| Wednesday, 25th August 2021, 3:37 pm

ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം; അടിസ്ഥാനമില്ലാത്ത ചില കഥകള്‍ കേട്ട് ഞാനും ഇച്ചാക്കയും പൊട്ടിച്ചിരിച്ചിട്ടുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച 2 നടന്മാരും സൂപ്പര്‍ താരങ്ങളുമാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമാ മേഖലയിലെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്.

തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെയും തങ്ങളെ പറ്റി പടച്ചുവിടുന്ന നുണക്കഥകളെയും പറ്റി പറഞ്ഞ് മനസ് തുറക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം സംസാരിച്ചത്.

തങ്ങള്‍ തമ്മിലുള്ളത് ഏറ്റവും മികച്ച സൗഹൃദമാണെന്നും ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നും മോഹന്‍ലാല്‍ പറയുന്നു.

”ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍ വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും. അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്,” ലാല്‍ പറഞ്ഞു.

ഇത്തരത്തില്‍ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ തങ്ങള്‍ ഒരുപാട് ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ”ഇത്തരം കഥകള്‍ കേട്ട് ഏറ്റവും ഉച്ചത്തില്‍ ചിരിക്കുന്നവര്‍ ഞങ്ങളാണ് എന്നതാണ് സത്യം.” താരം പറയുന്നു.

താന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചും ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച പടയോട്ടം സിനിമയുടെ ഓര്‍മകളും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

”ഓര്‍മകള്‍ പടയോട്ടം എന്ന സിനിമയുടെ കാലത്തേക്ക് തിരിച്ചുപോവുന്നു. നീണ്ട മുപ്പത്തിയൊമ്പത് വര്‍ഷങ്ങള്‍. അന്ന് കണ്ട അതേപോലെയാണ് ഇന്നും മമ്മൂട്ടി എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരുപക്ഷെ അതൊരു ക്ലീഷേയാവും. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അതാണ് ശരി,” മോഹന്‍ലാല്‍ പറയുന്നു.

സ്വന്തം ശരീരത്തെ ചിട്ടയോടെ ഇത്രയും വര്‍ഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഒരേയൊരാള്‍ മമ്മൂട്ടിയാണെന്നും ഇക്കാര്യത്തിലാണ് തനിക്ക് താരത്തോട് അസൂയയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ”ആയുര്‍വേദ ചികില്‍സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ആയുര്‍വേദത്തില്‍ നിന്ന് മമ്മൂട്ടിയല്ല, ഇക്കാര്യത്തില്‍ മമ്മൂട്ടിയില്‍ നിന്നും ആയുര്‍വേദമാണ് പഠിക്കേണ്ടത്,” ലാല്‍ പറഞ്ഞു.

സൗഹൃദങ്ങളുടെ പേരില്‍ താന്‍ ശരീരസംരക്ഷണത്തിലും ഭക്ഷണനിയന്ത്രണത്തിലും പലപ്പോഴും വിട്ടുവീഴ്ച വരുത്താറുണ്ടെന്നും എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ലെന്നും ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ടതാണെന്നും താരം പറയുന്നു.

ഒരുപാട് സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഇരുവരും പരസ്പരം അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അഭിമുഖത്തില്‍ പറയുന്നു.

മമ്മൂട്ടിയുടെ സിനിമയോടുള്ള പാഷനെക്കുറിച്ചും സമര്‍പ്പണത്തെക്കുറിച്ചും അഭിമുഖത്തില്‍ വാചാലനായ മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് എപ്പോഴും പറയാറുള്ള മമ്മൂട്ടിയുടെ ഒരു വാചകവും എടുത്ത് പറഞ്ഞു.

”മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരുപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ട്. ‘സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത്,’ ഇത് നന്നായി അറിഞ്ഞു കൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയത്,” ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് സിനിമ ഒരിക്കലും ഒരു സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ലെന്നും സൗഹൃദങ്ങള്‍ കാരണം വന്നുപെട്ടതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

1982ല്‍ പുറത്തിറങ്ങിയ പടയോട്ടം ആണ് മോഹന്‍ലാലും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചഭിനയിച്ച സിനിമ. ഇരുവരും ഇതുവരെ 53 സിനിമകളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal About His Friendship with Mammootty

Latest Stories

We use cookies to give you the best possible experience. Learn more