സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തിലെ കുവൈറ്റ് വിജയന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടനാണ് മനോജ് കെ.യു.
പ്രണയവിലാസം, പകലും പാതിരാവും, 18+, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങളില്‍ ഇതിനകം മനോജ് വേഷമിട്ടുകഴിഞ്ഞു. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ചാവേറാണ് മനോജിന്റെ ഏറ്റവും പുതിയ ചിത്രം. തന്റെ രാഷ്ട്രീയത്തെ കുറിച്ചും സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനോജ്.
തന്റെ രാഷ്ട്രീയം ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ലെന്നുമാണ് മനോജ് പറയുന്നത്. എന്നാല്‍ ഭാര്യയായ ധന്യയുടെ വീട് ഒരു പാര്‍ട്ടി ഗ്രാമത്തിലാണെന്നും സ്ഥാനാര്‍ത്ഥിയെ നോക്കാതെ അരിവാള്‍ ചുറ്റിക കണ്ടാല്‍ വോട്ട് ചെയ്യുന്നവരാണ് അവരെന്നുമാണ് മനോജ് പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് മനോജ്.
‘പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ വിദ്യാഭ്യാസം നിര്‍ത്തി. പിന്നെ കോളേജിലേക്ക് പോകാത്തത് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്തിട്ടില്ല. കളിക്കുന്ന നാടകത്തില്‍ ഒരു രാഷ്ട്രീയമുണ്ടാവും. അത് പറഞ്ഞ് പോകാറുണ്ട്. അല്ലാതെ ഞാന്‍ സ്വന്തമായി രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്തിട്ടില്ല. ഭാര്യവീട്ടിലെ രാഷ്ട്രീയം എന്ന് പറയുന്നത് വൈക്കോല്‍ വെച്ചിട്ട് ഇതാണ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞാല്‍ അവര്‍ അരിവാള്‍ ചുറ്റികക്ക് വോട്ട് ചെയ്യും. സ്ഥാനാര്‍ത്ഥി ആരാണ്, എന്താണ് എന്നൊന്നും നോക്കില്ല. അവരുടേത് ഒരു പാര്‍ട്ടി ഗ്രാമമാണ്. വലിയൊരു പാര്‍ട്ടി കുടുംബമാണ് അവരുടെ വീട്ടില്‍ ഇ.കെ നയനാരൊക്കെ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.
എനിക്ക് എന്റെ മനസ്സില്‍ ഒരു രാഷ്ട്രീയമുണ്ട്. അത് ഞാന്‍ പരസ്യപ്പെടുത്തിയിട്ടില്ല. പക്ഷേ ഭാര്യയുടെ രാഷ്ട്രീയം പരസ്യമാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്. ഭാര്യയോട് ഞാന്‍ ഇതുവരെ ഏത് പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്ന് ചോദിച്ചിട്ടില്ല. അത് അറിയാന്‍ ശ്രമിച്ചിട്ടുമില്ല.
അവര്‍ ഇപ്പോഴും ഒരു സാധാരണ കുടുംബമാണ്. അച്ഛന് കൃഷി പണിയാണ്. ഞാന്‍ സിനിമ നടനായി എന്നുവെച്ച് അവര്‍ക്ക് മാറ്റമൊന്നുമില്ല. മാത്രമല്ല എന്റെ രാഷ്ട്രീയം പരസ്യമാകാത്തതിലും അവര്‍ക്ക് പ്രശ്‌നമില്ല.
ഞാന്‍ നടനായതില്‍ ഭാര്യക്ക് സന്തോഷമുണ്ട്. കാരണം ആദ്യമൊക്കെ ബന്ധുകള്‍ ധന്യയോട് ഞാന്‍ സിനിമയുടെ പിറകേ പോയി സമയം കളയുകയാണ് എന്നെല്ലാം പറയുമായിരുന്നു.
എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം ധന്യ കൂടെ നിന്നത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ നിലയില്‍ എത്തിയത് എന്ന് നേരേ ഓപ്പോസിറ്റ് പറയുന്നു (ചിരി). അത് അവള്‍ക്ക് ഒരുപാട് സന്തോഷം നല്‍കുന്ന ഒന്നാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. പിന്നെ എന്റെ അഭിനയം എങ്ങനെയുണ്ട് എന്ന് ചോദിച്ചാല്‍ അവിടെ ശരിയായില്ല, ഇവിടെ ശരിയായില്ല എന്നെല്ലാം അവള്‍ പറയും’, മനോജ് പറഞ്ഞു.
Content Highlight: Actor Manoj U.K about his politics and Film Entry