കൊച്ചി: മികച്ച കഥാപാത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച നടനാണ് മനോജ് കെ. ജയന്‍. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗ്ഗം സിനിമയിലെ കുട്ടന്‍ തമ്പുരാനായി എത്തി പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മനോജ് കെ. ജയന്‍ കോമഡിയും സ്വഭാവ വേഷങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയും ചെയ്തു.
തന്റെ അടുത്ത സുഹൃത്തായ നടന്‍ വിനീതിനെപ്പറ്റി കുറച്ച് വര്‍ഷം മുമ്പ് മനോജ് പറഞ്ഞ വാക്കുകള്‍ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കപ്പ ടി.വി പരിപാടിക്കിടെയാണ് അദ്ദേഹം വിനീതിനെപ്പറ്റി വാചാലനായത്.
”വിനീത് ഒന്നും നമ്മളില്‍ നിന്ന് ആഗ്രഹിക്കാത്ത വ്യക്തിയാണ്. വളരെ ആത്മാര്‍ത്ഥതയുള്ള നടനാണ്. അവനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. അവന്‍ ഒരു മിനി പ്രേം നസീറാണ്.
ആരെയും വേദനിപ്പിക്കില്ല. ഞാന്‍ ഇപ്പോള്‍ ഒരാളെ കുറ്റം പറഞ്ഞാല്‍ അവന്‍ പറയും മനോജ് പോട്ടെ മനോജ്, അത് വിട് എന്നൊക്കെ പറയും. പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷം എന്നൊക്കെ പറഞ്ഞ് വിഷയം മാറ്റും.
അങ്ങനെ ആരെക്കുറിച്ചും കുറ്റം പറയില്ല. അവന്റെ നൃത്തത്തോട് കാണിക്കുന്ന അര്‍പ്പണ മനോഭാവം, ആത്മാര്‍ത്ഥത എന്നിവയൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഒരു യഥാര്‍ത്ഥ കലാകാരനാണ് വിനീത്,’ മനോജ് പറയുന്നു.
1987ല്‍ റിലീസായ ‘എന്റെ സോണിയ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു മനോജിന്റെ സിനിമാഭിനയത്തിന്റെ തുടക്കം. പിന്നീട് മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്‌തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.
1990-ല്‍ റിലീസായ പെരുന്തച്ചന്‍ 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകള്‍ മനോജിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയ സിനിമകളാണ്.
സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ് കെ. ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
സര്‍ഗ്ഗം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും കുട്ടന്‍ തമ്പുരാനെ അവതരിപ്പിച്ചത് മനോജ് കെ. ജയനാണ്. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു.
ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക പ്രീതിയാര്‍ജിച്ച ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.