സിനിമയില്‍ നാല്‍പതാം വര്‍ഷം പിന്നിടുമ്പോള്‍ അഭിനയത്തോടുള്ള തന്റെ അഭിനിവേശത്തെ കുറിച്ച് മനസു തുറക്കുകയാണ് മോഹന്‍ലാല്‍. അഭിനയമെന്നത് അദൃശ്യനാകുക എന്ന സങ്കല്‍പത്തിന് തുല്യാണെന്നും ഒരു കഥാപാത്രത്തിനുള്ളിലേക്ക് ഇറങ്ങിച്ചെന്ന് നമ്മള്‍ ഇല്ലാതാകുന്ന അവസ്ഥയാണ് സംഭവിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് അഭിനയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചത്.
അഭിനയം എന്നത് എപ്പോഴും എനിക്ക് കൗതുകമുള്ള ജോലിയാണ്. നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ ചില സമയങ്ങളില്‍ നമ്മള്‍ പ്രവര്‍ത്തിക്കും. അഭിനയത്തെ കുറിച്ചുള്ള പലതും ഒരുപാട് കാലം കഴിഞ്ഞാണ് മനസ്സിലാകുകയെന്നും മോഹന്‍ലാല്‍ പറയുന്നു.
‘ആദ്യം ഒരു സിനിമയില്‍ അഭിനയിക്കുന്നു. പിന്നീട് അടുത്ത ഒരു അവസരം ലഭിക്കുന്നു. അങ്ങനെ സിനിമകളില്‍ നിന്ന് പുതിയ സിനിമകളിലേക്ക് സഞ്ചരിക്കുകയാണ്. മെല്ലെ മെല്ലെ അറിഞ്ഞോ അറിയാതെയോ ഉള്ളില്‍ ഒരു ധാരണ രൂപപ്പെട്ടു തുടങ്ങും ചിലര്‍ അതിനെ പരിപോഷിപ്പിച്ചെടുക്കും,’ മോഹന്‍ലാല്‍ പറയുന്നു.
അഭിനയത്തോടുള്ള അഭിനിവേശവും അടങ്ങാത്ത ആഗ്രഹവുമാണ് എന്നും എന്നെ മുന്നോട്ടു നയിക്കുന്നത്. സിനിമയില്‍ അഭിനയം തുടങ്ങിയിട്ട് നാല്‍പ്പതുവര്‍ഷം പിന്നിടുമ്പോഴും ഏറ്റവും മനോഹരമായി ഈ ജോലിചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.
അഭിനയം തുടങ്ങിയ ആദ്യ ദിനങ്ങളെക്കാളേറെ ഞാന്‍ ഇന്ന് അഭിനയത്തെ സ്‌നേഹിക്കുന്നു. ഇപ്പോഴും ഓരോ സെറ്റിലേക്ക് പോകുമ്പോഴും ഏറ്റവും മികച്ച രീതിയില്‍ അഭിനയിക്കാന്‍ കഴിയണേ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കാറുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു.
ഒരിക്കലും നടന്‍ എന്ന നിലയില്‍ ഒറ്റയ്ക്ക് ചെന്ന് അഭിനയിക്കാനാവില്ല. മറ്റുള്ളവര്‍ നല്‍കുന്ന പിന്തുണയില്‍നിന്നുകൊണ്ട് നാം സ്വയം കണ്ടെത്തുകയാണ്. മറ്റുള്ളവരെ വേദനിപ്പിക്കാതെ എങ്ങനെ അവരെക്കാളും ഉയരത്തില്‍ അഭിനയിച്ചെത്താനാകും എന്ന് ശ്രമിക്കുകയാണ്. ചുറ്റുമുള്ളവര്‍ മികച്ച രീതിയില്‍ അഭിനയിക്കുന്നത് കൊണ്ടാണ് എന്റെ അഭിനയവും മികച്ചതാവുന്നത്.
വാനപ്രസ്ഥമായാലും കിരീടമായാലും ലൂസിഫറായാലും എല്ലായിടത്തും ആദ്യദിനം അഭിനയിക്കാന്‍ വളരെ പേടിയോടെയാണ് ഞാന്‍ ചെന്നത്. എല്ലാം നന്നാകണമെന്ന എന്റെ പ്രാര്‍ഥനകള്‍ സഫലമായതുകൊണ്ടാണ് അവയെല്ലാം മികച്ചതായി കാണുന്നവര്‍ക്ക് തോന്നുന്നത്, മോഹന്‍ലാല്‍ പറഞ്ഞു.