വില്ലനായെത്തി ഒടുവില്‍ കരയിപ്പിച്ച നടന്‍; മേഘനാഥന്‍ അന്തരിച്ചു
Obituary
വില്ലനായെത്തി ഒടുവില്‍ കരയിപ്പിച്ച നടന്‍; മേഘനാഥന്‍ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st November 2024, 8:31 am

കോഴിക്കോട്: പ്രമുഖ സിനിമാ നടന്‍ മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ് മേഘനാഥന്‍.

പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത് 1983ല്‍ പുറത്തിറങ്ങിയ അസ്ത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യചിത്രം. പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അദ്ദേഹം എത്തിയിരുന്നു. നാല്‍പ്പത് കൊല്ലത്തോളം നീണ്ട അഭിനയജീവിതത്തില്‍ നിരവധി സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

‘ഈ പുഴയും കടന്ന്’ എന്ന സിനിമയിലെ രഘുവും ‘ഒരു മറവത്തൂര്‍ കനവി’ലെ ഡ്രൈവര്‍ തങ്കപ്പനും ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ തിമ്മയ്യയും മേഘനാഥന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളായിരുന്നു. ആദ്യകാലത്ത് വില്ലന്‍വേഷങ്ങളില്‍ എത്തിയ മേഘനാഥന്‍ പിന്നീട് ക്യാരക്ടര്‍ വേഷങ്ങളിലും അഭിനയിച്ചിരുന്നു.

അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു നിവിന്‍ പോളി ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലേത്. രാജേന്ദ്രന്‍ എന്ന ആ കഥാപാത്രം പ്രേക്ഷകരെ കരയിപ്പിച്ചിരുന്നു. ശേഷം സണ്‍ഡേ ഹോളിഡേ, ആദി, കൂമന്‍ തുടങ്ങിയ സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആസിഫ് അലി നായകനായ കൂമനാണ് മേഘനാഥന്‍ അഭിനയിച്ച് തിയേറ്ററില്‍ എത്തിയ അവസാന ചിത്രം.

Content Highlight: Actor Meghanathan Passed Away