|

എമ്പുരാന് വരുന്ന ബുക്കിങ്ങുകള്‍ കാണുമ്പോള്‍ എന്റെ മനസിലെ ചിന്ത അതാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന് ലഭിക്കുന്ന റെക്കോര്‍ഡ് ബുക്കിങ്ങിനെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടുള്ള ബുക്കിങ് നടക്കുന്നത് കാണുമ്പോള്‍ എന്താണ് മനസില്‍ തോന്നുന്നത് എന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി.

‘ 100 ശതമാനം സന്തോഷം തന്നെയാണ് തോന്നുന്നത്. ഒരു തരത്തില്‍ സന്തോഷം എന്നല്ല അതിനെ പറയേണ്ടത്. സന്തോഷത്തേക്കാള്‍ സംതൃപ്തിയാണ്. അത്രയേറെ ഞങ്ങള്‍ ഈ സിനിമയ്ക്കായി കഷ്ടപ്പെട്ടിട്ടുണ്ട്.

വലിയ ട്രോമകളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് തടസ്സങ്ങള്‍, ഒരുപാട് പ്രശ്‌നങ്ങള്‍. അവസാനം എല്ലാം തലകീഴായി മറിഞ്ഞു. ഒടുവില്‍ ഞങ്ങള്‍ ഒരു വെളിച്ചം കണ്ടു. അതൊരു അനുഗ്രഹമാണ്.

ആളുകള്‍ ഇതിനായി കാത്തിരിക്കുകയായിരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം തോന്നി. ലൂസിഫറിലും ബ്രോ ഡാഡിയും ഞങ്ങളുടെ കമ്മിറ്റ്‌മെന്റിലുമുള്ള വിശ്വാസമാണ് അത്.

തീര്‍ച്ചയായും ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ആ സിനിമ അത്ഭുതം കാണിക്കട്ടെയെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ ആ സിനിമ പൂര്‍ണമായി കണ്ടിട്ടില്ല. ഞാന്‍ എന്റെ ഭാഗവും പാട്ടുമൊക്കെ കണ്ടു. ബ്രില്യന്റായി പൃഥ്വി ചെയ്തിട്ടുണ്ട്.

മനോഹരമായി ചെയ്ത ഒരു ചിത്രമാണ് എമ്പുരാന്‍. ചില ഹോളിവുഡ് സിനിമകള്‍ കണ്ട് നമ്മള്‍ ചിന്തിച്ചിട്ടില്ലേ എന്തുകൊണ്ട് നമുക്ക് അതിന് സാധിക്കുന്നില്ല എന്ന്.

അതൊരു ഹോം വര്‍ക്കാണ്. കഥയിലും കളറിലും കോസ്റ്റിയൂമിലും എന്ന് വേണ്ട സിനിമയുമായി ബന്ധപ്പെട്ട എല്ലാത്തിലും പൃഥ്വി അത്രയേറെ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്.

കഥാപാത്രത്തിന്റെ കാര്യത്തിലായാലും ആര്‍ടിസ്റ്റുകളുടെ കാര്യത്തിലായാലും ലൊക്കേഷന്റെ കാര്യത്തിലായാലും ഹോം വര്‍ക്ക് നടന്നിട്ടുണ്ട്. എല്ലാം പ്രോപ്പര്‍ പ്ലേസില്‍ ചെയ്യാന്‍ സാധിച്ചു.

പിന്നെ ആന്റണി പെരുമ്പാവൂരിനോടുള്ള നന്ദി പറയാതിരിക്കാനാവില്ല. ഈ സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും ഞങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal about Empuraan Booking