| Friday, 6th October 2023, 8:46 am

'അമ്മ അടിച്ചതിന്റെ കാരണം പിന്നെ മനസിലായി; ഏഴിൽ പഠിക്കുമ്പോൾ പൊറോട്ട അടിക്കാൻ പോവുമായിരുന്നു '

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടക രംഗത്തുനിന്ന് സിനിമയിലെത്തി അഭിനയത്തിൽ തന്റേതായ രീതി ഉണ്ടാക്കിയെടുത്ത നടനാണ് മനോജ് കെ.യു. തിങ്കളാഴ്ച നിശ്ചയത്തിലെ പരുക്കനായ അച്ഛനും പ്രണയവിലാസത്തിലെ രാജീവനുമെല്ലാം ഈ ചുരുങ്ങിയ കാലത്തിനിടയിൽ മനോജ് ചെയ്തു ഫലിപ്പിച്ച വേഷങ്ങളാണ്.

ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ഉയർച്ചയിൽ എത്തി നിൽക്കുമ്പോൾ സിനിമയിലേക്ക് എത്തിയ വഴിയെക്കുറിച്ച് മനസ് തുറക്കുകയാണ് മനോജ്.

‘ഞാൻ ഏഴിൽ പഠിക്കുമ്പോൾ അച്ഛന്റെ ഹോട്ടലിൽ പൊറോട്ട അടിച്ചിട്ടുണ്ട് ‘, മനോജ്‌ പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു മനോജ്‌.

‘അച്ഛൻ ഹോട്ടലിലാണ്. ഞങ്ങൾ പലപ്പോഴും അച്ഛന്റെ ഹോട്ടലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഹോട്ടലിൽ പൊറോട്ട അടിക്കാൻ ആളില്ലാതെ വന്നപ്പോൾ 10 കിലോ മൈദ കുഴച്ചിട്ട് പൊറോട്ട അടിച്ചിട്ടുണ്ട്, ചായ കൊടുത്തിട്ടുണ്ട്, ഭക്ഷണം സപ്ലൈ ചെയ്തിട്ടുണ്ട്. അച്ഛന് എല്ലാ പണിയുമറിയാം, ഞാൻ അതെല്ലാം അച്ഛനെ കണ്ടു പഠിച്ചതാണ് ‘,മനോജ്‌ പറയുന്നു .

‘ചെറുപ്പത്തിൽ വിശക്കുന്നുണ്ടെന്ന് പറഞ്ഞാൽ അമ്മ എന്തെങ്കിലും കാരണം പറഞ്ഞ് നന്നായി അടിക്കുമായിരുന്നു. അപ്പോൾ കരഞ്ഞു കിടക്കും, പിന്നെ ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ലല്ലോ. കുറേക്കാലം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി അമ്മ അന്ന് എന്നെ അങ്ങനെ അടിച്ചത് വീട്ടിൽ ഭക്ഷണം ഇല്ലാത്തതുകൊണ്ടാവും. അന്ന് എന്നെക്കാൾ അടി കിട്ടിയിരുന്നത് എന്റെ ഏട്ടനായിരുന്നു.
വെള്ളിയാഴ്ച സ്കൂൾ വിട്ട് കഴിഞ്ഞാൽ ഞാൻ അച്ഛന്റെ ഹോട്ടലിലേക്ക് പോവും. അവിടെപ്പോയാൽ തിങ്കളാഴ്ച്ച രാവിലെ വരെ അച്ഛനെ സഹായിക്കും. രണ്ടുദിവസം നല്ല ഭക്ഷണം കഴിക്കാമല്ലോ’, മനോജ്‌ പറയുന്നു.

ജീവിതത്തിലെ പല പ്രയാസങ്ങളും താണ്ടി സിനിമ മേഖലയിൽ എത്തിയപ്പോഴുണ്ടായ പുതിയ മാറ്റങ്ങളെ കുറിച്ചും മനോജ്‌ അഭിമുഖത്തിൽ പറഞ്ഞു .

മികച്ച സിനിമകളുടെ ഭാഗമാവാൻ തുടങ്ങിയപ്പോൾ അതനുസരിച്ച് സിനിമ മേഖലയിലും തനിക്ക് പരിഗണന ലഭിക്കുന്നുണ്ടെന്ന് മനോജ്‌ കൂട്ടിചേർത്തു. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മനോജ് പുത്തൻ പുതിയ ചലച്ചിത്രമായ ചാവേറിലും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Actor Manoj shares his Life experience Before Entering The Cinema

We use cookies to give you the best possible experience. Learn more