സോഷ്യല്‍മീഡിയ വിമര്‍ശനങ്ങളില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്ന് നടന്‍ മോഹന്‍ലാല്‍. തന്നെ ഒരാള്‍ തെറി പറയുന്നതില്‍ പ്രശ്‌നമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
കഴിഞ്ഞ 47 വര്‍ഷമായി താന്‍ എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നുള്ളത് കൂടി അതിന്റെ പിറകില്‍ ഉണ്ടെന്നും ഒരു സിനിമ കൊണ്ടൊന്നുമല്ല ഒരാള്‍ ജഡ്ജ് ചെയ്യപ്പെടേണ്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഭയങ്കര പ്ലാന്‍ഡ് ആയി ലൈഫ് കൊണ്ടുപോകുന്ന ആളൊന്നുമല്ല താനെന്നും ആളുകള്‍ തന്നെപ്പറ്റി പറയുന്ന ഒരു കമന്റുകളിലും വിഷമമില്ലെന്നുമായിരുന്നു താരം പറഞ്ഞത്.
ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചു, ഇനി പുതിയ ഒരു മോഹന്‍ലാലായി ആരേയും കാണിക്കേണ്ട ആവശ്യമില്ലെന്നും മനോരമ ന്യൂസിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു.
വിവാദങ്ങളില്‍ നിന്ന് മാറി നടക്കാന്‍ മോഹന്‍ലാല്‍ എന്ന നടന്‍ എപ്പോഴും ശ്രമിക്കുന്നത് കാണാം, പൊതു ബോധ്യത്തിന് അനുസരിച്ച് നീങ്ങാന്‍ കഴിയാത്തൊരു ആളാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്താണ് അതിനെ കുറിച്ച് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ എന്റെ ബേസിക് ക്യാരക്ടര്‍ അങ്ങനെ ആണ്. എനിക്ക് ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വെറുതെ നമ്മള്‍ ഹാപ്പിയായിട്ട് ഇരുന്നാല്‍ പോരെ. വല്ലവരുടേയും വായില്‍ ഇരിക്കുന്ന ചീത്ത കേള്‍ക്കുന്നത് എന്തിനാണ് ‘, മോഹന്‍ലാല്‍ ചോദിക്കുന്നു.
അപ്പോഴും അറിയാതെ പെട്ടുപോകുന്നുണ്ടോ എന്ന ചോദ്യത്തിന് നിങ്ങളും പെടില്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
എല്ലാവരും പെടില്ലേ, ഭയങ്കര പ്ലാന്‍ഡ് ആയിട്ട്, സ്‌കീമ്ഡ് ആയി ലൈഫ് കൊണ്ടുപോകുന്ന ആളൊന്നുമല്ല ഞാന്‍. എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെ പറ്റി പറയുന്നതിലോ ഒരു കുഴപ്പവുമില്ല.
ഞാന്‍ ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചു. ഇനി പുതിയ ഒരു മോഹന്‍ലാലായി ആരേയും കാണിക്കേണ്ട ആവശ്യമില്ല. ഇതൊരു അഹങ്കാരമായി പറയുകയല്ല. സത്യസന്ധമായ കാര്യമാണ്.
നമ്മള്‍ ഒരു കമന്റ് പറയുന്നു. അതിനെ ഏത് രീതിയിലും വ്യാഖ്യാനിക്കാം. ഞാന്‍ ഒരാളോട് ഹലോ എന്ന് പറയുന്നു, നിങ്ങള്‍ എന്തിനാണ് എന്നോട് ഹലോ എന്ന് പറഞ്ഞത് എന്ന് ചോദിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ കേട്ട ഹലോയിലുള്ള കുഴപ്പമാണ്. ഞാന്‍ പറഞ്ഞത് വളരെ സത്യസന്ധമായിട്ടായിരിക്കാം,’ മോഹന്‍ലാല്‍ പറഞ്ഞു.
വിമര്‍ശനങ്ങളിലൊന്നും എനിക്ക് പരാതിയില്ല. എന്നെ ഒരാള്‍ തെറി പറയുന്നതിലും പ്രശ്‌നമില്ല. ഞാന്‍ കഴിഞ്ഞ 47 വര്‍ഷമായി എന്തൊക്കെ മലയാള സിനിമയ്ക്ക് ചെയ്തു എന്നുള്ളത് എന്നത് കൂടി അതിന്റെ പിറകില്‍ ഉണ്ടല്ലോ.
ഒരു സിനിമ കൊണ്ടല്ലോ ഒരാളെ ജഡ്ജ് ചെയ്യേണ്ടത്. അടുത്ത ഒരു സിനിമ സക്‌സസ് ഫുള്‍ ആയി കഴിഞ്ഞാല്‍ ഇതെല്ലാം മാറും. ഒരു സിനിമയില്‍ മോശമായി പോയി എന്ന് പറഞ്ഞ് ഒന്നും ചെയ്യാന്‍ കഴിയില്ല.
ചിലപ്പോള്‍ അതിന്റെ കഥയായിരിക്കും ഡയരക്ഷനായിരിക്കാം അങ്ങനെ പല കാര്യങ്ങളിലും പ്രശ്‌നങ്ങള്‍ സംഭവിക്കാം. ഞാന്‍ മാത്രമല്ലല്ലോ അതിലുള്ളത്.
പിന്നെ പഴി പറഞ്ഞു എന്ന് പറഞ്ഞെന്ന് പറഞ്ഞ് സിനിമ ചെയ്യാതിരിക്കാനും കരയാനുമൊന്നും താത്പര്യമില്ല. അതിന്റെ സമയമൊക്കെ കഴിഞ്ഞു. ഒന്നുകില്‍ സിനിമ ചെയ്യാതിരിക്കാം അല്ലെങ്കില്‍ സിനിമ ചെയ്‌തോണ്ടിരിക്കാം. ഈ രണ്ട് ചോയ്‌സേ ഉള്ളൂ,’ മോഹന്‍ലാല്‍ പറഞ്ഞു.
സിനിമകളുടെ തിരഞ്ഞെടുപ്പില്‍ എവിടേയെങ്കിലും പിഴവുകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി.
‘ ഞാന്‍ 370 ലേറെ സിനിമകള്‍ ചെയ്തു. അതില്‍ എത്രയോ സിനിമകള്‍ മോശമായിട്ടുണ്ട്.വലിയ സിനിമയായി മാറണമെന്ന് കരുതി തന്നെയാണ് ചെയ്യുന്നത്.
ഒരു സിനിമയ്ക്ക് ഒരു ജാതകം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു നടനെന്ന നിലയില്‍ എനിക്ക് വരുന്ന സിനിമകള്‍ ചെയ്യാന്‍ നോക്കാം. അല്ലെങ്കില്‍ ചെയ്യാതിരിക്കാം.
വര്‍ഷത്തില്‍ ഒരു സിനിമയൊക്കെ ചെയ്യാം. പക്ഷേ അതല്ല. നമ്മുടെ കൂടെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ സഹായിക്കാനായിട്ട് മോശം സിനിമകള്‍ ചെയ്യണമെന്നല്ല. അങ്ങനെ ചെയ്യുന്ന കൂട്ടത്തില്‍ മോശം സിനിമകളും ഉണ്ടാകാം,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Actor Mohanlal About Movie related Controvercies and Cyber attack