| Friday, 3rd March 2023, 10:09 am

ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണ്; കൂടുതല്‍ ശക്തരാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണവര്‍: മനോജ് ബാജ്‌പേയ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വാക്കാണ് നെപ്പോട്ടിസം. സിനിമാ കുടുംബങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കി നെപ്പോട്ടിസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നപേരില്‍ നിര്‍മാതാവ് കരണ്‍ ജോഹറിന്റെ പേര് എപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. സുശാന്തിന്റെ മരണശേഷം ഇത്തരം ചര്‍ച്ചകള്‍ ബി ടൗണില്‍ ശക്തമായി.

അടുത്തിടെ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മനോജ് ബാജ്‌പേയ് സംസാരിക്കവെ നെപ്പോട്ടിസത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത്തരത്തില് കുറച്ചുപേര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നത് വ്യക്തി ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ചെയ്യട്ടേയെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണ്. മിക്കപ്പോഴും, അത് ഒരാള്‍ കെട്ടിപ്പടുക്കുന്ന ബന്ധങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഒരാള്‍ക്ക് അവരുടെ ചുറ്റുമുള്ളവരുമായി ഇടപഴുകുമ്പോള്‍ നന്നായി തോന്നുന്നുവെങ്കില്‍ അവരുമായി കൂടുതല്‍ സഹകരിക്കാന്‍ ആഗ്രഹിക്കും. അയാള്‍ക്ക് പകരം ഒരു ബന്ധുവിനെ സിനിമയില്‍ കൊണ്ടുവരാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കട്ടെ. അത് അവരുടെ ഇഷ്ടമായതിനാല്‍ അതുപോലെ ചെയ്യട്ടെയെന്നാണ് നടന്‍ പറയുന്നത്.

സിനിമ പ്രദര്‍ശിപ്പിക്കപ്പെടുന്ന രീതിയാണ് പ്രധാന പ്രശ്നം. പലപ്പോഴും, അവര്‍ മുന്‍വിധികളോടെയാണ് പ്രവര്‍ത്തിക്കുക. സിനിമാ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 100 സ്‌ക്രീനുകളില്‍ 25 എണ്ണമെങ്കിലും മറ്റേയാള്‍ക്ക് നല്‍കൂ. തങ്ങള്‍ കൂടുതല്‍ ശക്തരാണെന്ന് സ്വയം സ്ഥാപിക്കാന്‍ ആഗ്രഹിക്കുകയാണവര്‍. ട്വിറ്ററില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുകയും പിന്നീട് ജോലിയില്‍ നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്,’ മനോജ് വാജ്‌പേയ് പറഞ്ഞു.

content highlight: actor manoj bajpayee about nepotism in indian cinema

We use cookies to give you the best possible experience. Learn more