|

ബോക്‌സ് ഓഫീസ് കളക്ഷനുകളെ ഞാന്‍ നോക്കിക്കാണുന്നത് അങ്ങനെയാണ്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ബോക്‌സ് ഓഫീസ് കളക്ഷനുകളെ കുറിച്ചും 100 കോടി 200 കോടി ക്ലബ്ബുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.

കഴിഞ്ഞ 47 വര്‍ഷമായി പ്രേക്ഷകര്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.

പ്രേക്ഷകരും താനുമായി ഒരു ബന്ധമുണ്ടെന്നും അതിനെ എങ്ങനെ വിശദീകരിക്കണമെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്.

‘ഞാന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് അവര്‍ക്കുള്ള സ്‌നേഹം തന്നെയാണ്. അതൊരു മനോഹരമായ ബന്ധമാണ്. അതൊരിക്കലും നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

എന്റെ കഥാപാത്രങ്ങളും എന്റെ സംവിധായകരും സഹപ്രവര്‍ത്തകരും തിരക്കഥാകൃത്തുകളുമെല്ലാം ചേര്‍ന്നാല്‍ മാത്രമേ എനിക്കതിന് സാധിക്കുകയുള്ളൂ. അതിന് എനിക്ക് എന്നും അവരോട് നന്ദിയുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

ഒരു നടനെന്ന നിലയില്‍ താങ്കളുടെ സിനിമകളുടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയെല്ലാം എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് 100 കോടിയും 200 കോടിയുമൊക്കെ ബിസിനസ് കണക്കുകള്‍ മാത്രമാണെന്നും മറിച്ച് 47 വര്‍ഷം ഇവിടെ നിലനില്‍ക്കാന്‍ പറ്റിയെന്നതാണ് പ്രധാനമെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

’47 വര്‍ഷം എന്ന് പറയുന്നത് ഒരു നീണ്ട യാത്രയാണ്. പ്രേക്ഷകര്‍ തരുന്ന സ്‌നേഹവും വാത്സല്യവുമാണ് പണത്തേക്കാള്‍ വലുത്. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ ഇരിക്കുന്നതും നിങ്ങളോട് സംസാരിക്കുന്നതും.

100 കോടിയും 200 കോടിയുമൊക്കെ പുതിയ കാര്യങ്ങളാണ്. ഞങ്ങള്‍ സിനിമ തുടങ്ങിയ കാലത്ത് ബോക്‌സ് ഓഫീസ് ഹിറ്റുകളെ കുറിച്ച് ചിന്തിക്കാറില്ലായിരുന്നു.

അന്നത്തെ കാലത്ത് എല്ലാം അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്ത് 100 ദിവസമോ 50 ദിവസമോ സിനിമ ഓടുക എന്നത് തന്നെ ബുദ്ധിമുട്ടാണ്. പണം എന്നത് നമുക്ക് പ്രധാനപ്പെട്ടതാണ്.

നമ്മള്‍ക്ക് മുടക്കിയ പണം തിരിച്ചുകിട്ടുകയെങ്കിലും വേണം. അല്ലാതെ 100 കോടിയോ 200 കോടിയോ എന്നതൊന്നും വിഷയമല്ല.

എന്റെ സിനിമകള്‍ അത്തരം ക്ലബ്ബുകളില്‍ കയറുന്നു എന്നതില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും നടന്‍, നിര്‍മാതാവ് എന്ന നിലയില്‍ അതിലെനിക്ക് സന്തോഷമുണ്ട്. വരാനിരിക്കുന്ന സിനിമകളിലും അത് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Mohanlal about Box Office Collection and 100 Crore Club

Video Stories