| Friday, 23rd July 2021, 2:24 pm

ഭരതനും ഹരിഹരനും എം.ടിയും എന്നില്‍ കണ്ട ക്വാളിറ്റി മറ്റ് പല സംവിധായകരും കണ്ടിട്ടില്ല; മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഹരിഹരന്‍, ഭരതന്‍, എം.ടി., സന്തോഷ് ശിവന്‍ എന്നിവര്‍ തന്നെ കണ്ടതുപോലെ കാണാന്‍ മറ്റ് പലര്‍ക്കും കഴിഞ്ഞില്ലെന്ന് പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍. കുറച്ച് വര്‍ഷം മുമ്പ് കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മനോജ് മനസ്സുതുറന്നത്.

‘ഒരുപരിധി വരെ എന്നേ പറയാന്‍ പറ്റുള്ളു. ഈ പറഞ്ഞ സംവിധായകര്‍ എന്നില്‍ കണ്ട ക്വാളിറ്റി, വിശ്വാസം എന്നിവ മറ്റ് പലരും എന്നില്‍ കണ്ടിട്ടില്ല. സത്യമാണ്.

എന്തുകൊണ്ടാണ് അതെന്നറിയില്ല. അവരോട് തന്നെ ചോദിക്കണം. മലയാളത്തില്‍ പ്രഗത്ഭരായ ഒരുപാട് സംവിധായകരുണ്ട്. എന്നാല്‍ അടുത്തകാലത്തൊന്നും ഒരു അവാര്‍ഡ് നേടിത്തരുന്ന കഥാപാത്രങ്ങള്‍ അവര്‍ എനിക്ക് തന്നിട്ടില്ല. അതിന് ഒരു ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍ എന്ന പുതുമുഖ സംവിധായകന്‍ വേണ്ടി വന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

1987ല്‍ റിലീസായ ‘എന്റെ സോണിയ’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്ത് കൊണ്ടായിരുന്നു മനോജിന്റെ സിനിമാഭിനയത്തിന്റെ തുടക്കം. പിന്നീട് മാമലകള്‍ക്കപ്പുറത്ത് എന്ന സിനിമയില്‍ പ്രധാന കഥാപാത്രം ചെയ്തെങ്കിലും സിനിമ പുറത്തിറങ്ങിയില്ല.

1990-ല്‍ റിലീസായ പെരുന്തച്ചന്‍, 1992-ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകള്‍ മനോജിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായി മാറിയ സിനിമകളാണ്.

സര്‍ഗ്ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രം അവതരിപ്പിച്ച മനോജ് കെ. ജയന് 1992-ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.

സര്‍ഗ്ഗം തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും കുട്ടന്‍ തമ്പുരാനെ അവതരിപ്പിച്ചത് മനോജ് കെ. ജയനാണ്. തുടര്‍ന്നിങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ നായകനായിട്ടും ഉപനായകനായും വില്ലനായിട്ടും അഭിനയിച്ചു.

ചമയം, വെങ്കലം, അനന്തഭദ്രം, പഴശ്ശിരാജ എന്നീ സിനിമകളില്‍ പ്രേക്ഷക പ്രീതിയാര്‍ജിച്ച ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actor Manoj K Jayan Opens About Directors

Latest Stories

We use cookies to give you the best possible experience. Learn more