| Monday, 9th January 2023, 5:31 pm

ഞാന്‍ കുഴച്ചുമറിച്ചിട്ട കേടായ ഭക്ഷണം കളയാതിരിക്കാന്‍ ലാലേട്ടന്‍ കഴിച്ചു, പ്ലേറ്റില്‍ ഒന്നും കാണില്ല, വടിച്ച് കഴിക്കും: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിക്കുന്ന ഭക്ഷണത്തിലെ ഒരു അരിമണി പോലും പാഴാക്കാത്ത വ്യക്തിയാണ് മോഹന്‍ലാലെന്ന് മനോജ്. കെ. ജയന്‍. താന്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കി കളയാന്‍ നിന്നപ്പോള്‍ അത് മൊത്തം മോഹന്‍ലാല്‍ കഴിച്ചിട്ടുണ്ടെന്നാണ് മനോജ്. കെ. ജയന്‍ പറഞ്ഞത്. ഭക്ഷണം പാഴാക്കാന്‍ പാടില്ലെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടെന്നും നടന്‍ പറഞ്ഞു.

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് മനോജ്.കെ.ജയന്‍ താന്‍ കഴിക്കാനായി കുഴച്ചിട്ട കേടായ ഭക്ഷണം കളയാതിരിക്കാന്‍ മോഹന്‍ലാല്‍ കഴിച്ചത്. മോഹന്‍ലാലിനെ പോലെ ഒരാള്‍ തന്റെ ഭക്ഷണത്തിന്റെ ബാക്കി കഴിച്ചതിനെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും അതിന് ശേഷം ഭക്ഷണം പാഴാക്കിയിട്ടില്ലെന്നും മനോജ്. കെ. ജയന്‍ പറഞ്ഞു. സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് മനോജ്.കെ.ജയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലാലേട്ടന്‍ കഴിക്കുന്ന ഭക്ഷണം ഒന്നും കളയില്ല. ഒരു അരിമണി പോലും അദ്ദേഹം പാഴാക്കില്ല. അതുപോലെ ലാലേട്ടന്‍ കഴിച്ച പ്ലേറ്റ് ചിലപ്പോള്‍ അറിയാതെ എടുത്ത് നമ്മള്‍ അതില്‍ കഴിച്ച് പോകും. കാരണം പുതിയ പ്ലേറ്റാണെന്ന് വിചാരിക്കും. അത്രക്ക് നീറ്റായിട്ടാണ് ആ പ്ലേറ്റ് ഉണ്ടാവുക.

ഒന്നും കാണില്ല, എല്ലാം പുള്ളി വടിച്ച് നക്കി വെക്കും. കറിവേപ്പില ഉണ്ടെങ്കില്‍ അത് എടുത്ത് ഡിസൈന്‍ ചെയ്ത് വെക്കും. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു ബുക്കില്‍ ഞാന്‍ ഇക്കാര്യം എഴുതിയിട്ടുണ്ട്. ലാലേട്ടന്റെ കൂടെയുള്ള ഭക്ഷണ എക്‌സ്പീരിയന്‍സ്.

സാഗര്‍ ഏലിയാസ് ജാക്കിയുടെ ഷൂട്ടിങ് കോവളത്ത് നടക്കുമ്പോള്‍ ഒരു സംഭവം ഉണ്ടായി. ആളുകള്‍ വരുമ്പോഴേക്കും ഷൂട്ട് ചെയ്യണമായിരുന്നു. സമയം കുറേ ആയിട്ടും ബ്രേക്ക് പറഞ്ഞിട്ടില്ലായിരുന്നു. അന്ന് ഞാന്‍ കൂടെ ഇരുന്ന് കഴിച്ചു.

അദ്ദേഹം വേഗം എടുത്ത് കഴിക്കാന്‍ തുടങ്ങി. ഞാന്‍ മെല്ലെ മെല്ലെ എടുത്ത് കഴിക്കാന്‍ തുടങ്ങിയതെ ഉള്ളു. എനിക്ക് ഒരു സ്വഭാവം ഉണ്ട് ചെറുതായിട്ട് ഒന്ന് ചീത്തയായാല്‍ ഞാന്‍ കഴിക്കില്ല. നോക്കുമ്പോള്‍ ചമ്മന്തി ചീത്ത ആയിട്ടുണ്ട്. ഞാന്‍ കഴിക്കാതിരിക്കുന്നത് കണ്ടിട്ട് ലാലേട്ടന്‍ ശ്രദ്ധിച്ചു. കാരണം ചോദിച്ചു. ആകെ കേടായിട്ട് ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. പുള്ളി അത് സമ്മതിച്ചില്ല. കാരണം മൊത്തം അദ്ദേഹം കഴിക്കുന്നുണ്ട്. ഭക്ഷണം കളയരുതെന്ന് പറഞ്ഞിട്ട് എന്നെ കുറേ ചീത്ത പറഞ്ഞു. കളയാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ എന്റെ കയ്യില്‍ നിന്നും പ്ലേറ്റ് വാങ്ങി അദ്ദേഹം കഴിച്ചു.

ഞാന്‍ ആകെ കുഴച്ചുമറിച്ചിട്ടതാണ്. ഭക്ഷണം പാഴാക്കരുതെന്ന് പറഞ്ഞിട്ടാണ് അദ്ദേഹം അത് കഴിച്ചത്. മഹാനടനായ ലാലേട്ടന്‍ അത് മുഴുവന്‍ കഴിച്ചു. ഭക്ഷണം പാഴാക്കരുതെന്ന് പറഞ്ഞു. അത് എനിക്ക് വലിയ ലെസണായിരുന്നു.

എന്റെ ഭാര്യയോ അമ്മയോ ബാക്കി കഴിക്കും. പക്ഷെ ലാലേട്ടനെ പോലെ ഒരാള്‍ കഴിച്ചത് ഭയങ്കര പ്രാധാന്യത്തോടെയാണ് ഞാന്‍ ലൈഫില്‍ ഉള്‍പ്പെടുത്തിയത്. അതിന് ശേഷം ഞാന്‍ പാഴാക്കിയിട്ടില്ല,” മനോജ്. കെ. ജയന്‍ പറഞ്ഞു.

content highlight: actor manoj. k.jayan about mohanlal

We use cookies to give you the best possible experience. Learn more