ഒരുപാട് യാത്രകള്‍ ചെയ്യാന്‍ പറ്റുന്നതും സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുന്നതുമൊക്കെ. അദ്ദേഹം ഒരു ഫ്രീ ബേഡ് ആണ്. അത്തരത്തിലുള്ള ഒരു സമ്മര്‍ദവും അദ്ദേഹത്തിന് ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actor Mohanlal about Praav Mohanlal and nhis Acting Skill