| Friday, 20th August 2021, 2:49 pm

ആദ്യ പ്രണയം, മമ്മൂട്ടിയോട് തോന്നിയ അസൂയ ; രസകരമായ ചോദ്യങ്ങളോട് മനസു തുറന്ന് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ താരമായ മോഹന്‍ലാല്‍ സിനിമാ ജിവിതത്തില്‍ 40 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമയില്‍ തന്റെ വ്യക്തി പ്രഭാവം കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് മോഹന്‍ലാലെന്ന് മറ്റ് പല നടന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാല്‍, തന്റെ ആദ്യ പ്രണയത്തേക്കുറിച്ചും മമ്മൂട്ടിയോട് തോന്നിയ അസൂയയെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുന്ന ഒരു അഭിമുഖമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് താരം മനസു തുറക്കുന്നത്.

ആദ്യ പ്രണയത്തേക്കുറിച്ച് ചോദിച്ച ആരാധകന് രസകരമായ മറുപടിയാണ് മോഹന്‍ലാല്‍ നല്‍കുന്നത്. ആദ്യ പ്രണയം ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു എന്നാണ് ചിരിച്ചു കൊണ്ട് അദ്ദേഹം പറയുന്നത്.

പ്രണയമില്ലാതെ ആര്‍ക്കും ജീവിക്കാന്‍ പറ്റില്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്‌കൂള്‍ കാലഘട്ടങ്ങളിലൊക്കെ പലരോടും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും അതൊന്നും പ്രണയമായിരുന്നില്ലെന്ന് താന്‍ അന്നേ തിരിച്ചറിഞ്ഞിരുന്നെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്.

കാണുന്ന എല്ലാ കുട്ടികളോടും ഇപ്പോഴും തനിക്ക് പ്രണയമാണെന്നും കോളേജ് കാലഘട്ടം തുടങ്ങിയപ്പോഴേക്കും സിനിമയില്‍ വന്നതിനാല്‍ പ്രണയിക്കാന്‍ സമയം കിട്ടിയില്ലെന്നതാണ് വാസ്തവമെന്നും ലാല്‍ പറയുന്നു.

ഓരോ ദിവസവും ആഘോഷിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. മ്മൂട്ടിയോട് എപ്പോഴെങ്കിലും അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താനിതെപ്പോഴും നേരിടുന്ന ചോദ്യമാണെന്നാണ് ലാല്‍ പ്രതികരിച്ചത്.

മമ്മൂട്ടിയോട് തനിക്ക് ബഹുമാനമാണുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഏകദേശം ഒരേ സമയത്ത് സിനിമയില്‍ വന്ന ആളുകളാണ് തങ്ങളെന്നും നല്ല സുഹൃത്തുക്കളായ തങ്ങള്‍ക്കിടയില്‍ അസൂയയ്ക്ക് സഥാനമില്ലെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

അസൂയ എന്നത് ഒരു വാക്കാണെന്നും അതൊരു വികാരമായി മാറിയാലാണ് പ്രശ്നമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഞങ്ങള്‍ രണ്ട് വ്യക്തികളാണ്. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ആശയങ്ങളും അഭിപ്രായങ്ങളുമുണ്ട്. അതില്‍ നിന്നു കൊണ്ടുതന്നെ ഞങ്ങളുടെ നിലപാടുകള്‍ പങ്കു വെക്കാറുമുണ്ട്,’ മോഹന്‍ലാല്‍ വ്യക്തമാക്കി.

1980ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തിയ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂ’ടെയാണ് മോഹന്‍ലാല്‍ തന്റെ സിനിമാ ജിവിതം തുടങ്ങിയത്.

ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Mohanlal About His First Love

Latest Stories

We use cookies to give you the best possible experience. Learn more