|

കണ്ണിനാണ് ആദ്യം പ്രശ്‌നം അനുഭവപ്പെട്ടത്, വെള്ളം കുടിക്കാന്‍ നോക്കിയപ്പോള്‍ കാര്യം കൈവിട്ട് പോയെന്ന് എനിക്ക് മനസിലായി: മിഥുന്‍ രമേഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുഖത്തിന്റെ ഒരു വശത്തുള്ള പേശികളില്‍ പെട്ടെന്ന് ബലഹീനത ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ബെല്‍സ് പാള്‍സി. ബെല്‍സ് പാള്‍സി തനിക്ക് വന്നപ്പോഴുള്ള അനുഭവം പറയുകയാണ് നടന്‍ മിഥുന്‍ രമേശ്.

തുടര്‍ച്ചയായി കുറേ ദിവസം ട്രോവല്‍ ചെയ്തതിന്റെ ഭാഗമായി ഏ.സിയില്‍ ഒരു ദിവസം മുഴുവന്‍ ഇരിക്കേണ്ടി വന്നിരുന്നുവെന്നും അതിന് ശേഷമാണ് പെട്ടെന്ന് ആരോഗ്യ പ്രശ്‌നം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണിനാണ് ആദ്യം പ്രശ്‌നം അനുഭവപ്പെട്ടതെന്നും താന്‍ വിചാരിച്ചത് ഉറങ്ങിയാല്‍ നേരെയാകുമെന്നാണെന്നും മിഥുന്‍ പറഞ്ഞു. ട്വിന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മിഥുന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ബെല്‍സ് പാള്‍സി എനിക്ക് വന്നതിന് ശേഷം ഒരുപാട് ഡോക്ടേര്‍സ് രോഗത്തെക്കുറിച്ചും രോഗം വരാനുള്ള കാരണങ്ങളെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്. ഞാന്‍ അടുപ്പിച്ച് കുറേ ദിവസം ട്രാവല്‍ ചെയ്തിരുന്നു.

ട്രാവലിന്റെ ഇടയില്‍ തുടര്‍ച്ചയായി ഒരു ദിവസം ഏ.സിയിലായിരുന്നു. അതിന് ശേഷം നേരെ ഞാന്‍ വരുന്നത് ഷൂട്ടിങ്ങിനാണ്. അവിടെ നിന്ന് പലരും കണ്ണിന്റെ കാര്യം എന്നോട് പറയുന്നുണ്ട്.

കണ്ണിന് ചെറിയ പ്രശ്‌നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഉറങ്ങിയിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കുറച്ച് കഴിഞ്ഞപ്പോള്‍ വെള്ളം കുടിക്കാന്‍ നോക്കിയപ്പോള്‍ കാര്യം കൈവിട്ട് പോയെന്ന് എനിക്ക് മനസിലായി. ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ ശരിയാകുമെന്നാണ് ഞാന്‍ വിചാരിച്ചത്.

പക്ഷെ പ്രശ്‌നം സീരിയസായി വരാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടറെ കാണാന്‍ നിര്‍ബന്ധിച്ചു. തിരുവനന്തപുരത്തെ ഒരു ഡോക്ടറെ കണ്ടപ്പോള്‍ പെട്ടെന്ന് തന്നെ മെഡിക്കല്‍ കോളേജില്‍ പോണമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ ചെന്ന് സ്റ്റിറോയ്ഡ് കയറ്റി. അല്ലെങ്കില്‍ രക്ഷപ്പെടില്ലായിരുന്നു,” മിഥുന്‍ രമേശ് പറഞ്ഞു.

content highlight: actor midhun ramesh about bell’s palsy