മാത്യു തോമസ്, ലിജോമോള്‍ ജോസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ കിരണ്‍ ആന്റണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ വിശുദ്ധ മേജോ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്.
നേരത്തെ ഡിനോയ് പൗലോസ് നായകനായെത്തി പത്രോസിന്റെ പടപ്പുകള്‍ എന്ന സിനിമ പുറത്തിറങ്ങിയിരുന്നു. നസ്‌ലന്‍ കെ. ഗഫൂറായിരുന്നു ചിത്രത്തില്‍ ഡിനോയ് പൗലോസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനിയന്‍ കഥാപാത്രമായെത്തിയത്.
പത്രോസിന്റെ പടപ്പുകളിലേക്ക് തന്നെയും വിശുദ്ധ മേജോയിലേക്ക് നസ്‌ലനെയുമായിരുന്നു കാസ്റ്റ് ചെയ്തിരുന്നതെന്നും എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചതെന്നും പറയുകയാണ് മാത്യു. വിശുദ്ധ മേജോയുടെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
”പത്രോസ് ആദ്യം എനിക്കായിരുന്നു കിട്ടിയത്. വിശുദ്ധ മേജോ നസ്‌ലനും. പത്രോസിന്റെ സമയത്ത് എനിക്കെന്തോ ഒരു ഷൂട്ടിന്റെ തിരക്ക് കാരണം അതില്‍ ജോയിന്‍ ചെയ്യാന്‍ പറ്റിയില്ല. മേജോ വന്ന സമയത്ത് നസ്‌ലനും എന്തൊക്കെയോ തിരക്കും പരിപാടികളുമായത് കൊണ്ട് അത് എനിക്ക് കിട്ടി. ഞാന്‍ ഫ്രീയായിരുന്നു.
അങ്ങനെ പത്രോസ് ചെയ്യാന്‍ പറ്റാതിരുന്നതിന്റെ വിഷമം ഇതിലൂടെ സോള്‍വായി. തണ്ണീര്‍മത്തന് ശേഷം ഡിനോയ് ചേട്ടന്റെ കൂടെയുള്ള രണ്ടാമത്തെ പടമാണ്. ഞങ്ങള്‍ എപ്പോഴും കോണ്‍ടാക്ട് ഉള്ളവരാണ്.
ഏറെക്കുറേ തണ്ണീര്‍മത്തന്‍ ദിനങ്ങളുടെ അതേ ടീം തന്നെയാണ് വിശുദ്ധ മേജോയിലുമുള്ളത്. എല്ലാവരും അറിയാവുന്നത് കൊണ്ട് കാര്യങ്ങള്‍ ഈസിയായിരുന്നു,” മാത്യു പറഞ്ഞു.
സെപ്റ്റംബര്‍ 16നായിരുന്നു വിശുദ്ധ മേജോ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Actor Mathew Thomas talks about Naslen K Gafoor and Visudha Mejo movie