അതിന്റെ ആവശ്യമില്ല, ഞാന്‍ തനിയെ അഭിനയിച്ചോളാം അവന്‍ തനിയെ അഭിനയിക്കട്ടെ; ദുല്‍ഖറിനൊപ്പമുള്ള ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞത്‌
Film News
അതിന്റെ ആവശ്യമില്ല, ഞാന്‍ തനിയെ അഭിനയിച്ചോളാം അവന്‍ തനിയെ അഭിനയിക്കട്ടെ; ദുല്‍ഖറിനൊപ്പമുള്ള ചിത്രത്തെ പറ്റി മമ്മൂട്ടി പറഞ്ഞത്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 6th May 2022, 3:17 pm

അടുത്തിടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ച ദുല്‍ഖര്‍ വേ ഫെറര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മാണ മേഖലയിലും കൈവെച്ചു. 2012ല്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്ന അരങ്ങേറ്റം.

മമ്മൂട്ടിയുടെ യതൊരു പിന്തുണയമില്ലാതെയാണ് ദുല്‍ഖര്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. ഇതിനിടിയില്‍ ആരാധകര്‍ നിരന്തരം ഉന്നയിക്കുന്ന ചോദ്യമാണ് മമ്മൂട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം എന്നെത്തുമെന്നത്. എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് പറയുകയാണ് നടന്‍ മണിയന്‍പിള്ള രാജു.

മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിച്ച് ഒരു സിനിമക്കായി പലരും ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന്റെ ആവശ്യമില്ല എന്നാണ് മമ്മൂട്ടി പറയാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് സിനിമയാണ്, അവനവന്റെ കഷ്ടപ്പാടിലൂടെയും അഭിനയത്തിലൂടെയും മാത്രമേ വരാന്‍ പറ്റൂ. ഞാനൊക്കെ അങ്ങനെ വന്നതാണ്. ഞാന്‍ റെക്കമന്റ് ചെയ്ത് മകന്‍ ഒരു സിനിമയില്‍ വന്നിട്ടില്ല. ഇനി വരികയുമില്ല. അവനെ വെച്ച് ഫൈനല്‍സും ബ്ലാക്ക് ബട്ടര്‍ഫ്ളൈസും പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. പക്ഷേ മറ്റൊരാളെ വിളിച്ച് വേഷം കൊടുക്കണമെന്ന് പറഞ്ഞിട്ടില്ല. അവന് കഴിവുണ്ടെങ്കില്‍ ആള്‍ക്കാര്‍ വിളിക്കും.

മറ്റൊരു കാര്യം കൂടി പറയാം. വലിയ നടനാണ് മമ്മൂട്ടി. ഇത്രയും നാളായിട്ട് ദുല്‍ഖറിനെ വെച്ചൊരു പടം എടുക്കെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പടമുണ്ട്, ഉഗ്രന്‍ സബ്ജക്ടാണ്, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനുമാണെന്ന് പറഞ്ഞാല്‍ ഇല്ല, അതിന്റെ ആവശ്യമില്ല, ഞാന്‍ തനിയെ അഭിനയിച്ചോളാം അവന്‍ തനിയെ അഭിനയിക്കട്ടെ എന്നാണ് മമ്മൂട്ടി പറയുക. എത്ര പേര് ശ്രമിച്ചു എന്നറിയുമോ. മമ്മൂട്ടി റെക്കമന്‍ഡ് ചെയ്യത്തേയില്ല.

മമ്മൂട്ടിക്ക് തന്നെ അത്ഭുതമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്. ചെറുപ്പത്തില്‍ ഒന്നും അങ്ങനെ കാണിച്ചിട്ടില്ല. പക്ഷേ ദില്‍ഖര്‍ സിനിമയില്‍ ഭയങ്കര സക്സസ് ഫുള്ളായി,’ മണിയപിള്ള രാജു പറഞ്ഞു.

വരയന്‍ എന്ന ചിത്രമാണ് ഇനി മണിയന്‍പിള്ള രാജുവിന്റെ ഉടന്‍ പുറത്തിറങ്ങുന്ന ചിത്രം. സിജു വില്‍സന്‍ നായകനാകുന്ന ചിത്രത്തില്‍ ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ് 20 ന് ചിത്രം റിലീസ് ചെയ്യും.

Content Highlight: Actor Maniyan Pillai Raju says that there is no possibility of Mammootty and Dulquar teaming up for a movie