ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോമഡി സീന്‍ അതാണെന്ന് പ്രിയന്‍ പറയും, ഒറ്റ ടേക്കിലാണ് ഞാന്‍ അത് ചെയ്തത്: മണിയന്‍പിള്ള രാജു
Entertainment news
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോമഡി സീന്‍ അതാണെന്ന് പ്രിയന്‍ പറയും, ഒറ്റ ടേക്കിലാണ് ഞാന്‍ അത് ചെയ്തത്: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th February 2023, 9:33 am

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയാണ് മിന്നാരം. മണിയന്‍പിള്ള രാജു കുറച്ച് സീനുകളില്‍ മാത്രമാണ് സിനിമയില്‍ വന്ന് പോകുന്നത്. എന്നാല്‍ സിനിമയിലെ ആ സീനാണ് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്നത്. ആ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു.

ഒറ്റ ടേക്കിലാണ് താന്‍ ആ സീന്‍ പൂര്‍ത്തിയാക്കിയതെന്നും ഷൂട്ട് കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോമഡി സീന്‍ അതാണെന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നതെന്നും കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍പിള്ള രാജു പറഞ്ഞു.

‘ഞാന്‍ അഭിനയിച്ചതില്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടൊരു സീനുണ്ട്. മിന്നാരത്തിലെ കുഞ്ഞിന്റെ പേര് മല, മല എന്നുപറയുന്ന സീനാണത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച കോമഡി സീനാണ് അതെന്നാണ് പ്രിയന്‍ പറയുന്നത്.

സിനിമയുടെ ഷൂട്ടിന് വേണ്ടി ഞാന്‍ ലൊക്കേഷനില്‍ ചെന്നു. അപ്പോഴേക്കും അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യില്‍ നിന്നും പേനയും പേപ്പറുമായി തൂണില്‍ ചാരിവെച്ച് എന്തൊക്കെയോ കുത്തികുറിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി വന്ന് പറഞ്ഞു ഷോട്ടെടുക്കാറായെന്ന്. തുടങ്ങിക്കോ ഞാന്‍ വന്നേക്കാമെന്ന് പ്രിയന്‍ പറഞ്ഞു.

എനിക്ക് ഇടാനുള്ള ഷര്‍ട്ടിന്റെ കാര്യവും ക്യാമറ എങ്ങനെ വെക്കണമെന്നുമൊക്കെ പറഞ്ഞുകൊടുക്കുകയും ചെയ്തു. പിന്നെ പുള്ളി സീന്‍ മുഴുവന്‍ എഴുതി കഴിഞ്ഞ് ബോര്‍ഡ് അസിസ്റ്റന്റ് ഡയറക്ടറുടെ കയ്യില്‍ കൊടുത്തു. എന്നിട്ട് എന്നോട് പറഞ്ഞു, എടാ നിന്നെ ഇത്രയും രൂപക്ക് ബുക്ക് ചെയ്തിരിക്കുന്നത് ഈ ഒറ്റ സീന്‍ ചെയ്യുന്നതിന് വേണ്ടി മാത്രമാണെന്ന്.

കറക്ട് പത്ത് പത്തരയായപ്പോള്‍ എന്റെ സീനെടുക്കാന്‍ തുടങ്ങി. ആരും ഒന്നും പറഞ്ഞ് തരാതെ തന്നെ ഒറ്റ ടേക്കില്‍ ഞാന്‍ ആ സീന്‍ ഓക്കെയാക്കി. അപ്പോള്‍ എല്ലാവരു കയ്യടിച്ചു. തിലകന്‍ ചേട്ടന്‍, ശോഭന, മോഹന്‍ലാല്‍ തുടങ്ങിയവരാണ് ആസീനില്‍ അഭിനയിക്കുന്നത്. ഇത്രയും പേരുടെ മുമ്പില്‍ നിന്നുമാണ് ഞാന്‍ ആദ്യ ടേക്കില്‍ ശരിയാക്കുന്നത്.

അവര്‍ക്കൊന്നും ആ സീനില്‍ ഡയലോഗ് പോലുമില്ലായിരുന്നു. ചില അഭിനേതാക്കളാണെങ്കില്‍ ഡയലോഗില്ലെങ്കില്‍ വെറുതെ നിന്ന് ചൊറിയും. എന്നാല്‍ തിലകന്‍ ചേട്ടനൊക്കെ അവിടെ നന്നായി സഹകരിച്ചു. ഷൂട്ട് കഴിഞ്ഞ് പ്രിയന്‍ എന്നോട് പറഞ്ഞു, നീ നോക്കിക്കോ ഈ സീനായിരിക്കും തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ കയ്യടി വാങ്ങുന്നതെന്ന്,’ മണിയന്‍പിള്ള രാജു പറഞ്ഞു.

content highlight: actor maniyanpilla raju about minnaram movie