| Wednesday, 1st March 2023, 10:51 am

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അഭിനയിച്ചിട്ട് കാര്യമില്ല, സിനിമ നന്നാകണം: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ നന്നായില്ലെങ്കില്‍ ജനങ്ങള്‍ കാണാന്‍ പോവില്ലെന്ന് നടന്‍ മണിയന്‍പിള്ള രാജു. താന്‍ സിനിമ കാണാന്‍ പോകുന്നത് ഓണ്‍ലൈന്‍ റിവ്യൂ കണ്ടിട്ടല്ലെന്നും സിനിമ നല്ലതാണെന്ന് പരിചയമുള്ളവര്‍ പറയുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു.

രോമാഞ്ചവും ജയഹേയും കണ്ടിട്ട് തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ആ സിനിമകള്‍ നിര്‍മിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് കൊതി വന്നുവെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു പടം കൊള്ളാമെന്ന് എല്ലാവരും പറഞ്ഞാല്‍ ആ സിനിമ ഓടില്ല. പക്ഷെ ഈ പടം കൊള്ളില്ലെന്ന് പറഞ്ഞുകൊണ്ട് എല്ലാവരും എഴുതിയാല്‍ ആ സിനിമ കൊള്ളില്ല. ഉദാഹരണത്തിന് എന്നോട് ആരെങ്കിലും രോമാഞ്ചം കണ്ടോ, എന്ത് നല്ല പടമാണ്, കാണണം അളിയാ എന്നു പറഞ്ഞാല്‍ ഞാന്‍ പോയി കാണും.

കാരണം അത് കണ്ട അനുഭവത്തില്‍ നിന്നും ഒരാള്‍ സത്യസന്ധമായി പറഞ്ഞതാണ്. ഞാന്‍ പോയി കണ്ടു. പടം വളരെ നല്ലതായിരുന്നു. ജയ ജയ ഹേ ഇറങ്ങിയ സമയത്ത്, അണ്ണാ… സിനിമ കാണാന്‍ പോകണം. ചിരിച്ച് ചാകുമെന്ന് ഒരാള്‍ പറഞ്ഞു. അതാണ് പബ്ലിസിറ്റി. അല്ലാതെ ഞാന്‍ ഈ റിവ്യൂ ഒന്നും നോക്കിട്ടല്ല സിനിമ കാണാന്‍ പോകുന്നത്.

ജയ ഹേ ഞാന്‍ പോയി കണ്ടു. ചിരിച്ച് എന്റെ ആപ്പീസ് പൂട്ടി പോയി. എന്തൊരു നല്ല രസമുള്ള പടമാണെന്നോ. എനിക്ക് ആകെ കൊതി വന്നു. ആ പടമൊന്നും ഞാന്‍ എടുത്തില്ലല്ലോയെന്ന് കുറേ ചിന്തിച്ചു.

തമാശക്ക് ഇപ്പോഴും നല്ല പ്രാധാന്യം ഉണ്ട്. രോമാഞ്ചം ഇപ്പോള്‍ റെക്കോഡ് കളക്ഷനാണ്. നല്ല പടമാണെങ്കില്‍ ആരുടെയെങ്കിലും വായില്‍ നിന്ന് ആ ന്യൂസ് വെളിയില്‍ പോകും. ആളുകള്‍ അത് കണ്ടിരിക്കും.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും അഭിനയിക്കുന്ന ഒരു പടമെടുക്കുന്നു, പടം കണ്ടിട്ട് ആളുകള്‍ വെളിയില്‍ വന്നിട്ട് പോര, കൊള്ളൂലയെന്ന് പറഞ്ഞാല്‍ പിന്നെ ആരും കേറില്ല. ആദ്യം വേണ്ടത് ഡയറക്ടേഴ്‌സും ആക്ടേഴ്‌സും നല്ല പടം എടുക്കുകയെന്നതാണ്. അങ്ങനെയെങ്കില്‍ ആളുകള്‍ താനെ വന്നോളും,” മണിയന്‍പിള്ള രാജു പറഞ്ഞു.

content highlight: actor maniyan pillai raju about fim review

We use cookies to give you the best possible experience. Learn more