| Friday, 7th January 2022, 8:38 pm

സംവിധായകന്‍ അന്നത് പറഞ്ഞില്ലെങ്കില്‍ തലക്കല്‍ ചന്തു ഉണ്ടാവുമായിരുന്നില്ല; പഴശ്ശിരാജയിലെ വിശേഷങ്ങള്‍ പങ്കുവെച്ച് മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ കണ്ട ഏറ്റവും മികച്ച ചരിത്രസിനിമകളിലൊന്നാണ് കേരളവര്‍മ പഴശ്ശിരാജ. മമ്മൂട്ടി നായകനായെത്തി മലയാളികളെ ത്രസിപ്പിച്ച ചിത്രത്തില്‍ ശരത് കുമാറും സുരേഷ് കൃഷ്ണയും മനോജ് കെ. ജയനുമടക്കം ഒട്ടേറെ താരങ്ങള്‍ അണിനിരന്നിരുന്നു.

ഇപ്പോഴിതാ സിനിമയില്‍ തലക്കല്‍ ചന്തുവായെത്തി കൈയടി നേടിയ മനോജ് കെ. ജയന്‍ താന്‍ ആ ചിത്രത്തിന്റെ ഭാഗമായതിനെ കുറിച്ചും, ആ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും ചിത്രത്തിലെ മറ്റ് വിശേഷങ്ങളെ കുറിച്ചും സംസാരിക്കുകയാണ്.

കാന്‍ ചാനലിനോടാണ് താരം മനസു തുറക്കുന്നത്.

‘സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായിട്ടാണ് ആദ്യം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയുടെ പൂജയുടെ സമയത്തും, എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു,’ താരം പറയുന്നു.

അങ്ങനെയിരിക്കെയാണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, വേഷത്തെ കുറിച്ച എനിക്കൊരു പേടിയുണ്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

‘എന്നാല്‍ സംവിധായകന്‍ പറഞ്ഞു കഥയില്‍ ഏറെ പ്രധാന്യമുള്ള കഥാപാത്രമാണ്, പഴശ്ശിരാജയ്ക്ക് ഏറ്റവും സപ്പോര്‍ട്ടീവായ കുറിച്യ തലവനാണ്. അദ്ദേഹത്തിന്റെ പേരില്‍ ക്ഷേത്രം വരെയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാവുമല്ലോ എത്ര മഹിമയുള്ള ക്യാരക്ടറാണെന്ന്. നമുക്ക് അത് ചെയ്യാം, മറ്റേത് വേറെ ആരെങ്കിലും ചെയ്യട്ടെ എന്നായിരുന്നു ഹരിഹരന്‍ സാര്‍ പറഞ്ഞത്,’ താരം പറയുന്നു.

ഹരിഹരന്‍ സാറിനെ പോലെ ഒരു സംവിധായകന്റെ മനസില്‍ ഒരേ സമയം തമ്പുരാനായും ആദിവാസിയായും കാസ്റ്റ് ചെയ്യപ്പെടുക എന്നത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്നും തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണെന്നും താരം പറയുന്നു.

അതേസമയം, കുതിരസവാരി പഠിക്കണ്ടല്ലോ എന്ന ആശ്വാസമായിരുന്നു തനിക്കെന്നും എന്നാല്‍ അതിലും വലുതാണ് വരാനുണ്ടായിരുന്നതെന്നുമാണ് താരം പറയുന്നത്. കാട്ടിലൂടെ ഓടി മറിയാനും വള്ളിയില്‍ പിടിച്ച് തൂങ്ങാനും അമ്പും വില്ലും ഉപയോഗിക്കാനുമൊക്ക ചന്തുവിനുണ്ടായിരുന്നു. എം.ടി. സാര്‍ എഴുതിവെച്ചത് ‘തലക്കല്‍ ചന്തുവിന് കാട് കളിത്തൊട്ടിലാണെന്നാണ്’ മനോജ് പറയുന്നു.

അങ്ങനെ ഷൂട്ടിംഗ് തുടങ്ങി, കണ്ണവം കാട്ടില്‍ വെച്ചായിരുന്നു ഷൂട്ടിംഗ്. ആ കാട്ടില്‍ വെച്ച് ആദ്യദിവസം തന്നെ ബ്രിട്ടീഷുകാരുമായുള്ള ചേസിംഗ് ആണ് പ്ലാന്‍ ചെയ്തത്.

ടേക്കിന് മുമ്പ് പ്രാക്ടീസ് എന്ന നിലയ്ക്ക് ത്യാഗരാജന്‍ മാസ്റ്റര്‍ എന്നെ മരത്തില്‍ പിടിച്ച് കയറ്റി, അവിടുന്ന് ഊര്‍ന്നിറങ്ങി, എന്റെ കയ്യിലെ തൊലിയെല്ലാം പൊളിഞ്ഞ് പാളീസായി, അയ്യോ വയ്യായേ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. ടേക്ക് പോലും എടുത്തിട്ടില്ല എന്നോര്‍ക്കണം. അതിനിടയ്ക്കാണ് ഇത്രയൊക്കെ സംഭവിച്ചത്.

അതിനിടെ ഒരു തീരുമാനമെടുത്തു, വലിയ തീരുമാനം എന്തു വന്നാലും ഈ ചിത്രത്തില്‍ നിന്നും ഒഴിയുന്നു. കാരണം തലക്കല്‍ ചന്തു ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്കില്ലായിരുന്നു.

ഹരിഹരന്‍ സാറിന്റെ മുന്നില്‍ നേരിട്ട് ഈ വിഷയം അവതരിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു, അങ്ങനെ അസോസിയേറ്റ് ഡയറക്ടറായ ബാബുവേട്ടനോടാണ് ഇക്കാര്യം പറഞ്ഞത്. ബാബുവേട്ടന്‍ ബോധം കെട്ട് വീണില്ല എന്നേ ഉള്ളൂ. ഞാന്‍ ചെയ്താല്‍ ഈ ക്യാരക്ടര്‍ നന്നാവില്ലെന്നായിരുന്നു എന്റെ കണ്‍സേണ്‍.

ഇക്കാര്യം ഒന്ന് ഹരിഹരന്‍ സാറിന്റെ അടുത്ത് അവതരിപ്പിക്കാന്‍ ഞാന്‍ ബാബുവേട്ടനോട് പറഞ്ഞു. പുള്ളി പറഞ്ഞു എന്നെക്കൊണ്ട് പറ്റില്ല. അങ്ങനെ അവസാനം മടിച്ച് മടിച്ച് ബാബുവേട്ടന്‍ ഹരിഹരന്‍ സാറിനോട് പറഞ്ഞു.

സാര്‍ എന്നെ വിളിപ്പിച്ചു, എന്നിട്ട് പറഞ്ഞു ‘മനോജേ, നിങ്ങളെ കുട്ടന്‍ തമ്പുരാനാക്കിയ ആളാണ് ഞാന്‍, അങ്ങനെയാക്കാന്‍ എനിക്ക് റിസ്‌ക് എടുക്കാമെങ്കില്‍ നിങ്ങള്‍ ഇതും ചെയ്തിരിക്കും.’

അങ്ങനെ സംവിധായകന്‍ എടുത്ത റിസ്‌കാണ് തലക്കല്‍ ചന്തു എന്ന ക്യാരക്ടര്‍. ആ സിനിമയിലഭിനയിക്കാത്ത ആക്ടേഴ്‌സില്ല, എന്നിട്ടും ആ സിനിമയിലെ സ്‌റ്റേറ്റ് അവാര്‍ഡ് നേടിയ ഏക മെയ്ല്‍ ആക്ടര്‍ ഞാനാണ്. ബെസ്റ്റ് സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ്, താരം പറയുന്നു.

ചിത്രത്തിന്റെ മികച്ച വിജയത്തോടെ വേര്‍സറ്റൈല്‍ ആക്ടര്‍ എന്ന പേര് ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിക്കാന്‍ മനോജ് കെ. ജയന് സാധിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Manoj K Jayan about his role Thalakakl Chandu in Pazhassiraja

We use cookies to give you the best possible experience. Learn more