മലയാള സിനിമ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പലരും അഭിപ്രായപ്പെടുന്ന സമയമാണിത്.
ഈ ചര്‍ച്ചകള്‍ക്കിടയില്‍, താന്‍ തമാശ ചിത്രങ്ങള്‍ ചെയ്യാത്തതിനേപ്പറ്റി മോഹന്‍ലാല്‍ പറഞ്ഞ ഒരു വിഡിയോ വൈറലാവുകയാണ്. കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്ന് മോഹന്‍ലാല്‍ പറയുന്നു.
ജീവിതത്തില്‍ തമാശക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയൊണ് താനെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാത്തത് ബോധപൂര്‍വമാണോ എന്ന അവതാരകന്റെ ചോദ്യത്തിനുളള മറുപടിയായാണ് താരം നിലപാട് വ്യക്തമാക്കുന്നത്.
‘പണ്ട് ഞാനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും.
ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ല. നമുക്ക് പ്രായത്തിനനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നതുപോലെ സിനിമയും മാറും. ആ മാറ്റങ്ങളെ അംഗീകരിക്കുകയാണ് വേണ്ടത്.
തമാശ അത്ര എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ മുഴുവന്‍ വൃത്തികേടാകും. പ്രിയദര്‍ശനും ശ്രീനിവാസനുമെല്ലാം ഇക്കാര്യത്തില്‍ പയറ്റി തെളിഞ്ഞവരാണ്.
ഇതുവരെ ഞാന്‍ ചെയ്ത തമാശ സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമ എന്നെ തേടിവരാത്തതാണ് അത്തരം കാറ്റഗറികള്‍ തിരഞ്ഞെടുക്കാത്തതിന് പിന്നില്‍,’ മോഹന്‍ലാല്‍ പറയുന്നു.
സിനിമകള്‍ എപ്പോഴും സംഭവിക്കുന്നതാണെന്നും വൈകാതെ തന്നെ ഒരു തമാശ സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തനിക്കുണ്ടാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
1980ല്‍ തുടങ്ങിയ സിനിമാ ജീവിതത്തിന്റെ നാല്‍പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. അഭിനേതാവായും ഗായകനായും റിയാലിറ്റി ഷോ അവതാരകനായുമെല്ലാം പ്രേക്ഷകനു മുന്‍പില്‍ എത്തിയപ്പോഴെല്ലാം മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്.
ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ ആണ് മോഹന്‍ലാലിന്റേതായി പുറത്തിറങ്ങാനുളള ഏറ്റവും പുതിയ ചിത്രം. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും ലാലിന്റെ പുറത്തിറങ്ങാനുള്ള ബിഗ് ബജറ്റ് ചിത്രമാണ്. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മോഹന്‍ലാലിപ്പോള്‍. ഇതിനൊപ്പം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത്ത് മാനും മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Mohanlal About Comedy Films