Movie Day
മോഹന്‍ലാല്‍ മരിക്കുന്നത് അവര്‍ക്ക് അംഗീകരിക്കാനായില്ല, കസേരകളൊക്കെ അടിച്ചു തകര്‍ത്തു: സിബി മലയില്‍
മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ സിബി മലയില്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് എത്തുന്നത് എന്ന കാര്യം റിലീസ് സമയത്ത് പുറത്തുപറഞ്ഞിരുന്നില്ലെന്നും സിനിമയുടെ ആദ്യ ഷോയില്‍ ഇന്റര്‍വെല്ലില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ലെന്നും സിബി മലയില്‍ പറയുന്നു.
പല തിയേറ്ററുകളിലും ആളുകള്‍ കസേര തല്ലിപ്പൊട്ടിക്കുകയും അക്രമാസക്തരാവുകയും ചെയ്‌തെന്നും ഇന്റര്‍വെല്ലിന് ശേഷം മോഹന്‍ലാലിന്റെ അടുത്ത കഥാപാത്രത്തെ കാണിച്ചെങ്കിലും അത് അത്രത്തോളം വര്‍ക്കായില്ലെന്നും സിബി മലയില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മോഹന്‍ലാലിന്റെ ബെംഗളൂരുവില്‍ ജീവിക്കുന്ന ആ മോഡേണ്‍ സ്വഭാവത്തിലുള്ള കഥാപാത്രത്തിന്റെ രൂപത്തില്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
മുടി പിറകില്‍ കുറച്ച് നീട്ടിവളര്‍ത്തി, ഡ്രസിങ് മോഡേണ്‍ ആക്കി, അയാളുടെ ചേഷ്ടകളും നടപ്പുമൊക്കെ അതിനോട് ചേര്‍ന്ന രീതിയില്‍ ഒരു നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളും പിന്തുടരുന്ന വ്യക്തിത്വമുള്ള ആളാക്കി മോഹന്‍ലാലിനെ മാറ്റി. ലാലിനെ സംബന്ധിച്ച് അത് എളുപ്പത്തില്‍ ചെയ്യാനും പറ്റി.
രണ്ടാമത്തെ കഥാപാത്രം പൂര്‍ണമായും ഗ്രാമീണമായ സ്വഭാവത്തില്‍ മുടി എണ്ണ തേച്ച് ചീകി മുണ്ടും ഷര്‍ട്ടും ധരിച്ച് ഗ്രാമജീവിതം മാത്രം പരിചിതമായിട്ടുള്ള ആളാണ്. വളരെ കോണ്‍ട്രാസ്റ്റായിട്ടുള്ള സ്വഭാവവിശേഷതകളുള്ള കഥാപാത്രമായിരുന്നു മോഹന്‍ലാലിന്റേത്.
രണ്ട് കഥാപാത്രങ്ങളേയും ഏറ്റവും മികവോടെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞു. രേവതിയുമായുള്ള പ്രണയം പരമോന്നതിയില്‍ എത്തുന്ന ഘട്ടത്തിലാണ് ബില്‍ഡറായ ഇയാള്‍ അദ്ദേഹം തന്നെ പണിത വലിയ കെട്ടിടത്തില്‍ നിന്നും താഴേക്ക് വീണ് മരിച്ചുപോകുന്നത്. അതാണ് ഇന്റര്‍വെല്‍.
സിനിമ റിലീസ് ചെയ്യുന്നതുവരെ രണ്ട് കഥാപാത്രങ്ങള്‍ സിനിമയിലുണ്ട് എന്ന് ഞങ്ങള്‍ വെളിപ്പെടുത്തിിയരുന്നില്ല. ആളുകളുടെ ക്യൂരിയോസിറ്റി നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയായിരുന്നു അത്. പരസ്യത്തിലൊക്കെ മോഡേണ്‍ മോഹന്‍ലാലിനെയായിരുന്നു ഉപയോഗിച്ചത്.
രണ്ടാമത്തെ കഥാപാത്രമുണ്ടെന്ന സൂചന കൊടുത്തിരുന്നില്ല. ഇന്റര്‍വെല്ലിലാണ് മോഹന്‍ലാലിന്റെ കഥാപാത്രം മരിക്കുന്ന രംഗമുള്ളത്. ആ രംഗത്തിലാണ് ഇന്റര്‍വെല്‍ സംഭവിക്കുന്നത്. തിയേറ്ററില്‍ ഈ സിനിമ എത്തി. പ്രേക്ഷകരെ സബന്ധിച്ച് മോഹന്‍ലാലിന്റെ മരണം വലിയ നിരാശയുണ്ടാക്കി.
മോഹന്‍ലാല്‍ മരിച്ചിട്ട് ഇനിയെന്ത് സിനിമ, നായകനില്ലാതെ എന്ത് സിനിമ എന്ന കണ്‍ഫ്യൂഷനില്‍ അവരെത്തി. ആ സമയത്ത് ഞാന്‍ ചെങ്കോല്‍ സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ്. അന്ന് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈ പടം തിരുവനന്തപുരത്തെ രമ്യ തിയേറ്ററില്‍ കണ്ട മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു സിനിമാപ്രേമി ഓടി എന്റെ അടുത്തെത്തി.
ഇന്റര്‍വെല്ലായതോടെ പ്രേക്ഷകര്‍ വയലന്റായെന്നും തിയേറ്ററിലെ കസേരയൊക്കെ തകര്‍ത്തെന്നും പറഞ്ഞു. മോഹന്‍ലാല്‍ മരിച്ചു ഇനിയെന്ത് സിനിമ എന്ന നിലയില്‍ ആളുകള്‍ അപ്‌സെറ്റായി. രണ്ടാം പകുതിയില്‍ മോഹന്‍ലാലിന്റെ അടുത്ത കഥാപാത്രം വരുന്നത് ചിലര്‍ക്ക് ഒരു റിലീഫ് ആയിരുന്നു. പക്ഷേ മോഹന്‍ലാലിന്റെ മരണം സമ്മാനിച്ച ആ അസ്വസ്ഥത ഇവരുടെ രണ്ടാം കാഴ്ചയെ തടസ്സപ്പെടുത്തി.
ഫസ്റ്റ് ഹാഫിലെ മരണം ഉണ്ടാക്കിയ അതൃപ്തി സെറ്റില്‍ഡ് ആകാന്‍ സമയമെടുത്തു. അങ്ങനെ അല്ലാതെ ആ സിനിമയ്ക്ക് പബ്ലിസിറ്റി കൊടുക്കാന്‍ ഞങ്ങള്‍ക്കാവില്ലായിരുന്നു. രണ്ട് മോഹന്‍ലാല്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ആ ആകാംക്ഷ ഇല്ലാതായിത്തീരും. അതുകൊണ്ട് തന്നെ ആ രസഹ്യം ഹോള്‍ഡ് ചെയ്യേണ്ടതുണ്ടായിരുന്നു.
നമ്മള്‍ പ്രതീക്ഷിച്ച രീതിയില്‍ സിനിമ വലിയ കൊമേഴ്ഷ്യല്‍ വിജയമായില്ല. എന്നാല്‍ ചാനലുകളില്‍ വന്നപ്പോള്‍ സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായങ്ങള്‍ കിട്ടി, സിബി മലയില്‍ പറഞ്ഞു.
Content Highlight: Actor Mohalal Character Death on Mayamayooram Movie and Audiance Response