കൊച്ചി: നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് മണിയന്‍പിള്ള രാജു. 1975ല്‍ പുറത്തിറങ്ങിയ ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടത്തിലൂടെയാണ് രാജു സിനിമയിലെത്തുന്നത്.
1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം. ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെയാണ് സുധീര്‍ കുമാര്‍ എന്ന തന്റെ പേര് അദ്ദേഹം മണിയന്‍പിള്ളയെന്നാക്കിയത്.
250-ലധികം മലയാള സിനിമകളില്‍ അഭിനയിച്ച രാജു ചലച്ചിത്ര നിര്‍മാണ രംഗത്തും സജീവ സാന്നിധ്യമാണ്. 1988-ല്‍ റിലീസായ വെള്ളാനകളുടെ നാട് എന്ന സിനിമയാണ് രാജു ആദ്യമായി നിര്‍മാണം ചെയ്ത സിനിമ.
ഇപ്പോഴിതാ വെള്ളാനകളുടെ നാട് സിനിമ ഷൂട്ടിംഗിനിടയിലെ ഒരു അനുഭവം പറയുകയാണ് രാജു. കൗമുദി ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ സിനിമാ സെറ്റുകളില്‍ എല്ലാവര്‍ക്കും നല്ല ഭക്ഷണം കൊടുക്കണമെന്ന് തനിക്ക് നിര്‍ബന്ധമാണെന്ന് രാജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. സെറ്റുകളില്‍ കപ്പലണ്ടി മിഠായിയും രാജു വിതരണം ചെയ്യാറുണ്ട്.
‘വെള്ളാനകളുടെ നാടിലെ’ സെറ്റില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണിന് ശേഷം പായസം നല്‍കുമായിരുന്നു. ഇത് കണ്ട തിക്കുറിശ്ശി ചേട്ടന്‍ തനിക്ക് എന്ത് അഹങ്കാരമാണെന്ന് തന്നോട് ചോദിച്ചു. ഇത്രയും നല്ല ആഹാരം കൊടുത്തിട്ട് അതിന്റെ കൂടെ പായസം കൂടെ നല്‍കുന്നത് അഹങ്കാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് തനിക്ക് ഏറെ വിഷമമുണ്ടാക്കിയെന്ന് രാജു പറയുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം തന്നെ വിളിച്ച് സംസാരിച്ചു.
‘പായസം നല്‍കുന്നത് അഹങ്കാരമല്ലെന്നും മറിച്ച് പുണ്യപ്രവര്‍ത്തിയാണെന്നും പറഞ്ഞു. എന്നാല്‍ ഉച്ചയ്ക്ക് ആഹാരത്തിന് ശേഷം പായസം നല്‍കുന്നത് മൂലം എല്ലാവര്‍ക്കും മന്ദത അനുഭവപ്പെടുന്നതിന് ഇടയാക്കുമെന്നും ഉണര്‍വോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു,’ രാജു കൂട്ടിച്ചേര്‍ത്തു.
അതിന് ശേഷമാണ് സെറ്റുകളില്‍ കപ്പലണ്ടി കൊടുത്തു തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാനകളുടെ നാട് കൂടാതെ ഏയ് ഓട്ടോ, അനശ്വരം, കണ്ണെഴുതി പൊട്ടും തൊട്ട്, അനന്തഭദ്രം, ഛോട്ടാമുംബൈ, ഒരുനാള്‍ വരും, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്നിവയാണ് രാജു നിര്‍മിച്ച മറ്റ് ചിത്രങ്ങള്‍.