| Friday, 10th March 2023, 7:53 am

ദുല്‍ഖര്‍ നടനായത് മമ്മൂട്ടിക്ക് തന്നെ അത്ഭുതമാണ്, തനിയെ അഭിനയിക്കട്ടെയെന്നാണ് അദ്ദേഹം പറയുക: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ മകനായ നിരഞ്ജന് വേണ്ടി ഒരിക്കലും സിനിമയില്‍ റെക്കമന്‍ഡ് ചെയ്യില്ലെന്ന് നടന്‍ മണിയന്‍പിള്ള രാജു. സിനിമയിലേക്ക് കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും മാത്രമെ വരാന്‍ പാടുള്ളൂവെന്നും അര്‍ഹതയും കഴിവും ഉണ്ടെങ്കില്‍ തന്റെ മകനെ ആളുകള്‍ വന്നുവിളിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

മമ്മൂട്ടി ഒരിക്കല്‍ പോലും ദുല്‍ഖര്‍ സല്‍മാന് വേണ്ടി റെക്കമന്‍ഡ് ചെയ്തിട്ടില്ലെന്നും ദുല്‍ഖര്‍ നടനായത് മമ്മൂട്ടിക്ക് തന്നെ അത്ഭുതമാണെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ജാങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”വേറെയൊരു ജോലിയാണെങ്കില്‍ ഓക്കെ, ഇത് അഭിനയമാണ്. ഇതില്‍ അവനവന്റെ കഠിനാധ്വാനത്തിലൂടെയും കഷ്ടപ്പാടിലൂടെയും മാത്രമെ വരാന്‍ പറ്റുകയുള്ളൂ. ഞാന്‍ ഒക്കെ അങ്ങനെ വന്നതാണ്. ഞാന്‍ റെക്കമന്‍ഡ് ചെയ്തിട്ട് എന്റെ മോനെ ഒരു സിനിമയില്‍ ഇടുകയില്ല.

ഞാന്‍ അവനെ വെച്ചിട്ട് പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. അതല്ലാതെ വേറെയൊരാളെ വെച്ചിട്ട് മകന് ഒരു വേഷം കൊടുക്കുമോയെന്ന് ഞാന്‍ പറയില്ല. അവന് അര്‍ഹതയും കഴിവും ഉണ്ടെങ്കില്‍ അവനെ ആളുകള്‍ വന്ന് വിളിക്കും.

സിനിമയില്‍ ഒരാളെ ആവശ്യമുണ്ടെങ്കില്‍ അയാളുടെ വീട്ടുമുറ്റത്ത് കാവല്‍ കിടന്ന് പറയുന്ന പൈസക്ക് എടുക്കും. വിലയില്ലേല്‍ ഒരു പട്ടിപോലും തിരിഞ്ഞുനോക്കില്ല. ഇത്രയും വലിയ നടനാണ് മമ്മൂട്ടി. ഇത്രയും നാളായിട്ട് മകനായ ദുല്‍ഖറിനെ വെച്ചിട്ട് ഒരു പടമെടുക്കെന്ന് ഇന്ന് വരെ പറഞ്ഞിട്ടില്ല.

അടുത്തൊരു സിനിമയുണ്ട്, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് അഭിനയിക്കുമോയെന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാല്‍ ഇല്ല എന്നാണ് മമ്മൂട്ടി പറയുക. അതിന്റെ ആവശ്യമില്ല, ഞാന്‍ തനിയെ അഭിനയിക്കും അതുപോലെ അവനും തനിയെ അഭിനയിക്കട്ടെയെന്നാണ് മമ്മൂട്ടി പറയുക.

അവരെ രണ്ടുപേരെയും ഒരു പടത്തില്‍ കൊണ്ടുവരാന്‍ എത്രപേര് ട്രൈ ചെയ്തു എന്നറിയുമോ. മമ്മൂട്ടി റെക്കമന്‍ഡ് ചെയ്യില്ല. ദുല്‍ഖര്‍ നടനായത് അദ്ദേഹത്തിന് തന്നെ അത്ഭുതമാണ്. കാരണം ചെറുപ്പത്തില്‍ ഒന്നും അങ്ങനെ കാണിച്ചിട്ടില്ല. പക്ഷെ ദുല്‍ഖര്‍ വന്നു. അവന്‍ ഭയങ്കര സക്‌സസ് ആയി. ഇന്ന് പ്രധാനപ്പെട്ട നടന്മാരില്‍ ദുല്‍ഖറുമുണ്ട്. പക്ഷെ മമ്മൂട്ടി ഒരിക്കലും റെക്കമന്‍ഡ് ചെയ്യില്ല,” മണിയന്‍പിള്ള രാജു പറഞ്ഞു.

content highlight: actor maniyan pilla raju about dulquer salmaan

We use cookies to give you the best possible experience. Learn more