| Thursday, 5th October 2023, 6:35 pm

'ലോക്കല്‍ബസില്‍ കയറിയും നടന്നും ലൊക്കേഷനില്‍ എത്തിയ എനിക്ക് അതേ സിനിമയുടെ ഡബ്ബിങ് ആയപ്പോഴേക്കും എ.സി ടിക്കറ്റ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വളരെ ചുരുങ്ങിയ ചിത്രങ്ങളിൽ തന്റെ വ്യത്യസ്തമായ പ്രകടനത്തിലൂടെ വലിയരീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത നടനാണ് മനോജ്‌ കെ. യു.
തിങ്കളാഴ്ച നിശ്ചയമെന്ന ചിത്രമാണ് മനോജിനെ മലയാളികൾക്കിടയിൽ സുപരിചിതനാക്കിയത്.

ഈ വർഷമിറങ്ങിയ പ്രണയ വിലാസത്തിലെ രാജീവൻ എന്ന കഥാപാത്രം വലിയ രീതിയിൽ മലയാളികൾ ഏറ്റെടുത്തിരുന്നു.

സിനിമയിലെത്തുന്നതിന് മുൻപ് നാടക രംഗത്തും മനോജ്‌ നിറസാന്നിധ്യമായിരുന്നു.

‘ഞാൻ ക്യൂ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. പിന്നെ അതിൽ നിന്ന് മാറി സീറ്റിൽ ഇരുന്നു കഴിച്ചിട്ടുണ്ട്. സിനിമയിൽ എനിക്ക് വന്ന മാറ്റങ്ങൾ ഞാൻ എല്ലാ തരത്തിലും അനുഭവിച്ചിട്ടുണ്ട് ‘.
സിനിമയിലെ ഓരോ ഉയർച്ചയും തന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് പറയുകയാണ് മനോജ്‌. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മനോജ്‌.
ഒരു സിനിമയിൽ നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് താരം.

‘ ഞാൻ സിനിമയുടെ പേരൊന്നും പറയില്ല, ഒരു സിനിമയിൽ ചെറിയൊരു വേഷം അഭിനയിക്കാൻ ഞാൻ പോയിരുന്നു. കൊറോണ സമയത്ത് ഷൂട്ട്‌ ചെയ്ത ആ സിനിമ കുറേ കാലം കഴിഞ്ഞാണ് റിലീസ് ആയത്. തലശ്ശേരിയിൽ നിന്ന് ഒരുപാട് ഉള്ളിലോട്ടായിരുന്നു സിനിമയുടെ ഷൂട്ട്‌. അവരിങ്ങനെ വിളിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു ലോക്കൽ ബസിൽ കയറി തലശ്ശേരി ഇറങ്ങി പിന്നെ ഒരു ബൈക്കിലൊക്കെയാണ് രാത്രി അവിടെ എത്തിയത്. ഷൂട്ട്‌ കഴിഞ്ഞു തിരിച്ചു തലശ്ശേരി ഇറക്കിതരാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ നോക്കാം എന്ന് പറഞ്ഞെങ്കിലും ഒടുവിൽ ഞാൻ പ്രൊഡക്ഷൻ ഫുഡ്‌ കൊണ്ട് വന്ന വണ്ടിയിലാണ് തിരികെ പോയത്. അതിന് ശേഷമാണ് കൊറോണ വന്നത് ‘. മനോജ്‌ പറയുന്നു.

“ആ സിനിമയുടെ ഡബ്ബിങ്ങിന് ഞാൻ പോവുന്നത് തിങ്കളാഴ്ച നിശ്ചയവും പ്രണയ വിലാസവും എല്ലാം റിലീസ് ആയതിനു ശേഷമാണ്. അപ്പോൾ എനിക്കായി ടു ടൈർ എ സി ടിക്കറ്റും എന്നെ കൊണ്ട് പോവാൻ ഒരാളെയുമെല്ലാം ആ സിനിമ പ്രവർത്തകർ അയച്ചിരുന്നു. അവർ അന്ന് എന്റെ സൗകര്യം മാത്രമാണ് നോക്കിയത്. ഇതാണ് സിനിമ. ഞാൻ ഇതെല്ലാം അനുഭവിച്ചു വന്നയാളാണ്. ഒരേ സിനിമയിലെ രണ്ട് അനുഭവമാണ് ഞാൻ പറയുന്നത് “, മനോജ്‌ പറയുന്നു.

‘ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഇപ്പോൾ അത്യാവശ്യം സ്ഥാനം സിനിമയിൽ കൊടുക്കുന്നുണ്ട്, ഇപ്പോൾ എല്ലാർക്കും വെള്ളം കുടിക്കാൻ കുപ്പി ഗ്ലാസ്‌ ആയി’ (ചിരിക്കുന്നു ).

സിനിമയിലേക്ക് താൻ എത്തി ചേർന്ന വഴിയേ കുറിച്ചായിരിന്നു മനോജ്‌ അഭിമുഖത്തിലുടനീളം സംസാരിച്ചത്. ടിനു പാപ്പച്ചൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ ചാവേറിൽ ഒരു മുഴുനീള വേഷത്തിലാണ് മനോജ്‌ എത്തുന്നത്.

Content Highlight : Actor Manoj  Shares His Experience From a Movie

We use cookies to give you the best possible experience. Learn more